|    Dec 18 Tue, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഷാജിക്കു നിയമസഭാ നടപടികളില്‍ പങ്കെടുക്കാം

Published : 23rd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കുന്നതിന് വര്‍ഗീയപ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നു സുപ്രിംകോടതി. എന്നാല്‍, എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ അദ്ദേഹത്തിന് അവകാശമുണ്ടാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വാക്കാല്‍ നിരീക്ഷിച്ചു.
ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കെ എം ഷാജിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് ഹൈക്കോടതി തന്നെ നല്‍കിയ സ്‌റ്റേ ഇന്നലെ അവസാനിച്ചിരുന്നു. 27ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി സുപ്രിംകോടതിയെ സമീപിച്ചത്. അപ്പീല്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് വ്യക്തമായതോടെ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ഷാജിയുടെ അഭിഭാഷകന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
സ്‌റ്റേ ഓര്‍ഡറിന്റെ ബലത്തില്‍ എംഎല്‍എയായി ഇരിക്കാനാണോ ആഗ്രഹിക്കുന്നതെന്നായിരുന്നു ഇതിനോട് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തിങ്കളാഴ്ച അപ്പീല്‍ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ വീണ്ടും അഭ്യര്‍ഥിച്ചെങ്കിലും തിയ്യതി ഇപ്പോള്‍ നിശ്ചയിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
അതേസമയം, സുപ്രിംകോടതി പരാമര്‍ശത്തില്‍ സന്തോഷമുണ്ടെന്ന് ഷാജി പറഞ്ഞു. എന്നാല്‍, സഭയില്‍ പ്രവേശിക്കാനാവില്ലെന്ന സ്പീക്കറുടെ പ്രസ്താവന അദ്ദേഹത്തിന്റെ അന്തസ്സിനു ചേര്‍ന്നതല്ലെന്ന് ഷാജി പ്രതികരിച്ചു. ഉത്തരവില്ലാതെ നിയമസഭയില്‍ കടക്കുമെന്ന് താന്‍ വെല്ലുവിളിച്ചിട്ടുണ്ടോ എന്നും ഷാജി ചോദിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss