|    May 24 Wed, 2017 11:27 pm
FLASH NEWS

ഷൂട്ടിങില്‍ ജിത്തു റായിക്ക് മെഡലില്ല, വനിതാ വിഭാഗം ടെന്നിസില്‍ സാനിയ മിര്‍സ-പ്രാര്‍ഥന തോംബര്‍ ആദ്യറൗണ്ടില്‍ പുറത്ത്; നിരാശപ്പെടുത്തി ഇന്ത്യ

Published : 8th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോ ഒളിംപിക്‌സിനെത്തിയ ഇന്ത്യയുടെ തുടക്കം നിരാശയോടെ. ആദ്യദിനം നടന്ന ഷൂട്ടിങ്, ടെന്നിസ്, ടേബിള്‍ ടെന്നിസ് എന്നിവയിലെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.
ഷൂട്ടിങില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തു റായിക്ക് മെഡലൊന്നും നേടാനായില്ല. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനല്‍ റൗണ്ടില്‍ ഏറ്റവും അവസാന സ്ഥാനമായ എട്ടാമതെത്താനെ ജിത്തുവിന് സാധിച്ചുള്ളൂ. ഫൈനലില്‍ 78.7 പോയിന്റാണ് ജിത്തുവിന് നേടാനായത്. ഫൈനല്‍ റൗണ്ടില്‍ ആദ്യം പുറത്തായതും ജിത്തുവായിരുന്നു. യോഗ്യതാ റൗണ്ടില്‍ 580 പോയിന്റ് നേടിയ താരം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരുന്നത്.
50 മീറ്റര്‍ എയര്‍ പിസറ്റളിലാണ് ജിത്തു ഇനി മല്‍സരിക്കുന്നത്. ഇതേ വിഭാഗത്തില്‍ മല്‍സരിച്ച ഇന്ത്യന്‍ താരം ഗുര്‍പ്രീത് സിങിന് യോഗ്യത റൗണ്ട് കടക്കാനായില്ല. 576 പോയിന്റോടെ ഗുര്‍പ്രീത് 20ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വിയറ്റ്‌നാം താരം ഹൊവാങ് സുവാന്‍ വിന്നിനാണ് സ്വര്‍ണം. 202.5 പോയിന്റോടെ ഒളിംപിക്‌സ് റെക്കോഡോട് കൂടിയാണ് സുവാന്‍ വിന്‍ സ്വര്‍ണം നേടിയത്. ഒളിംപിക്‌സ് ചരിത്രത്തില്‍ വിയറ്റ്‌നാമിന്റെ ആദ്യ സുവര്‍ണ നേട്ടം കൂടിയാണിത്.
ആതിഥേയരായ ബ്രസീലിന്റെ ഫിലിപ്പ് അല്‍മെയ്ഡ വുവിന് വെള്ളിയും ചൈനയുടെ പാങ് വെയിന് വെങ്കലവും ലഭിച്ചു. വുവിന് 202.1 പോയിന്റും വെയിന് 180.4 പോയിന്റുമാണ് ലഭിച്ചത്.
പുരുഷന്‍മാര്‍ക്ക് പിന്നാലെ വനിതകളും
ടെന്നിസില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയാണ് ആദ്യദിനം തന്നെ നേരിട്ടത്. പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-രോഹന്‍ ബൊപ്പണ്ണ സഖ്യം ആദ്യറൗണ്ടില്‍ പുറത്തായതിനു പിന്നാലെ വനിതകളുടെ ഡബിള്‍സിലും ഇന്ത്യക്ക് തുടക്കം പാളി.
ഡബിള്‍സ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള സാനിയ മിര്‍സ ഉള്‍പ്പെടുന്ന ടീമാണ് ആദ്യറൗണ്ടില്‍ തന്നെ പുറത്തായത്. പ്രാര്‍ഥന തോംബറിനൊപ്പം റാക്കറ്റേന്തിയ സാനിയ സഖ്യത്തെ ചൈനീസ് ജോടികളാണ് പരാജയപ്പെടുത്തിയത്.
രണ്ട് മണിക്കൂറും 44 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സുഹായ് സാങ്-സുഹായ് പെങ് സഖ്യം സാനിയ-തോംബര്‍ ജോടിയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 7-6, 5-7, 7-5.
ഇനി മിക്‌സഡ് ഡബിള്‍സിലാണ് ഇന്ത്യ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ-സാനിയ സഖ്യമാണ് ഇന്ത്യക്കു വേണ്ടി റാക്കറ്റേന്തുന്നത്.
ഭാരോദ്വഹനം: ചാനു പുറത്ത്
ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ വനിതാ താരം സയ്‌കോം മിറാബായി ചാനു ആദ്യറൗണ്ടില്‍ പുറത്ത്. 48 കിലോംഗ്രാം വിഭാഗത്തിലാണ് ചാനു പുറത്തായത്.
ഈ വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ സോപിറ്റ തനാസാനിനാണ് സ്വര്‍ണം. ഇന്തോനീസ്യയുടെ വഹ് യുനി അഗുസ്റ്റിയാനിക്കാണ് വെള്ളി. ജപ്പാന്‍ താരം ഹിറോമി മിയാക്കിനാണ് വെങ്കലം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day