|    Jan 22 Sun, 2017 3:05 am
FLASH NEWS

ഷിബിന്‍ വധക്കേസ്: 17 പ്രതികളെ കോടതി വെറുതെവിട്ടു

Published : 16th June 2016 | Posted By: SMR

കോഴിക്കോട്: നാദാപുരം തൂണേരി വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ 17 പ്രതികളെയും കുറ്റക്കാരല്ലെന്നുകണ്ട് മാറാട് പ്രത്യേക കോടതി വെറുതെവിട്ടു. പ്രതികള്‍ കുറ്റംചെയ്‌തെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ജഡ്ജി എസ് കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
തെയ്യമ്പാടി മീത്തലെ പുനച്ചിക്കണ്ടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍, താഴെകുനിയില്‍ കാളിയാറമ്പത്ത് അസ്‌ലം, വാരാങ്കി താഴേക്കുനി സിദ്ദീഖ്, കൊച്ചന്റവടെ ജസീം, കടയംകോട്ടുമ്മല്‍ സമദ്, മണിയന്റവിട മുഹമ്മദ് അനീസ്, കളമുള്ള താഴേകുനി ഷുഹൈബ്, മഠത്തില്‍ ഷുഹൈബ്, മൊട്ടെമ്മല്‍ നാസര്‍, ചക്കോടത്തില്‍ മുസ്തഫ, എടാട്ടില്‍ ഹസന്‍, വില്യാപള്ളി കണിയാണ്ടിപ്പാലം രാമത്ത് യൂനുസ്, കല്ലേരിന്റവിട ഷഫീഖ്, പെരുമണ്ണ വെള്ളായിത്തോട് മഞ്ചപ്പാറേമല്‍ ഇബ്രാഹിംകുട്ടി, വെണ്ണിയോട് കോട്ടത്തറ വൈശ്യന്‍ വീട്ടില്‍ സൂപ്പി മുസ്‌ല്യാര്‍, വാണിമേല്‍ പൂവുള്ളതില്‍ അഹ്മദ് ഹാജി എന്നിവരെയാണു തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചത്.
2015 ജനുവരി 22നു രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാഷ്ട്രീയവും മതപരവുമായ വിരോധത്തില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണു കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. എന്നാല്‍, ഇതുസംബന്ധിച്ച തെളിവുകളോ സാക്ഷികളെയോ ഹാജരാക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അക്രമം നടക്കുന്ന സമയത്ത് നിരവധിപേര്‍ സ്ഥലത്തുണ്ടായിട്ടും പിറ്റേന്നാണ് സംഭവം പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചത്. ഇത് കേസ് കെട്ടിച്ചമച്ചതിന്റെ തെളിവാണെന്നും പ്രതിഭാഗം വാദിച്ചു. ഇതുള്‍പ്പെടെ പ്രതിഭാഗം ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ വീഴ്ചകളെല്ലാം കോടതി അംഗീകരിച്ചെന്നു വ്യക്തമാക്കുന്ന വിധിയാണു പുറപ്പെടുവിച്ചത്. സാക്ഷികളായി ഹാജരാക്കിയവരെല്ലാം സിപിഎം പ്രവര്‍ത്തകരായിരുന്നു. രാഷ്ട്രീയവും വര്‍ഗീയവുമായ വിരോധമാണു കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന വാദവും തെളിയിക്കാനായില്ല.
വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവച്ച കേസില്‍ 18 പേരെയാണു പ്രതിചേര്‍ത്തിരുന്നത്. ഇതില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ല എന്നതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിസ്താരം നടന്നുവരികയാണ്. ഒന്നുമുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലയാളിസംഘത്തില്‍ ഉണ്ടായിരുന്നുവെന്നും 12 മുതല്‍ 17 വരെയുള്ളവര്‍ സംഘത്തെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചു എന്നുമായിരുന്നു കുറ്റപത്രം. 66 സാക്ഷികളെ വിസ്തരിച്ചു. 55 തൊണ്ടിമുതലുകളും 151 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ വിശ്വനും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി കെ ശ്രീധരനും ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക