|    Jun 22 Fri, 2018 1:20 pm
FLASH NEWS

ഷെറി ജേക്കബ് അദാലത്തിനെത്തിയത് പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരേ

Published : 12th August 2017 | Posted By: fsq

 

മല്ലപ്പള്ളി: കത്തിക്കരിഞ്ഞമണമാണ് വീടിന് ചുറ്റും, എനിക്ക് ശുദ്ധവായു ലഭിക്കാന്‍ നടപടിയുണ്ടാവണം.’മല്ലപ്പള്ളി വെസ്റ്റ് തോട്ടുങ്കല്‍ വീട്ടില്‍ ഷെറി ജേക്കബിന്റെ പരാതി ഇതായിരുന്നു. വീടിന്റെ തൊട്ടടുത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ റബര്‍ പ്രോസസിങിനായി അമോണിയം ഉപയോഗിക്കുന്നതാണ് കാരണം. ഈ വ്യവസായശാല ജനവാസ കേന്ദ്രത്തിലാണെന്നും നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ഷെറി ജേക്കബ് പരാതിപ്പെട്ടു. ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവത്തതിനാലാണ് കലക്ടറുടെ അദാലത്തില്‍ എത്തിയത്. ഈ വ്യവസായശാലയ്്ക്ക് ചുറ്റുമുള്ള വീടുകളിലുള്ളവര്‍ക്ക് ശ്വാസംമുട്ടല്‍ രോഗം പിടിപെട്ടെന്നും ഒരാള്‍ കാന്‍സര്‍ ബാധിതനായി മരണപ്പെട്ടെന്നും പരാതിക്കാരി പറഞ്ഞു. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആനിക്കാട് പാമ്പുംകുഴി പടിയിലുള്ള തോട് കൈയേറി സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ചതു സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട വില്ലേജ് ഓഫിസറുടെ വിശദീകരണം ചോദിച്ചു. ഇവിടെ സ്ഥലം കൈയേറി സ്വകാര്യ വ്യക്തി റോഡ് നിര്‍മിച്ചത് ശരിയാണെന്നും ഇത് ഒഴിപ്പിച്ചിട്ടില്ലെന്നും വില്ലേജ് ഓഫിസര്‍ അറിയിച്ചു. ഇത്തരത്തില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാത്തത് ഗൗരവതരമാണെന്ന് കലക്ടര്‍ പറഞ്ഞു. തോട് കൈയേറി മണ്ണിട്ട് നികത്തിയ സ്ഥലം എക്‌സ്്കവേറ്റര്‍ ഉപയോഗിച്ച് അടിയന്തരമായി പൂര്‍വസ്ഥിതിയിലാക്കി റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ആര്‍ഡിഒയ്ക്കും ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. മല്ലപ്പള്ളി പഞ്ചായത്തിലെ പത്മം തമ്പി വീട്ടിലേക്കുള്ള വഴി പുനസ്ഥാപിക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കലക്ടറെ കണ്ടത്.  വിധവയായ പത്മം തമ്പിയുടെ വീട്ടിലേക്കുള്ള വഴി അയല്‍വാസി കെട്ടിയടച്ചിരിക്കുകയാണ്. പ്രായാധിക്യംമൂലം ബുദ്ധിമുട്ടുന്ന ഇവര്‍ക്ക് വഴി പുനസ്ഥാപിക്കണമെന്നതാണ് ആവശ്യം. വഴി തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പഞ്ചായത്ത് തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ച് പോലിസ് സ്‌റ്റേഷനിലും കേസുണ്ട്. പഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും കയറിയിറങ്ങിയിട്ടും പ്രയോജനമില്ലാതായതോടെ നിരാശയിലായിരുന്നു പത്മം തമ്പി.  ഇരുകക്ഷികളെയും നേരില്‍കേട്ട് ഒരാഴ്ചയ്ക്കുള്ളില്‍ പരാതി തീര്‍പ്പാക്കാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്കും മല്ലപ്പള്ളി സബ് ഇന്‍സ്‌പെക്ടര്‍ക്കും നിര്‍ദേശം നല്‍കി. മല്ലപ്പള്ളി പഞ്ചായത്തിലെ മുരണി തുണ്ടത്തില്‍ വീട്ടില്‍ രാജമ്മ ജില്ലാ കലക്ടറുടെ മുന്നിലെത്തിയത് റേഷന്‍ കടയില്‍ നിന്ന് ലഭിക്കുന്ന നാല് അരികൊണ്ട് ഒരു മാസം ജീവിക്കാന്‍ കഴിയില്ല എന്ന പരാതിയുമായാണ്. കാഴ്ചക്കുറവുള്ള അഗതിയായ രാജമ്മ ഒറ്റയ്ക്കാണ് താമസം. രാജമ്മയുടേത്  മുന്‍ഗണനാ വിഭാഗത്തിലുള്ള പിങ്ക് കാര്‍ഡാണ്.  തനിക്ക് കൂടുതല്‍ അരികിട്ടുന്നതിനുള്ള നടപടി ഉണ്ടാവണമെന്ന ആവശ്യവുമായാണ് ഒരു സഹായിയെയും കൂട്ടി രാജമ്മ അദാലത്തിനെത്തിയത്. സഹായിക്കാന്‍ ആരുമില്ലാത്ത അഗതിയായ രാജമ്മയുടെ അപേക്ഷ പരിഗണിച്ച് ഇവരുടെ റേഷന്‍ കാര്‍ഡ് പരിശോധന നടത്തി അന്ത്യോദയ അന്നയോജന കാര്‍ഡായി മാറ്റി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss