|    Oct 18 Thu, 2018 2:57 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഷാര്‍ജ രാജ്യാന്തര പുസ്തക മേള: ശിഹാബ് തങ്ങളെ കുറിച്ച് മൂന്നു ഭാഷകളിലുള്ള പുസ്തകങ്ങളുടെ പ്രകാശനം നവംബര്‍ 2ന്

Published : 30th October 2017 | Posted By: shins

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യുന്ന ‘സയ്യിദ് ശിഹാബ് ജീവചരിത്ര ത്രയം’ സംബന്ധിച്ച് പി.കെ അന്‍വര്‍ നഹ വിശദീകരിക്കുന്നു

ദുബൈ: അക്ഷരങ്ങളെ ആദരിക്കുകയും വായിക്കാനും പഠിക്കാനും നിരന്തരം പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന ധിഷണാശാലിയായ നേതാവിനെ കുറിച്ച് വിവിധ തലങ്ങളിലുള്ള മൂന്ന് ഗ്രന്ഥങ്ങള്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ പ്രകാശനം ചെയ്യുന്നു. അറബ് സമൂഹത്തിനും ഇളം തലമുറക്കും ഉള്‍പ്പെടെ സയ്യിദ് ശിഹാബിനെ ആഴത്തില്‍ അറിയാനും പഠിക്കാനുമുതകുന്ന വിധം അറബി, മലയാളം, ഇംഗഌഷ് ഭാഷകളിലാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്. മലയാളത്തിലുള്ള പുസ്തകം ചെറിയ കുട്ടികള്‍ക്ക് ലളിതമായും വ്യക്തമായും ഗ്രഹിക്കാന്‍ ചിത്രകഥാ രൂപത്തിലാണ് തയാറാക്കിയിട്ടുള്ളത്. സാധാരണ പുസ്തകങ്ങളില്‍ നിന്ന് വിഭിന്നമായി അകക്കാമ്പുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നതാണ് ഇതിന്റെ ആകര്‍ഷകത്വം.

അറബിയിലുള്ള ജീവചരിത്ര ഗ്രന്ഥം അദ്ദേഹത്തിന്റെ ജീവചരിത്ര വിശദാംശങ്ങള്‍, രാഷ്ട്രീയ ജീവിതം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ എന്നിവ വിശദീകരിച്ച് തനതായ അറബി വായനക്കാരെ ലക്ഷ്യമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. സയ്യിദ് ശിഹാബ് പല അറേബ്യന്‍ നേതാക്കളുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ, ഈ പുസ്തകം മിഡില്‍ ഈസ്റ്റിലെ അറബ് വായനക്കാര്‍ നന്നായി ആസ്വദിക്കുമെന്നത് ഉറപ്പാണെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഫീ ദിക്‌രീ സയ്യിദ് ശിഹാബ്’ എന്ന ഈ പുസ്തകം അറബി, മലയാളം ആനുകാലികങ്ങളിലെ എഴുത്തുകാരനും അറബി സാഹിത്യത്തിലും ഫിലോസഫിയിലും ഗവേഷകനുമായ ബഹുഭാഷാ പണ്ഡിതന്‍ കെ.എം അലാവുദ്ദീന്‍ ഹുദവിയാണ് തയാറാക്കിയത്.

സയ്യിദ് ശിഹാബിന്റെ പ്രസംഗങ്ങളിലും മറ്റും വന്ന നിത്യനൂതനവും സകലകാല പ്രസക്തവുമായ ഉദ്ധരണികള്‍ ചേര്‍ത്തൊരുക്കിയ പുസ്തകമാണ്  ഇംഗ്ലീഷില്‍. അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ചും ഹൃദയ വിശുദ്ധിയെ കുറിച്ചും അഗാധമായ അറിവും പാരമ്പര്യങ്ങളോടുള്ള പ്രതിബദ്ധതയും സംബന്ധിച്ചെല്ലാം ബോധ്യമാക്കുന്ന ഉദ്ധരണികളാണിതില്‍. പ്രഭാഷകര്‍ക്കും പഠനഗവേഷണ വിദഗ്ധര്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ കൈപ്പുസ്തകമായി ഉപയോഗിക്കാനാകും വിധത്തിലാണിതിന്റെ സംവിധാനം. ‘സ്‌ളോഗന്‍സ് ഓഫ് ദി സേജ്’ എന്ന് പേരിട്ട ഈ പുസ്തകമെഴുതിയത് ഇംഗ്ലീഷ് കവിയും സാഹിത്യകാരനും യുഎഇയില്‍ താമസക്കാരനുമായ മുജീബ് ജയ്ഹൂണ്‍ ആണ്.

ചിത്രകഥാരൂപത്തില്‍ ആദ്യമായാണ് സയ്യിദ് ശിഹാബിന്റെ ജീവിതം വരച്ചിടുന്നതെന്ന പ്രത്യേകതയുണ്ട് മൂന്നാമത്തെ പുസ്തകത്തിന്. പി.കെ അന്‍വര്‍ നഹയുടെ ആശയത്തിന് ‘സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍’ എന്ന് പേരിട്ട് രചന നിര്‍വഹിച്ചത് എഴുത്തുകാരനും സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ഇ. സാദിഖലിയാണ്. മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളജ് വകുപ്പ് തലവന്‍ രഞ്ജിത് ആണ് ആശയ സംയോജനം. ചരിത്രവും ചരിത്ര സ്മൃതികളും ചിത്രങ്ങളായി മുന്നില്‍ വന്ന് സംസാരിക്കുന്നതിലൂടെ പുതു തലമുറക്ക് വായനയോടും ജീവിത മൂല്യങ്ങളോടും കൂടുതല്‍ അഭിനിവേശമുണ്ടാകാന്‍ സാധ്യമാകുമെന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.

കുട്ടികള്‍ക്കുള്ള പുസ്തകം യുഎഇയിലും നാട്ടിലുമുള്ള സ്‌കൂളുകളില്‍ വിതരണം ചെയ്യും. നവംബര്‍ 2ന് വ്യാഴാഴ്ച രാത്രി 9.30 മുതല്‍ 10.30 വരെ ഇന്റലക്ച്വല്‍ ഹാളിലാണ് ചടങ്ങ്. പി.കെ കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഗ്രന്ഥങ്ങളുടെ പ്രകാശനം നിര്‍വഹിക്കുന്നത്. അറബി, മലയാളം ഭാഷകളില്‍ നിന്നുള്ള സാംസ്‌കാരിക പ്രമുഖര്‍ സന്നിഹിതരാകും.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ചെയര്‍മാന്‍ പി.കെ അന്‍വര്‍ നഹ, വൈസ് ചെയര്‍മാന്‍ ചെമ്മുക്കന്‍ യാഹുമോന്‍, ട്രഷറര്‍ മുസ്തഫ തിരൂര്‍, മീഡിയ വിംഗ് ചെയര്‍മാന്‍ നിഅ്മത്തുല്ല മങ്കട, വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ ബി.പി അങ്ങാടി, ജന.കണ്‍വീനര്‍ വി.കെ റഷീദ്, കണ്‍വീനര്‍ കരീം കാലടി എന്നിവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss