|    Nov 16 Fri, 2018 11:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഷാജിയുടെ സാക്ഷികള്‍ നുണ പറഞ്ഞു: ഹൈക്കോടതി

Published : 10th November 2018 | Posted By: kasim kzm

കൊച്ചി: മുസ്‌ലിം മതവിശ്വാസം സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പെട്ട ലഘുലേഖകളും മറ്റും ഉപയോഗിച്ച് അഴീക്കോട് മണ്ഡലത്തില്‍ പ്രചാരണം നടത്തിയ കെ എം ഷാജിക്ക് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. ഷാജി ഹാജരാക്കിയ സാക്ഷികള്‍ സത്യങ്ങള്‍ മൂടിവച്ചെന്നും തെളിവെടുപ്പിനിടയില്‍ നുണ പറഞ്ഞെന്നും ഹൈക്കോടതി കണ്ടെത്തി.
പലപ്പോഴും പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാനോ രാഷ്ട്രീയ കൂറു മൂലമോ ആവാം സാക്ഷികള്‍ അങ്ങനെ ചെയ്തതെന്നും ഉദ്യോഗസ്ഥരുടെ മൊഴികള്‍ അടിസ്ഥാനമാക്കിയാണ് സത്യം കണ്ടെത്തിയതെന്നും കോടതി വിശദീകരിച്ചു. തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയുടെ ഏജന്റും മറ്റും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ഥിക്ക് ഉത്തരവാദിത്തമുണ്ട്. വളപ്പട്ടണം പഞ്ചായത്ത് പ്രസിഡന്റ് മനോരമയുടെ വീട്ടില്‍ നിന്നടക്കം ലഘുലേഖകള്‍ പിടിച്ചെടുത്തിരുന്നു. മറ്റു ചില കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. നിരവധി ദിവസങ്ങളിലായി യുഡിഎഫ് പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ നടന്ന പ്രചാരണങ്ങളില്‍ മുകളിലുള്ളവര്‍ക്ക് പങ്കില്ലെന്നു വിശ്വസിക്കാനാവില്ല. ഒരു നല്ല മുസ്‌ലിമിന് വോട്ട് ചെയ്യണമെന്നു പറയുന്നതില്‍ തെറ്റില്ല. പക്ഷേ, അമുസ്‌ലിംകള്‍ക്ക് ചെയ്യരുതെന്ന് പറയരുത്. ഇത്തരം പ്രചാരണങ്ങള്‍ നിയമപരമായി തെറ്റാണെന്നും കോടതി വ്യക്തമാക്കി.
എതിര്‍ സ്ഥാനാര്‍ഥി സ്വന്തം സമുദായ താല്‍പര്യം സംരക്ഷിക്കാന്‍ യോഗ്യനല്ലെന്നു പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. വിവാദ ലഘുലേഖയില്‍ തന്നെ അനുഗ്രഹിക്കണമെന്നു പറയുന്നതിനൊപ്പം എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കുന്നത് തടയുന്നുമുണ്ട്.
വോട്ടര്‍മാരുടെ സമ്മതിദാനാവകാശത്തിനുമേല്‍ മതപരമായ നിറം ചേര്‍ക്കുന്നത് അനുവദിക്കാനാവില്ല. അതിനാല്‍, ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) പ്രകാരം ക്രമക്കേട് നടന്നിട്ടുണ്ട്. മുസ്‌ലിം സമുദായാംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരുമായ രണ്ടു സാക്ഷികളുടെ മൊഴിയില്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയെന്ന് വ്യക്തമാണ്. ലഘുലേഖ വീട്ടില്‍ കൊണ്ടുവന്നു നല്‍കിയെന്നും മതപരമായ അഭ്യര്‍ഥന ലഭിച്ചതിനാല്‍ നിങ്ങള്‍ക്ക് എങ്ങനെ വോട്ട് നല്‍കാനാവുമെന്ന് ഇവര്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരോടു ചോദിച്ചെന്നും തെളിവെടുപ്പില്‍ രണ്ടു പേര്‍ നല്‍കിയ മൊഴിയില്‍ പറയുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss