|    Nov 14 Wed, 2018 6:50 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഷില്‍വാത്ത്മല്യ കോടികള്‍ കൊയ്ത താഴ്‌വര

Published : 7th August 2018 | Posted By: kasim kzm

കെ എ സലിം

ശ്രീനഗര്‍: ബന്ദിപുരയിലേക്കുള്ള വഴിയില്‍, ശ്രീനഗറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ആപ്പിള്‍മരങ്ങള്‍ക്കപ്പുറത്ത് ഒഴിഞ്ഞുകിടക്കുന്ന വിശാലമായ പ്രദേശമുണ്ട്. ഇതാണ് ഷില്‍വാത്ത്. മദ്യരാജാവ് വിജയ് മല്യ കോടികള്‍ കൊയ്ത തോട്ടം. ഒരുകാലത്ത് മല്യ കുടുംബം ബിയറുണ്ടാക്കാനുള്ള ഹോപ്‌സ് ചെടികള്‍ വളര്‍ത്തിയിരുന്നത് ഇവിടെയായിരുന്നു. കശ്മീരില്‍ സംഘര്‍ഷം രൂക്ഷമായ കാലത്ത് നാട്ടുകാര്‍ കത്തിച്ച തോട്ടമിന്ന് ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയാണ്. ഝലം നദിക്കരികിലുള്ള സുന്ദരമായ പ്രദേശമാണ് ഷില്‍വാത്ത്. 1972ല്‍ വിജയ് മല്യയുടെ പിതാവ് വിത്തല്‍ മല്യ ഒരു ബിസിനസ് യാത്രയില്‍ കശ്മീരി നേതാവ് ശെയ്ഖ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഷില്‍വാത്ത് മല്യയുടെ കൈയിലെത്തുന്നത്. വിത്തല്‍ മല്യ നല്‍കിയ പ്രപ്പോസല്‍ ശെയ്ഖ് അബ്ദുല്ല അംഗീകരിക്കുകയും ഏക്കര്‍കണക്കിന് ഭൂമി പാട്ടത്തിന് നല്‍കുകയും ചെയ്തു.
കൃഷി ആവശ്യത്തിന് ഭൂമി നല്‍കണമെന്നായിരുന്നു പ്രപ്പോസലിലെ ആവശ്യം. കശ്മീരിലെ പുതിയ കൃഷിരീതികള്‍ തേടിക്കൊണ്ടിരുന്ന ശെയ്ഖ് അബ്ദുല്ലയ്ക്ക് താല്‍പര്യം തോന്നി. എന്നാല്‍, ബിയറുണ്ടാക്കാനുപയോഗിക്കുന്ന ഹോപ്‌സാണ് കൃഷിയെന്നു തുടക്കത്തില്‍ ആര്‍ക്കുമറിയില്ലായിരുന്നു. വിളകള്‍ ജമ്മുകശ്മീരിന് പുറത്തേക്ക് കടത്തുകയുമായിരുന്നു. മല്യയുടെ കൃഷികൊണ്ട് മല്യക്കല്ലാതെ ശെയ്ഖ് അബ്ദുല്ല പ്രതീക്ഷിച്ചപോലെ കശ്മീരിന് ഗുണമുണ്ടായില്ല. അവിടെയുള്ള ജോലിക്കാര്‍ക്ക് പോലും എന്താണ് ഈ കൃഷി ചെയ്യുന്നതെന്നോ ഇതിന്റെ മുതലാളിയാരെന്നോ അറിയില്ലായിരുന്നു. ആദ്യമൊരു നഴ്‌സറിയായാണ് മല്യ തുടങ്ങിയത്. പിന്നീട് വിളവായപ്പോള്‍ മല്യയുടെ യുനൈറ്റഡ് ബിവറീസ് ലിമിറ്റഡിന്റെ ആളുകള്‍ വന്നു കൊണ്ടുപോയി.
ഷില്‍വാത്തില്‍ നിന്നു വടക്കന്‍ കശ്മീരിലെ മറ്റു പ്രദേശങ്ങളിലേക്കും കൃഷി പടര്‍ന്നു. ഷില്‍വാത്തില്‍ ഹോപ്‌സ് സംസ്‌കരിക്കാനുള്ള സൗകര്യങ്ങളുമുണ്ടാക്കി. എന്താണ് കൃഷിയെന്ന് നാട്ടുകാര്‍ക്ക് ബോധ്യമായതോടെ എതിര്‍പ്പുയരാന്‍ തുടങ്ങി. ഈ കാലത്താണ് ഇന്ത്യയിലെ ബിയര്‍ വിപണിയുടെ കുത്തക മല്യ കൈക്കലാക്കുന്നത്. 80 ശതമാനം വരെയായിരുന്നു മല്യയുടെ വിപണിയിലെ ഷെയര്‍.
1990കളില്‍ കശമീരില്‍ സായുധ പോരാട്ടം തുടങ്ങിയതോടെ തോട്ടം പ്രതിസന്ധിയിലായി. ഒരുനാള്‍ സായുധസംഘമെത്തി തോട്ടത്തിനും ഫാക്ടറിക്കും തീവച്ചു. പിന്നീടൊരിക്കലും മല്യക്ക് അവിടെ കൃഷി നടത്താനായിട്ടില്ല. ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് യുവാക്കളില്‍ ചിലര്‍ കൃഷി ചെയ്യാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്നവര്‍ സമ്മതിച്ചില്ല. അവിടേക്ക് പ്രവേശിക്കാന്‍ പോലും മുതിര്‍ന്നവര്‍ തങ്ങളെ അനുവദിച്ചിരുന്നില്ലെന്നു പ്രദേശത്തെ യുവാക്കള്‍ പറയുന്നു. അതെന്തുകൊണ്ടാണെന്ന് പിന്നീടാണ് മനസ്സിലായത്.
എത്ര കോടിയുടെ വരുമാനമാണ് മല്യ ഷില്‍വാത്തില്‍ നിന്നുണ്ടാക്കിയിരുന്നതെന്നതിനു വ്യക്തമായ കണക്കില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് കശ്മീരില്‍ നികുതിയില്ല, ഇതിന്റെ മറപറ്റി നികുതി നല്‍കാതെയായിരുന്നു മല്യ വിളവ് ജമ്മുകശ്മീരിന് പുറത്തേക്കു കടത്തിയിരുന്നത്. 2009ല്‍ കശ്മീര്‍ സന്ദര്‍ശിച്ച മല്യ കശ്മീരില്‍ വീണ്ടും ഹോപ്‌സ് കൃഷി ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ കശ്മീര്‍ സര്‍ക്കാരിന് ഭൂമി തിരിച്ചെടുക്കാനും ആയിട്ടില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss