|    Jul 18 Wed, 2018 12:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് ബിരുദം നല്‍കി ; യുവതയുടെ നൂതന ആശയങ്ങള്‍ സമൂഹ പുരോഗതിക്ക് അനിവാര്യം

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: വിദ്യാസമ്പന്നരായ യുവതയുടെ നൂതനമായ ആശയങ്ങള്‍ സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് അനിവാര്യമാണെന്ന് ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിംകൗണ്‍സില്‍ അംഗവുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.  രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി സദാശിവത്തില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമൂഹത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഷാര്‍ജയ്ക്ക് നല്ല ബോധ്യമുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളാവേണ്ട യുവതീയുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സര്‍വകലാശാലയുടെ പങ്ക് സ്തുത്യര്‍ഹമാണ്. മികവിന്റെ കേന്ദ്രമാവാന്‍ അക്ഷീണപ്രയത്‌നം നടത്തുന്ന സര്‍വകലാശാലയ്ക്ക് സുല്‍ത്താന്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചതിന് കേരളത്തോട് അദ്ദേഹം നന്ദിപറഞ്ഞു. നൂറ്റാണ്ടുകളായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ് ഷാര്‍ജയും കേരളവും. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഈ ബന്ധം പരസ്പര സഹകരണത്തിലൂടെ കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്- സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രൊ വിസി മന്ത്രി സി രവീന്ദ്രനാഥ്, വൈസ് ചാന്‍സലര്‍ ഡോ. ബഷീര്‍ എന്നിവരെ പേരെടുത്തുപറഞ്ഞ് അദ്ദേഹം ഷാര്‍ജ സര്‍ക്കാരിന്റെ നന്ദി അറിയിച്ചു. കേരളത്തില്‍ തനിക്കു ലഭിച്ച ഊഷ്മള സ്വീകരണവും ആതിഥേയത്വവും അവിസ്മരണീയമാണെന്നു കൂട്ടിച്ചേര്‍ത്ത സുല്‍ത്താന്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കും സര്‍വോപരി കേരള സമൂഹത്തിനും നന്ദി പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. രാജ്യാന്തരബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങള്‍ കണക്കിലെടുത്തുമാണ് ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേകാതിഥിയായി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss