|    Feb 23 Fri, 2018 7:58 pm
FLASH NEWS
Home   >  National   >  

ഷാരൂഖിനെ കാണാനെത്തിയ ആള്‍ തിരക്കില്‍പ്പെട്ട് മരിച്ചു

Published : 24th January 2017 | Posted By: Navas Ali kn

shahrukh-raees-promotion

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ കാണാനെത്തിയ യുവാവ് തിരക്കില്‍പ്പെട്ട് മരിച്ചു. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ പുതിയ ചിത്രമായ റയീസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഷാരൂഖ് നടത്തിയ ട്രെയിന്‍ യാത്രയിലാണ് ദുരന്തമുണ്ടായത്. വഡോദര റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സിനിമയുടെ പ്രചരണവുമായി ബന്ധപ്പട്ട് ട്രെയിനില്‍ മുംബൈയില്‍ നിന്നു ദില്ലിയിലേക്കു പോകുകയായിരുന്നു കിങ് ഖാന്‍. ആഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസിലാണ് ഷാരൂഖ് വഡോദരയിലെത്തിയത്. സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ആരാധകര്‍ തിക്കിത്തിരക്കി. ഇതിനിടയില്‍ പെട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തകനായ ഫര്‍ഹീദ് ഖാന്‍ പത്താന്‍ കൊല്ലപ്പെട്ടത്.
റയീസ് സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള ട്രെയിന്‍ യാത്രയെക്കുറിച്ച് ഷാരൂഖും അണിയറപ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതു കാരണം ആയിരക്കണക്കിനു പേരാണ് ഷാരൂഖിനെ കാണാനെത്തിയത്. തിക്കും തിരക്കും നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ രണ്ടു പോലിസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഷാരൂഖ് ഖാന്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. തിരക്കു കാരണം താരത്തിന് പുറത്തിറങ്ങാനായില്ല. ഇതോടെ ട്രെയിനിലിരുന്ന് ലൗഡ്‌സ്പീക്കറിലൂടെ തന്റെ സിനിമ എല്ലാവരും കാണണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ടതോടെ ചിലര്‍ പ്ലാറ്റ്‌ഫോമിലൂടെ ഒപ്പം ഓടി. ഇതിനിടെ ചിലര്‍ നിലത്തുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഈ തിരക്കില്‍പ്പെട്ടാണ് ഫര്‍ഹീദ് ശ്വാസംമുട്ടി മരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളും സഹോദരങ്ങളുമായ ഇര്‍ഫാന്‍ പത്താനും യൂസുഫ് പത്താനും ഷാരൂഖിനെ കാണാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയിരുന്നു. തന്നെ കാണാനെത്തിയ ആള്‍ തിരക്കില്‍പ്പെട്ട് മരിച്ചതില്‍ വളരെ ദുഖമുണ്ടെന്ന് ഷാരൂഖ് പ്രതികരിച്ചു. വൈകാതെ തന്നെ മരിച്ചയാളുടെ വീട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss