|    Mar 24 Sat, 2018 2:28 am
FLASH NEWS

ഷേക്‌സ്പിയര്‍ മലയാളത്തില്‍

Published : 24th April 2016 | Posted By: sdq

shekspiri 7

വി ആര്‍ ഗോവിന്ദനുണ്ണി

സ്ഥിരമായി വാര്‍ത്തയില്‍ സ്ഥാനം കരസ്ഥമാക്കാറുള്ള ചില മഹാപ്രതിഭാശാലികളുണ്ട്- സാഹിത്യത്തില്‍ വില്യം ഷേക്‌സ്പിയര്‍, സംഗീതത്തില്‍ ബീഥോവന്‍, ചിത്രകലയില്‍ വാന്‍ഗോഗ്, ശില്‍പകലയില്‍ മൈക്കലാഞ്ജലോ… അവരുടെ ജീവിതം, സംഭാവനകള്‍ തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ള നിറംപിടിപ്പിച്ചതോ അല്ലാത്തതോ ആയ കഥകളും വിവാദങ്ങളും സദാ പുറത്തുവന്നുകൊണ്ടിരിക്കും. ഈ ഏപ്രില്‍ 23ന് ഷേക്‌സ്പിയറുടെ 400ാം ചരമശതാബ്ദിയുടെ ഭാഗമായി കാംബ്രിജ് യൂനിവേഴ്‌സിറ്റി പ്രസ് ലോകമെമ്പാടുമുള്ള 300 ഷേക്‌സ്പിയര്‍ പണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹത്തെപ്പറ്റി സമ്പൂര്‍ണവും സമഗ്രവുമായ ഒരു റഫറന്‍സ് ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു എന്നതാണതില്‍ അവസാനത്തേത്. യൂനിവേഴ്‌സിറ്റി എട്ടു കൊല്ലമെടുത്ത് തയ്യാറാക്കിയ, രണ്ടു വാള്യങ്ങളുള്ള ‘കാംബ്രിജ് ഗൈഡ് ടു ദി വേള്‍ഡ്‌സ് ഓഫ് ഷേക്‌സ്പിയര്‍’ ആദ്യത്തെ രാജ്യാന്തര അന്തര്‍ശിക്ഷണ സംരംഭമാണ്.

നാടകീയമായ ജീവിതം
വിക്ടോറിയന്‍ ഭരണകാലത്തിലെ ഇംഗ്ലണ്ടില്‍ ലണ്ടനിലെ പ്രാന്തപ്രദേശമായ സ്ട്രാറ്റ്ഫഡ് അപോണ്‍ ഏവണില്‍ മേരി ആര്‍ഡന്റെയും ജോണിന്റെയും മകനായി ജനിച്ച വില്യം ഷേക്‌സ്പിയറിന് ദാരിദ്ര്യം കാരണം 15ാം വയസ്സില്‍ തന്നെ പഠനം നിര്‍ത്തേണ്ടിവന്നു. 18ാം വയസ്സില്‍ വിവാഹം, ഭാര്യ ആന്‍ ഹാത് വേ. ഒരു മകനും രണ്ടു പെണ്‍മക്കളുമുണ്ടായെങ്കിലും അസംതൃപ്തമായിരുന്നു വൈവാഹികജീവിതം. മകന്‍ ചെറുപ്പത്തില്‍ മരിച്ചു. മൂത്ത മകള്‍ സൂസന്നയുടെ പുത്രി എലിസബത്ത്. അവള്‍ക്ക് മക്കളുണ്ടായില്ല. രണ്ടാമത്തെ പുത്രി ജൂഡിത്തിന് മൂന്നു മക്കള്‍ ഉണ്ടായെങ്കിലും മൂന്നുപേരും ചെറുപ്പത്തിലേ മരിച്ചുപോയി.

അനുകരണങ്ങള്‍
അനുരൂപീകരണങ്ങള്‍
നടനായി തുടങ്ങി, നാടകകൃത്തായി മാറിയ ഷേക്‌സ്പിയര്‍ ഒട്ടാകെ 37 നാടകങ്ങളും 154 ഗീതകങ്ങളും രചിച്ചിട്ടുണ്ട്. പുറമെ 1700 പദസമുച്ചയങ്ങള്‍ അദ്ദേഹം നിത്യോപയോഗത്തിലുള്ള ഇംഗ്ലീഷ് ഭാഷയ്ക്കു സംഭാവന ചെയ്തിട്ടുണ്ട്. ‘ഒരു പേരിലെന്തിരിക്കുന്നു?’ (ംവമ’േ െശി മ ിമാല), ‘ജീവിക്കണോ അതോ മരിക്കണോ’ (ഠീ യല ീൃ ിീ േീേ യല), ‘പ്രേമത്തിന് കണ്ണില്ല’ (ഘീ്‌ല ശ െയഹശിറ), ‘മിന്നുന്നതെല്ലാം പൊന്നല്ല’ (അഹഹ വേമ േഏഹശേേലൃ െശ െിീ േഏീഹറ), ‘ലോകം ഒരു നാടകശാലയാണ്’ (അഹഹ വേല ംീൃഹറ ശ െമ േെമഴല), ‘ബ്രൂട്ടസേ നീയും’ (ഥീൗ ീേീ ആൃൗൗേ)െ, ‘ബ്രേക്കിങ് ദി ഐസ്’ (ആൃലമസശിഴ വേല ശരല), ‘എ ലാഫിങ് സ്റ്റോക്ക്’, (അ ഘമൗഴവശിഴ ടീേരസ) എന്നിവയ്ക്കു പുറമെ ‘അമേസ്‌മെന്റ്’ (അാമ്വലാലി)േ മുതല്‍ ‘വാച്ച് ഡോഗ്’ ണമരേവറീഴ വരെ നിരവധി വാക്കുകളും!
ഇംഗ്ലീഷ് ഭാഷ നമ്മുടെ നാട്ടില്‍ പ്രചരിച്ചകാലം മുതല്‍ ഷേക്‌സ്പിയര്‍ ഇവിടത്തെ കവികളെയും കഥാകാരന്മാരെയും നാടകകൃത്തുക്കളെയും ചലച്ചിത്രകാരന്മാരെയും സ്വാധീനിച്ചുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളുടെ നേരിട്ടുള്ള മൊഴിമാറ്റം തുലോം ദുഷ്‌കരമായതിനാല്‍ അവയുടെ അനുകരണവും സംഗ്രഹവും മറ്റും ആണ് ഇവിടെ  കൂടുതലായും നടന്നിട്ടുള്ളത്. ചിദംബര വാധ്യാരുടെ ‘കാമാക്ഷി ചരിതം’ (1882), ‘വര്‍ഷകാലകഥ’ (1886) എന്നിവ ഷേക്‌സ്പിയറുടെ ‘ആസ് യു ലൈക്കിറ്റ്’, ‘വിന്റേഴ്‌സ് ടെയില്‍’ എന്നിവയെ അവലംബമാക്കിയുള്ള നോവലുകളാണ്. വാധ്യാര്‍ തന്നെ ‘റിച്ചാര്‍ഡ് കകക’, ‘മക്ബത്’, ‘റോമിയോ ആന്റ് ജൂലിയറ്റ്’, ‘ട്വെല്‍ഫ്ത് നൈറ്റ്’ എന്നിവയുടെ
അനുരൂപീകരണങ്ങളും (അറമുമേശേീി)െ പുറത്തിറക്കിയിരുന്നു. ഉമ്മന്‍ പീലിപ്പോസിന്റെ ‘ആള്‍മാറാട്ടം’ (1886) ‘കോമഡി ഓഫ് എറേഴ്‌സി’ന്റെ തനിയാവര്‍ത്തനമായിരുന്നു. ‘ഒഥല്ലോ’ ആയിരുന്നു കൈനിക്കര കുമാരപിള്ളയുടെ ‘ദുരന്ത ദുശ്ശങ്ക’യ്ക്ക് (1932) അവലംബം. അതിനുമുമ്പ് 1907ല്‍ ‘എ മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീമി’നെ ആധാരമാക്കി ഉണ്ണികൃഷ്ണവാരിയരും 1910ല്‍ ‘റോമിയോ ആന്റ് ജൂലിയറ്റി’നെ ആസ്പദമാക്കി വി ടി ശങ്കുണ്ണിമേനോനും 1919ല്‍ ‘ട്വെല്‍ഫ്ത് നൈറ്റി’നെ അവലംബമാക്കി സി പി തോമസും കഥാരചന നടത്തിയിരുന്നു.
ഷേക്‌സ്പിയറിന്റെ പല നാടകങ്ങളും വിവര്‍ത്തനങ്ങളായി ഭാഷയില്‍ അവതരിച്ചിട്ടുണ്ട്. വര്‍ഗീസ് മാപ്പിളയുടെ ‘കലഹിനീദമനകം’ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ‘ഹാംലെറ്റ്’ നാടകം എന്നീ വിവര്‍ത്തനങ്ങള്‍ പരക്കെ അറിയപ്പെട്ടിട്ടുള്ളവയാ
ണ്. ദിവാന്‍ ബഹദൂര്‍ എ ഗോവിന്ദപിള്ള, ‘ഹാംലെറ്റ്’, ‘ലിയര്‍ രാജാവ്’, ‘മക്ബത്’, ‘വെനീസിലെ വ്യാപാരി’, ‘ഒഥല്ലോ’ എന്നിങ്ങനെ ഷേക്‌സ്പിയറുടെ ഒട്ടുവളരെ കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീം’, കെ പരമുപിള്ള ‘വിഭ്രമവിലാസം’ എന്ന പേരിലും ചുനക്കര ഉണ്ണികൃഷ്ണവാര്യര്‍ ‘വാസന്തിക സ്വപ്‌നം’ എന്ന പേരിലും വിവര്‍ത്തനം ചെയ്തിരുന്നു. ‘ട്വെല്‍ഫ്ത് നൈറ്റ്’ എന്ന കൃതി സിപി തോമസ് ‘മനം പോലെ മംഗല്യം’ എന്ന പേരിലും ഡോ. കോയാത്തു കൊച്ചുണ്ണി മേനോന്‍ ‘ദ്വാദശനിശ’ എന്ന പേരിലുമാണ് തര്‍ജമ ചെയ്തത്. സഞ്ജയന്റെ ‘ഒഥല്ലോ’, കെ രാമകൃഷ്ണപിള്ളയുടെ (കുട്ടനാട്) ‘മക്ബത്’, ‘ജൂലിയസ് സീസര്‍’ എന്നിവയും വിശിഷ്ടമായ ചില പരിഭാഷകളാണെന്ന് ടി എം ചുമ്മാര്‍ അഭിപ്രായപ്പെടുന്നു.  കവികളായ വിഷ്ണുനാരായണന്‍ നമ്പൂതിരിയും പി നാരായണക്കുറുപ്പും ചേര്‍ന്ന് ആറ് ഷേക്‌സ്പിയര്‍ നാടകങ്ങള്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്.

സിനിമയില്‍
ഷേക്‌സ്പിയറുടെ ആദ്യകാല നാടകങ്ങളില്‍ പെട്ട ‘റോമിയോ ആന്റ് ജൂലിയറ്റ്’ ലോകത്തിലെ വിവിധ ഭാഷകളിലായി ഏറ്റവുമധികം സിനിമകള്‍ക്ക് വിഷയമായ നാടകമാണ്, ഹിന്ദിയില്‍ മാത്രം… ‘ഖയാമത് സേ ഖയാമത് തക്’ (1988). ‘റോമിയോ അറ്റ് ജൂലിയറ്റ്’ (1996), ‘ഗോലിയോന്‍ കി രാസ്‌ലീല രാംലീല’ (2013). മലയാളത്തില്‍ പല രൂപത്തില്‍, പല ഭാവത്തില്‍ ഇത്  എണ്ണമില്ലാത്തവിധം സെല്ലുലോയ്ഡില്‍ വന്നാടിയിട്ടുണ്ട്. ‘ഹാംലെറ്റി’നും വന്നിട്ടുണ്ട്, നാലു ഹിന്ദി പതിപ്പുകള്‍- 1935ലെ ‘ഖൂന്‍ കാന്‍ ഖൂന്‍ ഖൂന്‍’ മുതല്‍ 2014ലെ ‘ഹൈദര്‍’ വരെ. മലയാളത്തില്‍ 2012ല്‍ വി കെ പ്രകാശ് സംവിധാനം ചെയ്ത ‘കര്‍മയോഗി’ ഈ നാടകത്തെ അടിസ്ഥാനമാക്കിയായിരുന്നു. അതുപോലെ, ജയരാജ്, ‘ഒഥല്ലോ’വില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ‘കളിയാട്ടം’ ഒരുക്കി.
ഷേക്‌സ്പിയര്‍ അധ്യാപകര്‍
ഒട്ടേറെ പ്രഗല്‍ഭരായ ‘ഷേക്‌സ്പിയര്‍ അധ്യാപകരെ’യും കേരളം സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവയിലെ മഹാന്‍മാരായ അധ്യാപകരെ പൂര്‍വവിദ്യാര്‍ഥികള്‍ ഒരിക്കലും വിസ്മരിക്കാനിടയില്ല. മുന്‍ ചീഫ് സെക്രട്ടറിയും (നര്‍മ)ലേഖകനുമായ സി പി നായര്‍ ഈയിടെ യൂനി: കോളജിനെപ്പറ്റി ഒരു ഓര്‍മക്കുറിപ്പില്‍ (‘കലാകൗമുദി’, 7.2.2016) ഇങ്ങനെ എഴുതി: പ്രഫ. ഇ പി നാരായണപിള്ളയ്ക്ക് … ഷേക്‌സ്പിയര്‍ നാടകങ്ങള്‍ പഠിപ്പിക്കാന്‍ പുസ്തകം വേണ്ട. ഒരു ചടങ്ങെന്ന നിലയില്‍ പുസ്തകം ക്ലാസില്‍ കൊണ്ടുവന്നു മേശപ്പുറത്തുവച്ചിട്ട്, ഓര്‍മയില്‍ നിന്നു പാഠ്യഭാഗം അനിര്‍ഗളമായി ചൊല്ലി, വിശദമായി വ്യാഖ്യാനിച്ചും പ്രകടമായിത്തന്നെ ആസ്വദിച്ചുമാണ് സാര്‍ പഠിപ്പിക്കുക.  ഞാന്‍ ഒന്നാംവര്‍ഷ ഓണേഴ്‌സ് ക്ലാസില്‍ പഠിക്കുമ്പോള്‍, അവസാനത്തെ ക്ലാസില്‍ പഠിച്ചിരുന്ന ഏറ്റവും മികച്ച വിദ്യാര്‍ഥിനിയായിരുന്നു പിന്നീട് ഇംഗ്ലീഷ് പ്രഫസറായി പേരെടുത്ത സി രാധാദേവി.
എന്റെ ‘ജൂനിയര്‍ പിള്ളേരി’ല്‍ ഓര്‍ക്കാന്‍ കഴിയുന്നതു മൂന്നുപേരെയാണ്. പിന്നീട് ഇംഗ്ലീഷ് പ്രഫസര്‍മാരായി ശോഭിച്ചവരാണ് രാധാകൃഷ്ണനും ശശിധരനും. വിശ്രുതനായ ‘ഷേക്‌സ്പിയര്‍’ വേലായുധന്‍നായര്‍ സാറിന്റെ മകളായിരുന്നു സബിത. മികച്ച അധ്യാപികയായി സബിത ടീച്ചര്‍ ഏറെ ‘ജനപ്രീതി നേടി’.
‘യൂനിവേഴ്‌സിറ്റി കോളജില്‍ തന്നെയായിരുന്നു കെ അയ്യപ്പപണിക്കരും ആര്‍ നരേന്ദ്രപ്രസാദും ഡോ. വി രാജകൃഷ്ണനും ഉണ്ടായിരുന്നത്. കോഴിക്കോട്ടുക്കാര്‍ക്ക് ദേവഗിരി കോളജിലെ പ്രഫ. സി എ ഷെപ്പേഡും ഗുരുവായൂരപ്പന്‍ കോളജിലെ ടി ആര്‍ എല്‍ നരസിംഹറാവുവും ചിരസ്മരണീയരായിട്ടുണ്ട്. അവര്‍ക്ക് ഷേക്‌സ്പിയര്‍ ഒരു ആരാധനാമൂര്‍ത്തിയായിരുന്നു!

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss