|    Jan 21 Sat, 2017 11:54 am
FLASH NEWS

ഷേക്‌സ്പിയര്‍ അവരുടെ ലഹരിയായിരുന്നു

Published : 24th April 2016 | Posted By: sdq

MASTER

കെ എന്‍ നവാസ് അലി

ന്താണ് കവിത എന്ന ചോദ്യത്തിന് പ്രശസ്ത ആംഗലേയ കവി റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞ ഒരു നിര്‍വചനം ഇന്നും ലോകം ഓര്‍ത്തുവയ്ക്കുന്നുണ്ട്. വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് എന്തോ അത്. ലോകം നാനൂറാം ചരമവാര്‍ഷികം ആചരിക്കുമ്പോള്‍ വില്യം ഷേക്‌സ്പിയര്‍ എന്ന ഇംഗ്ലീഷ് നാടകകൃത്തിനെ, കവിയെക്കുറിച്ച് കേരളത്തിലെ പ്രശസ്തനായ ഇംഗ്ലീഷ് അധ്യാപകരിലൊരാളായ തൃശൂരിലെ പ്രഫ. പ്രകാശ് പറഞ്ഞു തുടങ്ങിയത് ഈ വരികളിലൂടെയാണ്. ഡിഗ്രി, പിജി ക്ലാസുകളില്‍ ഷേക്‌സ്പിയറുടെ കൃതികള്‍ നിര്‍ബന്ധമായും പഠിക്കണമെന്നത് സര്‍വകലാശാലകളിലെ അലിഖിത നിയമമായിരുന്ന കാലത്ത് തലശ്ശേരി ബ്രണ്ണന്‍ കോളജിലും തൃശൂര്‍ കേരളവര്‍മയിലും എറണാകുളം മഹാരാജാസിലും വിദ്യാര്‍ഥികള്‍ക്ക് ഷേക്‌സ്പിയറുടെ രചനകള്‍ പകര്‍ന്നു നല്‍കിയിരുന്ന അധ്യാപകനാണ് പ്രഫ. പ്രകാശ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ മനുഷ്യമനസ്സുകളിലെ വികാരങ്ങള്‍ക്ക് കാവ്യഭാഷയിലൂടെ മൂര്‍ത്തരൂപം നല്‍കിയ കവിയാണ് വില്യം ഷേക്‌സ്പിയര്‍. അതു കഴിഞ്ഞേ അദ്ദേഹം നാടകകൃത്തും മറ്റെന്തുമാവുന്നുള്ളൂ. അതുകൊണ്ടു തന്നെയാണ് മരണപ്പെട്ട് 400 വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ നാടകങ്ങള്‍ ലോകത്ത് ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെടുന്ന നാടകമായി ഇപ്പോഴും തുടരുന്നത്.
1886ല്‍ കോട്ടയത്ത് മനോരമയുടെ മുന്‍തലമുറക്കാരും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും തുടങ്ങി മറ്റു പലരും ഷേക്‌സ്പിയറുടെ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയെങ്കിലും അവയെല്ലാം ഷേക്‌സ്പിയറന്‍ കവിത്വത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാനാവാതെ വശംചേര്‍ന്നു മാറിനിന്നപ്പോള്‍ കേരളത്തിലെ കലാലയങ്ങളിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പൂര്‍ണാര്‍ഥത്തില്‍ തന്നെ ഷേക്‌സ്പിയറുടെ ‘മക്ബത്തും’, ‘ഒഥല്ലോ’യും തുടങ്ങിയ വിശ്വക്ലാസിക്കുകള്‍ ക്ലാസ്മുറിയിലിരുന്ന് ആസ്വദിക്കുകയായിരു               ന്നു. വായനാശൈലികൊണ്ട് ഭാവനയുടെ              വിശാലലോകം തുറന്നിട്ട പ്രഫ. ഷെപ്പേഡും                 പ്രഫ. ബി ഹൃദയകുമാരിയും ഷേക്‌സ്പിയറെ അഭിനയിച്ചു പഠിപ്പിച്ചിരുന്ന പ്രഫ. മധുകര്‍ റാവുവും ഷേക്‌സ്പിയറുടെ നാടകങ്ങള്‍ അതിമനോഹരമായി പഠിപ്പിച്ചതിലൂടെ ഷേക്‌സ്പിയര്‍ വേലായുധനെന്ന അപരനാമം ലഭിച്ച പ്രഫ. വേലായുധന്‍ നായരും ഉള്‍പ്പെടുന്ന കോളജ് അധ്യാപകരായിരുന്നു കേരളത്തില്‍ ഷേക്‌സ്പിയര്‍ തരംഗത്തിന് അടിത്തറയിട്ടത്.

ഷേക്‌സ്പിയര്‍ വേലായുധനും
പ്രഫ. ഷെപ്പേഡും
കൊല്ലം എസ്എന്‍ കോളജിലെ മാത്രമല്ല, കേരളത്തില്‍ തന്നെ പേരുകേട്ട ഇംഗ്ലീഷ് അധ്യാപകനായിരുന്നു പ്രഫ. വേലായുധന്‍ നായര്‍. ആറടി ഉയരമുള്ള അദ്ദേഹം ഫുള്‍കൈ ഷര്‍ട്ടും പാന്റ്‌സും ധരിച്ച് തികഞ്ഞ ജന്റില്‍മാന്‍ ലുക്കില്‍ സ്റ്റേജില്‍ കയറി ‘മക്ബത്തി’ലെ വരികള്‍ വായിച്ചു തുടങ്ങുന്നതു മുതല്‍ ക്ലാസ് അവസാനിക്കുന്നതു വരെ വിദ്യാര്‍ഥികള്‍                ഒരക്ഷരം ഉരിയാടാതെ നിശ്ശബ്ദരായിരിക്കും. ഒരു മലയാളം വാക്കുപോലും പറയാതെയായിരുന്നു അദ്ദേഹത്തിന്റെ ക്ലാസെന്ന് ശിഷ്യനായ പ്രകാശ് ഓര്‍ക്കുന്നു. ഡിഗ്രി ക്ലാസില്‍ ചേരുമ്പോള്‍ അടുത്ത വര്‍ഷം ഷേക്‌സ്പിയറുടെ നാടകം പഠിക്കാമെന്ന് വിദ്യാര്‍ഥികള്‍ പ്രതീക്ഷയോടെ ആഗ്രഹിച്ചിരുന്ന കാലമായിരുന്നു അത്. വിദ്യാര്‍ഥികള്‍ തങ്ങളുടെ അധ്യാപകന് അറിഞ്ഞുകൊണ്ടു നല്‍കിയ ബഹുമതിയായിരുന്നു ‘ഷേക്‌സ്പിയര്‍ വേലായുധനെ’ന്ന പേര്.
തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രഫ. മധുകര്‍ റാവു അഭിനയിച്ചു പഠിപ്പിക്കുന്നതിന്റെ ആശാനായിരുന്നു. എം എ ഇംഗ്ലീഷിന് ക്ലാസെടുത്തിരുന്ന റാവുവിന്റെ ഷേക്‌സ്പിയര്‍ ക്ലാസുകള്‍ ആസ്വദിക്കാന്‍ കോളജിലെ മറ്റ് ഇംഗ്ലീഷ് അധ്യാപകരും ക്ലാസില്‍ ഇരുന്നിരുന്നു. അദ്ദേഹം ‘ജൂലിയസ് സീസര്‍’ നാടകം പഠിപ്പിക്കുമ്പോള്‍ ബ്രൂട്ടസിന്റെ കുത്തേറ്റു വീഴുന്ന സീസര്‍, യൂ റ്റൂ ബ്രൂട്ടസ് ?  (ഋ േൗേ ആൃൗലേ ?)  എന്നു ചോദിക്കുന്ന രംഗം എത്തിയാല്‍ അതു കാണാന്‍ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയാണെന്നു പോലും മറന്ന് ബെഞ്ചില്‍ കയറി നില്‍ക്കുമായിരുന്നു.
ഷേക്‌സ്പിയറുടെ തന്നെ ‘കിങ് ലിയര്‍’ പഠിപ്പിക്കുമ്പോള്‍ അതിലെ ശോകാദ്രരംഗം വിദ്യാര്‍ഥികളുടെ കണ്ണു നനയിച്ചത് പ്രഫ. മധുകര്‍ റാവുവിന്റെ ശിഷ്യര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഓര്‍ക്കുന്നുണ്ട്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ പ്രശസ്തനായ അധ്യാപകനായിരുന്നു ആംഗ്ലോ ഇന്ത്യനായ പ്രഫ. ഷെപ്പേഡ്. മധുകര്‍ റാവുവിന്റെ അധ്യാപനരീതിയില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു ഷെപ്പേഡിന്റേത്. ഷേക്‌സ്പിയറെ അഭിനയിച്ചു പഠിപ്പിക്കുന്നതു പോയിട്ട് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുക പോലും ചെയ്യാതെയായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്. ആംഗ്യവും ഭാവാഭിനയവും ഒന്നുമില്ലെങ്കിലും അദ്ദേഹം ഷേക്‌സ്പിയര്‍ കൃതികള്‍ വായിക്കുന്നതിലെ കവിത്വവും അതിലെ ധ്വനിയും മാത്രം മതിയായിരുന്നു വിദ്യാര്‍ഥികളെ ഭാവനയുടെ അതിരുകളില്ലാത്ത ലോകത്തേക്കെത്തിക്കാന്‍.
പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ സഹോദരിയായ പ്രഫ. ബി ഹൃദയകുമാരിയും ഷേക്‌സ്പിയറുടെ കൃതികള്‍ മനോഹരമായി വായിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ മനസ്സില്‍ ഇടംനേടിയ ഇംഗ്ലീഷ് അധ്യാപികയാണ്. എറണാകുളം മഹാരാജാസ് കോളജില്‍ ഏറെക്കാലം ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു അവര്‍. 20 വര്‍ഷമെങ്കിലും അധ്യാപനപരിചയമുള്ളവരെ മാത്രമേ ഷേക്‌സ്പിയര്‍ കൃതികള്‍ പഠിപ്പിക്കാന്‍ ചുമതലപ്പെടുത്താവൂ എന്നുവരെ അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഷേക്‌സ്പിയറുടെ കൃതികള്‍ പഠിപ്പിക്കുന്നതില്‍ അതിന്റെ ഇംഗ്ലീഷ് ഉച്ചാരണം വളരെ പ്രധാനമാണെന്ന്
പ്രഫ. പ്രകാശ് പറയുന്നു. ഇന്നത്തെ കാലത്ത് ഡിഗ്രി, പിജി ക്ലാസുകളിലൊന്നും ഷേക്‌സ്പിയര്‍ കൃതികളുടെ പഠനം നിര്‍ബന്ധമില്ല. പ്രത്യേകമായി പഠനം നടത്തുന്നവര്‍ മാത്രമാണ് ഷേക്‌സ്പിയറുടെ രചനകള്‍ പഠിക്കുന്നത്. ഇന്റര്‍നെറ്റിലൂടെ ഷേക്‌സ്പിയറുടെ നാടകം ലഭ്യമാവുന്നതിനാല്‍ പദങ്ങളുടെ ശരിയായ ഉച്ചാരണം വിദ്യാര്‍ഥികള്‍ക്കു ലഭ്യമാവുന്നുമുണ്ട്.
1960 മുതല്‍ 90 വരെയുള്ള കാലത്ത് ഇതായിരുന്നില്ല അവസ്ഥ. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച കാലത്തും അതിനു ശേഷവും നാടകത്തിന്റെ ശബ്ദരേഖ കേള്‍പ്പിച്ചാണ് വിദ്യാര്‍ഥികളെ ഷേക്‌സ്പിയര്‍ കൃതികള്‍ പഠിപ്പിച്ചിരുന്നതെന്ന് പ്രഫ. പ്രകാശ് ഓര്‍ക്കുന്നു. ബ്രിട്ടിഷ് കൗണ്‍സില്‍ വഴിയാണ് ശബ്ദരേഖകള്‍ ലഭ്യമാക്കിയിരുന്നത്. അധ്യാപനത്തിന്റെയും പഠനത്തിന്റെയും പൂര്‍ണതയ്ക്കു വേണ്ടിയായിരുന്നു ഇതൊക്കെ. എല്ലാറ്റിലുമുപരി ഷേക്‌സ്പിയറെന്ന വിശ്വപ്രതിഭയുടെ കൃതികള്‍ കഴിയാവുന്ന അത്രയും പൂര്‍ണതയോടെ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കുകയെന്ന ലഹരിയും. അവരാണ് ആയിരക്കണക്കിനു വിദ്യാര്‍ഥികളെ അഭിനയിച്ചും ആകര്‍ഷകമായ വായനാശൈലിയിലൂടെയും ഷേക്‌സ്പിയര്‍ കൃതികളുടെ ഉന്നതമായ ആസ്വാദനതലങ്ങളിലേക്ക് എത്തിച്ചത്. അതുകൊണ്ടു തന്നെയാണ് പ്രഫ. ഷെപ്പേഡും മധുകര്‍ റാവുവും ഷേക്‌സ്പിയര്‍ വേലായുധനും ഷേക്‌സ്പിയര്‍ കൃതികളെ പോലെ ഇന്നും ശിഷ്യരുടെ മനസ്സില്‍ ജീവിക്കുന്നത്. 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക