|    Apr 21 Sat, 2018 9:33 am
FLASH NEWS

ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും ചാടിപ്പോയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി

Published : 14th July 2017 | Posted By: fsq

 

കൊട്ടിയം: കൊട്ടിയത്തെ നിര്‍ഭയ ഷെല്‍ട്ടറില്‍ നിന്നും ചാടി പോയ മൂന്നു പെണ്‍കുട്ടികളെ പോലിസ് പിടികൂടി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കാറിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് കൊട്ടിയത്തെ നിര്‍ഭയയില്‍ നിന്നും സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികളെ കാണാതായത്. സ്‌കൂളില്‍ പോകാനായി ഇറങ്ങിയ കുട്ടികള്‍ ഒരു കൂട്ടുകാരിയില്‍ നിന്നും വാങ്ങിയ 18 രൂപയുമായി പാരിപ്പള്ളിയിലെത്തുകയും അവിടെയുള്ള ഒരു പരിചയക്കാരനെ കണ്ടെത്തി അയാളില്‍ നിന്നും കുറച്ചു രൂപാ കൂടി വാങ്ങി ബസ്സില്‍ കയറി ചിതറയിലേക്ക് പോവുകയുമായിരുന്നു. മുമ്പ് ഷെല്‍ട്ടര്‍ ഹോമില്‍ ഇവരൊടൊപ്പം താമസിച്ചിരുന്ന ഒരു പെണ്‍കുട്ടിയുടെ വീട്ടിലേക്കാണ് ഇവര്‍ പോയത്. ചിതറയിലെത്തി പഴയ പരിചയക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് തങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ടെന്നും ഒരു വിവാഹത്തിന് പോകാന്‍ വന്നതാണെന്നും രാത്രിയില്‍ ഇവിടെ തങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുട്ടികള്‍ എത്തിയതറിത്ത് കുന്നിന്‍ മുകളിലുള്ള വീട്ടില്‍ നിന്നും കൂട്ടുകാരിയുടെ അമ്മയെത്തി കുട്ടികളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയും പുലര്‍ച്ചെ തന്നെ ഇവരെ പറഞ്ഞു വിടുകയും ചെയ്തു. ഇനി എവിടെ പോകുമെന്ന് ചിന്തിച്ച മൂവരും ചേര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയും ചിതറയില്‍ വച്ച് മൂവരും ഒരു കാറിന് മുന്നിലേക്ക് എടുത്തു ചാടുകയും ചെയ്തു. ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ട് വണ്ടി നിര്‍ത്തിയതിനാല്‍ അപകടം ഒഴിവാകുകയും പദ്ധതി പാളിപ്പോകുകയും ചെയ്തു. അവിടെ നിന്ന് വീണ്ടും പാരിപ്പള്ളിയിലെത്തിയ പെണ്‍കുട്ടികള്‍ പഴയ പരിചയക്കാരനായ യുവാവിനെ വീണ്ടും കണ്ട് കുറച്ചു രൂപാ കുടി വാങ്ങിയ ശേഷം ബസ്സില്‍ കയറി കൊല്ലത്ത് ആര്‍പി മാള്‍ വ്യാപാര സമുച്ചയത്തിലെത്തി. അവിടെ വച്ച് ഒരാള്‍ ഇവരെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് അവിടെ നിന്നും ഓടി ബസ്സില്‍ കയറിയ കുട്ടികള്‍ മയ്യനാട്ടെത്തി പാരിപ്പള്ളിക്കാരനായ സുഹൃത്തിനെ ഒരു ഓട്ടോ െ്രെഡവറുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വിളിച്ചെങ്കിലും കിട്ടിയില്ല. പെണ്‍കുട്ടികള്‍ ചിതറയിലെത്തിയതു മുതല്‍ തന്നെ പോലിസും ഇവരെ അന്വേഷിച്ച് പിന്നാലെയുണ്ടായിരുന്നു. മയ്യനാട് ധവളക്കുഴിയില്‍ കറങ്ങി നടക്കവെയാണ് ഇവര്‍ പോലിസിന്റെ വലയിലായത്. ചാത്തന്നൂര്‍ വരിഞ്ഞം, മങ്ങാട്, തൃക്കടവൂര്‍ എന്നിവിടങളിലുള്ള കുട്ടികളെ ചൈല്‍സ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊട്ടിയത്തെ നിര്‍ഭയയില്‍ പാര്‍പ്പിച്ചിരുന്നത്. അവിടെ കഴിയാന്‍ പറ്റാത്തതിനാലാണ് തങ്ങള്‍ ഒളിച്ചോടിയതെന്നാണ് ഇവര്‍ പോലിസിനോട് പറഞ്ഞതെന്നാണ് വിവരം. ഇവരെ കാണാതായപ്പോള്‍ തന്നെ ചാത്തന്നൂര്‍ എസിപി കൊട്ടിയം സിഐ, കൊട്ടിയം, ചാത്തന്നൂര്‍ എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിരുന്നു. പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss