|    Oct 18 Wed, 2017 4:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഷാഹിദ് ഖാക്വാന്‍ അബ്ബാസി പാകിസ്താന്‍ പ്രധാനമന്ത്രി

Published : 2nd August 2017 | Posted By: fsq

 

ഇസ്‌ലാമാബാദ്: പിഎംഎല്‍-എന്‍ നേതാവും മുന്‍ പെട്രോളിയം മന്ത്രിയുമായ ഷാഹിദ് ഖാക്വാന്‍ അബ്ബാസി (58) പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഐവാനെ സദറില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങില്‍ രാഷ്ട്രപതി മംനൂന്‍ ഹുസ്സൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ പാക് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 221 അംഗങ്ങള്‍ അബ്ബാസിയെ പിന്തുണച്ചു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി നവീദ് ഖമറിനെ 47 പേര്‍ പിന്തുണച്ചു. അവാമിലീഗ് സ്ഥാനാര്‍ഥി ശെയ്ഖ് റാഷിദ് 33 വോട്ട് നേടി. ജമാഅത്തെഇസ്‌ലാമി നേതാവ് സഹിബ്‌സാദ തരീഖുല്ലയ്ക്ക് നാലു വോട്ടുകള്‍ മാത്രം ലഭിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി നവാസ് ശരീഫിനും അബ്ബാസി നന്ദി പ്രകടിപ്പിച്ചു. പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നവാസ് ശരീഫിനെ അയോഗ്യനാക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവ് പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്്. നവാസ് ശരീഫിന്റെ വിശ്വസ്ത നേതാക്കളിലൊരാളായാണ് അബ്ബാസി അറിയപ്പെടുന്നത്. നവാസ് ശരീഫിനെതിരേ അഴിമതി ആരോപണങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും രാജ്യത്തിന്റെ വികസനത്തിനായി ശ്രമിച്ചതിനാലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടതെന്നും വോട്ടെടുപ്പ് ഫലം പുറത്തുവന്നശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ അബ്ബാസി അഭിപ്രായപ്പെട്ടു. ശരീഫ് പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന്് ഇടക്കാല ചുമതല വഹിച്ചത് അബ്ബാസിയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് പ്രതിപക്ഷനേതാക്കള്‍ ആശംസ അറിയിച്ചു. 1978ല്‍ പാകിസ്താനില്‍ അധികാരത്തിലെത്തിയ സിയാവുല്‍ഹഖ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഖാക്വാന്‍ അബ്ബാസിയുടെ മകനാണ് ഷാഹിദ് ഖാക്വാന്‍ അബ്ബാസി.  1988ല്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് ഷാഹിദ് ഖാക്വാന്‍ അബ്ബാസി തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക