|    Jul 24 Mon, 2017 2:19 pm
Home   >  Todays Paper  >  Page 5  >  

ഷുക്കൂര്‍ വധക്കേസ്: സിപിഎമ്മിന് ആശ്വാസം; ലീഗിനു തിരിച്ചടി

Published : 28th June 2016 | Posted By: SMR

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷ ണം സ്‌റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സിപിഎമ്മിന് ആശ്വാസമേകുമ്പോള്‍ മുസ്‌ലിംലീഗിന് കനത്ത തിരിച്ചടിയായി. മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് യുഎപിഎ ചുമത്തപ്പെട്ടിട്ടും ജാമ്യം ലഭിച്ചതിനു പുറമെ ഷുക്കൂര്‍ വധക്കേസില്‍ കൂടി സിബിഐയുടെ പിടിയില്‍പ്പെടുന്നതില്‍ നിന്ന് അനുകൂല ഉത്തരവുണ്ടാവുന്നത് സിപിഎം കണ്ണൂര്‍ ലോബിക്ക് രാഷ്ട്രീയവിജയം കൂടിയാണ്. യുഡിഎഫ് ഭരണത്തിനു കീഴില്‍ നടന്ന പ്രമാദമായ കൊലപാതകം ഏറെ രാഷ്ട്രീയവിവാദങ്ങള്‍ക്കൊടുവിലാണ് സിബിഐ അന്വേഷണത്തിലെത്തിയത്.
എന്നാല്‍, നാലു വര്‍ഷം പിന്നിട്ടിട്ടും കേസില്‍ അന്വേഷണം എങ്ങുമെത്താതിരിക്കുകയും സിബിഐ അന്വേഷണം നടക്കാതിരിക്കുകയും ചെയ്താല്‍ ലീഗ് നേതൃത്വം അണികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ഏറെ വിയര്‍ക്കും. സിബിഐ അന്വേഷണം നടക്കാതിരിക്കുകയാണെങ്കില്‍, കേസിലെ പ്രതികളായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും കല്യാശ്ശേരി എംഎല്‍എയായ ടി വി രാജേഷിനും അനുഗ്രഹമാവും. കേസി ല്‍ ഇരുവര്‍ക്കുമെതിരേയുള്ള സാക്ഷികളായ രണ്ടു ലീഗ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് കോടതിയില്‍ മൊഴിമാറ്റിയിരുന്നു. പ്രതികള്‍ക്ക് അനുകൂലമായി ന ല്‍കിയ മൊഴി പിന്നീട് ഇരുവരും മാറ്റിയെങ്കിലും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കള്‍ക്കു രക്ഷപ്പെടാന്‍ പഴുതുകളുണ്ടായേക്കും. അങ്ങനെയാണെങ്കില്‍ ലീഗ് രാഷ്ട്രീയത്തില്‍ വീണ്ടും വിവാദങ്ങളുടെ കൊടുങ്കാറ്റുയരും.
ഭരണമാറ്റം കൂടിയായതോടെ കേസ് ദുര്‍ബലമാക്കാന്‍ ഭരണസ്വാധീനം ഉപയോഗിച്ച് സിപിഎം ശ്രമിക്കുമെന്നതില്‍ സംശയമില്ല. മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി സെക്രട്ടറി കൊലക്കേസില്‍ ശിക്ഷിക്കപ്പെടുന്നത് ഒഴിവാക്കാന്‍ സകല തന്ത്രങ്ങളും പയറ്റാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാവും. ഫസല്‍ വധക്കേസി ല്‍ രണ്ടു നേതാക്കള്‍ കുരുങ്ങിയതിന്റെ ക്ഷീണം മാറുംമുമ്പാണ് ഷുക്കൂര്‍, മനോജ് വധക്കേസുകളില്‍ സിപിഎം നേതാക്ക ള്‍ പ്രതികളാക്കപ്പെട്ടത്.
അതേസമയം, കേസ് സിബിഐക്കു വിടാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ കോടതി നടത്തിയ പരാമര്‍ശങ്ങളെല്ലാം തള്ളിക്കളയുന്ന വിധത്തിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ ഉത്തരവു പുറത്തുവരുന്നത്. കേസ് ശരിയായ ദിശയിലല്ലെന്നു കാട്ടി ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നല്‍കിയ ഹരജിയെ ഹൈക്കോടതിയില്‍ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍, പോലിസിനു വീഴ്ചപറ്റിയെന്നു കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കടുത്ത വിമര്‍ശനങ്ങളോടെ സിബിഐയുടെ തുടരന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. തുടര്‍ന്ന് ആദ്യം കേസ് അന്വേഷിച്ച കണ്ണൂര്‍ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 33 പ്രതികളെയും നിലനിര്‍ത്തി സിബിഐയും പ്രഥമവിവര റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനിടെയുണ്ടായ തിരിച്ചടി സിപിഎമ്മിന് താല്‍ക്കാലികമായെങ്കിലും ആശ്വാസമേകുന്നതാണ്. കേസിലെ 32ഉം 33ഉം പ്രതികളായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്.
2012 ഫെബ്രുവരി 20നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷം എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചിയായിരുന്ന തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശി അബ്ദുല്‍ ഷുക്കൂറി (24)നെ സിപിഎം പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക