|    Jan 18 Wed, 2017 11:33 pm
FLASH NEWS

ഷുക്കൂര്‍ വധക്കേസ്: അഡ്വക്കറ്റ് ജനറലിനെതിരേ ലീഗ്

Published : 2nd July 2016 | Posted By: SMR

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ കേസിലെ പ്രതികളും അഡ്വക്കറ്റ് ജനറലും നടത്തിയ ഗൂഡശ്രമം കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നു മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. ഇരകള്‍ക്ക് നീതി നേടികൊടുക്കാന്‍ ബാധ്യസ്ഥനായ അഡ്വക്കറ്റ് ജനറല്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഹൈക്കോടതിയില്‍ സ്വീകരിച്ചത് അപലപനീയമാണ്.
സര്‍ക്കാരുകള്‍ മാറിവന്നാലും ക്രിമിനല്‍ നിയമനടപടിയും കേസ് അന്വേഷണവും വിചാരണയുമെല്ലാം തുടര്‍പ്രക്രിയകളാണ്. എന്നാല്‍ ഷുക്കൂര്‍ വധക്കേസ് സിബിഐയ്ക്കു നല്‍കി മുന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തെറ്റാണെന്ന രീതിയില്‍ കോടതിയില്‍ നിലപാടെടുക്കുക വഴി സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായി അഡ്വക്കറ്റ് ജനറല്‍ മാറുകയാണ്. പൊതു ഖജനാവില്‍ നിന്നു ശമ്പളം പറ്റുന്ന എജി ഭരണഘടന സ്ഥാപനമാണെന്ന കാര്യം മറക്കരുത്. പട്ടാപ്പകല്‍ പാര്‍ട്ടി കോടതി വിചാരണ നടത്തി നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ നടുവില്‍ വച്ച് ഒരു ചെറുപ്പക്കാരനെ അറുകൊല ചെയ്ത കേസില്‍ യാതൊരു മനസാക്ഷി കുത്തുമില്ലാതെയാണ് എജി പ്രതികള്‍ക്കൊപ്പം ചേര്‍ന്നത്.
മാത്രമുല്ല പ്രതികള്‍ക്കു വേണ്ടി ഹാജരായ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ അഡ്വ. എം കെ ദാമോദരന്റെ നിലപാടും പ്രതിഷേധാര്‍ഹമാണ്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ കണ്ണപുരം പോലിസ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ ഹാജരായത് കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ആദ്യ സംഭവമാണ്. അധികാരവും പദവികളും ഉപയോഗിച്ച് കേസിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ഖാദര്‍ മൗലവി, ജനറല്‍ സെക്രട്ടറി അബ്ദുല്‍കരീംചേലേരി, കെ എം ഷാജി എംഎല്‍എ, വി പി വമ്പന്‍, ഇബ്രാഹീംതുരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, അഡ്വ. കെ മുഹമ്മദലി, കെ പി താഹിര്‍, പി കെ സുബൈര്‍, സി കെ നജാഫ്, സെക്രട്ടറി അഡ്വ. കെ എ ലത്തീഫ് സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക