|    Oct 18 Thu, 2018 6:00 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഷഹബാസ്: ദാര്‍ശനിക ഗായകന്‍

Published : 9th March 2018 | Posted By: kasim kzm

ശ്രീകുമാര്‍ നിയതി
കോഴിക്കോട്: ദാര്‍ശനികനായ സംഗീതകാരന് ഒരു സംസ്ഥാന പുരസ്‌കാരം ഒന്നുമല്ല. ശബ്ദഗുണത്തെ ഏറെ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന ഒരു പാട്ടുകാരന് ഇത്തവണ ഈ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. സംഗീതത്തെ ഏറെ ഗൗരവത്തോടെ മാത്രം കാണുന്ന ആസ്വാദകക്കൂട്ടങ്ങളില്‍ തന്റെ സിദ്ധിയുടെ വെളിച്ചത്തെ പ്രകാശിപ്പിക്കുന്ന ഒരു ആലാപനരീതിയാണ് ഷഹബാസിന്റേത്.
ഷഹബാസ് അമന്‍ പാടുമ്പോള്‍ സംഗീതത്തെക്കുറിച്ച് അറിവുള്ളവര്‍ പോലും ഒന്നു പതറും. ഏത് ഘരാനയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് തിട്ടപ്പെടുത്താനാവാതെ. ആസ്വാദകവൃന്ദത്തിനു പിടികൊടുക്കാത്ത ആ ശബ്ദം പലപ്പോഴും ദുഃഖപൂരിതം. പതിവ് ചലച്ചിത്ര പിന്നണി ഗായകര്‍ തീര്‍ക്കാറുള്ള ഒരു ശബ്ദപ്രപഞ്ചമൊന്നും ആ കണ്ഠത്തില്‍ നിന്നു പുറത്തുവരാറില്ല. സ്വയം മറന്നു പാടുന്നു എന്നൊക്കെ നാം അതിശയോക്തിയോടെ പറയാറില്ലേ, അതാണ് ആ ആലാപനശൈലി. എന്നിട്ടും മലയാളി ആ പാട്ടുകളെ ഹൃദയത്തോട് ചേര്‍ത്തുവച്ചു. ജന്‍മം കൊണ്ട് മലപ്പുറത്തുകാരനാണ് ഷഹബാസ്; ജീവിതം കൊണ്ട് കോഴിക്കോട്ടുകാരനും.
കോഴിക്കോടന്‍ സംഗീത പാരമ്പര്യത്തിന്റെ വേരുകള്‍ തേടിയായിരുന്നു കോഴിക്കോട്ട് എത്തിയത്. കോഴിക്കോട്ടെ സംഗീതരാവുകള്‍ക്ക് സാന്ദ്രത പകരാന്‍ നിയോഗമായി. ഗസലുകള്‍ സ്വയം ചിട്ടപ്പെടുത്തി. എക്കാലത്തും ആല്‍ബങ്ങളോടായിരുന്നു പ്രണയം. ഒഎന്‍വി കുറുപ്പിന്റെ ‘സഹയാത്രികേ സജിനീ’, ‘അലകള്‍ക്ക് നീയും നിലാവും’, ‘ജൂണ്‍ മഴയില്‍’- ഇങ്ങനെ എത്രയെത്ര ആല്‍ബങ്ങള്‍. ഗസലും മെലഡികളുമായി സഞ്ചരിക്കുന്നതിനിടയില്‍ 2005ല്‍ ലാല്‍ജോസിന്റെ ‘ചാന്തുപൊട്ടി’ല്‍ ‘ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്’ എന്ന ഗാനം ആലപിച്ചാണ് സിനിമയില്‍ എത്തുന്നത്.
‘ചോക്ലേറ്റ്’ (ഇഷ്ടമല്ലേ), ‘ബാവുട്ടിയുടെ നാമത്തില്‍’, ‘ഷട്ടര്‍’ (ഈ രാത്രിയില്‍), ‘വിക്രമാദിത്യന്‍’ (മനസ്സിന്‍ തിങ്കളേ), ‘റോസ് ഗിറ്റാറിനാല്‍’ (ഈ കാറ്റിലും) തുടങ്ങിയ ഓരോ പാട്ടും ഒന്നിനൊന്ന് മികച്ചവ. സംഗീത സംവിധായകനായും മലയാള സിനിമയുടെ ഭാഗമായി. ജോയ് മാത്യുവിന്റെ ‘ഷട്ടര്‍’, രഞ്ജിത്തിന്റെ ‘ഇന്ത്യന്‍ റുപ്പി’, ‘സ്പിരിറ്റ്’, ‘ബാവുട്ടിയുടെ നാമത്തില്‍’, ‘റോസ് ഗിറ്റാറിനാല്‍’, ‘ബാല്യകാല സഖി’ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും ഷഹബാസ് അമന്‍. ‘പരദേശി’യിലും പുറത്തിറങ്ങാതെപോയ ‘അത് മന്ദാരപ്പൂവല്ല’ എന്നിവയിലും സംഗീത സംവിധായകനായി. ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’, രാജീവ് രവിയുടെ ‘ഞാന്‍ സ്റ്റീവ് ലോപസ്’, ആഷിഖ് അബുവിന്റെ ‘മായാനദി’ എന്നിവയില്‍ കംപോസിങ് ചെയ്ത് മലയാള ചലച്ചിത്ര ഗാനശൈലിക്ക് വേറിട്ടൊരു പാത പണിതു. ‘മായാനദി’യിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’, ‘കാറ്റില്‍’ എന്നീ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി.
ഇപ്പോഴിതാ മികച്ച ഗായകനായി ഷഹബാസ് അമനെ തിരഞ്ഞെടുത്തിരിക്കുന്നു. സൂഫി സംഗീതം കേരളത്തില്‍ പ്രചരിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. സച്ചിദാനന്ദന്റെ വരികളില്‍ ‘മകരക്കുളിര്‍മഞ്ഞില്‍’, മാധവിക്കുട്ടിയുടെ ‘അലയൊതുങ്ങിയ കടല്‍ക്കരയില്‍’, റഫീഖ് അഹമ്മദിന്റെ ‘മഴ കൊണ്ടു മാത്രം’ എന്നിവയിലൂടെ ഷഹബാസ് അമന്‍ എന്ന ഗായകനെ മലയാളി എന്നും ഓര്‍ക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss