|    Jul 26 Wed, 2017 4:07 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഷിബിന്‍ വധം: കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Published : 13th August 2016 | Posted By: SMR

നാദാപുരം: വെള്ളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ കോടതി വെറുതെവിട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മൂന്നാംപ്രതിയായിരുന്ന വെള്ളൂര്‍ കാളിയംകോട്ടുമ്മല്‍ അസ്‌ലം (19) ആണു കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് 5.30ഓടെ ചാലപ്പുറം ചക്കരക്കണ്ടി പീടികയ്ക്കു സമീപമാണു സംഭവം. ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാത്രിയാണു മരണം.
കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കാന്‍ പോകവെ ഇന്നോവ കാറിലെത്തിയ സംഘം അസ്‌ലം സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി മാരകായുധങ്ങള്‍കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇടതുകൈപ്പത്തി അറ്റു തൂങ്ങി. അരയ്ക്കു താഴെയും നിരവധി വെട്ടേറ്റു. റോഡില്‍ വീണ അസ്‌ലമിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു മുസ്‌ലിംലീഗ് നേതൃത്വം ആരോപിച്ചു. 2015 ജനുവരി 22നാണു ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവിരോധവുമാണു കൊലയ്ക്കു പിന്നില്‍. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ തെയ്യമ്പാടി ഇസ്മായില്‍, സഹോദരന്‍ മുനീര്‍, അസ്‌ലം എന്നിവരുള്‍പ്പെടെ 17 പേരെ തെളിവുകളുടെ അഭാവത്തില്‍ ഇക്കഴിഞ്ഞ ജൂണില്‍ മാറാട് പ്രത്യേക കോടതി വെറുതെവിട്ടിരുന്നു. തുടര്‍ന്നു വെള്ളൂരിലും സമീപപ്രദേശങ്ങളിലും സംഘര്‍ഷസാധ്യത നിലനില്‍ക്കെയാണ് ഇന്നലത്തെ കൊലപാതകം.
ഷിബിന്റെ ഘാതകര്‍ക്കു തക്ക മറുപടി നല്‍കുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പലവട്ടം മുന്നറിയിപ്പു നല്‍കിയിരുന്നു. കൊലപാതകത്തെ തുടര്‍ന്നു നാദാപുരം എഎസ്പിയുടെ നേതൃത്വത്തില്‍ മേഖലയില്‍ വന്‍ പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക