|    Mar 23 Fri, 2018 9:05 am
Home   >  Kerala   >  

ഷബീര്‍ വധം: പ്രതികള്‍ക്ക് എട്ടുവര്‍ഷംകഠിനതടവും പിഴയും

Published : 13th October 2017 | Posted By: shadina sdna


തിരുവനന്തപുരം: വക്കം റെയില്‍വേ സ്‌റ്റേഷന് സമീപം പട്ടാപ്പകല്‍ യുവാവിനെ അടിച്ചു കൊന്ന കേസില്‍ പ്രതികള്‍ക്ക് എട്ടുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹരിപാലാണ് ശിക്ഷവിധിച്ചത്. വക്കം ഉടക്കുവിളാകത്തു വീട്ടില്‍ സതീഷ്, സന്തോഷ്, വിനായകന്‍ എന്ന ഉണ്ണിക്കുട്ടന്‍, കിരണ്‍ കുമാര്‍ എന്ന വാവ എന്നിവര്‍ക്കാണു ശിക്ഷവിധിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്ന കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അഞ്ചാംപ്രതി രാജു എന്ന അപ്പി ആത്മഹത്യ ചെയ്തിരുന്നു. ആറാംപ്രതി നിധിന്‍ എന്ന മോനുക്കുട്ടനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുെതവിട്ടു. 2016 ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വക്കം തൊപ്പിക്കവിളാകം റെയില്‍വേ സ്റ്റേഷന് സമീപത്ത് നാട്ടുകാരുടെ മുമ്പില്‍ വച്ച് പ്രതികള്‍ ഷബീര്‍ എന്ന യുവാവിനെ മര്‍ദിച്ചു കൊല്ലുകയായിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിനെ ആറംഗസംഘം തടഞ്ഞുനിര്‍ത്തി മൃഗീയമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ക്ഷേത്ര ഉല്‍സവച്ചടങ്ങ് തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരേ ഷബീര്‍ സാക്ഷിപറഞ്ഞതാണ് കൊലയ്ക്ക് കാരണം. കടക്കാവൂര്‍ പോലിസാണ് കേസ് അന്വേഷിച്ചത്. കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. ഇവരെല്ലാം തന്നെ നേരത്തെയും വിവിധ കേസുകളില്‍ പ്രതികളാണ്. ഷബീറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വക്കം പത്മനാഭ മന്ദിരത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നു വിളിക്കുന്ന ബാലുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഇതേത്തുടര്‍ന്നാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. ഡിജിപിയായിരുന്ന ടി പി സെന്‍കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഐജി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss