|    Oct 22 Mon, 2018 7:31 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഷണ്‍മുഖവിലാസത്ത് സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റം; നടപടിയെടുക്കാതെ റവന്യൂ വകുപ്പ്

Published : 23rd August 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: ചിന്നക്കനാല്‍ വില്ലേജിലെ ഷണ്‍മുഖവിലാസത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. നടപടിക്രമങ്ങളുടെ പേരുപറഞ്ഞ് ഒഴിപ്പിക്കല്‍ നടപടികള്‍ വൈകിപ്പിക്കുകയാണ് ഉടുമ്പഞ്ചോല താലൂക്ക് ഓഫിസ്. കൈയേറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നു മാസം പിന്നിട്ടിട്ടും മുന്‍ മന്ത്രി കെ എം മാണിയുടെ ബന്ധുക്കളും സിപിഎം നേതാവും പാലാ സ്വദേശിയുമൊക്കെ ഉള്‍പ്പെട്ട കൈയേറ്റക്കാര്‍ സര്‍ക്കാര്‍ഭൂമിയില്‍ അധീശത്വം ഉറപ്പിക്കുന്ന നിലയിലാണ്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കാത്തതിനാല്‍ ഭൂസംരക്ഷണസേനയ്ക്കും ഇവിടെ ഒന്നും ചെയ്യാനാവുന്നില്ല. കൈയേറ്റത്തിന്റെ വിശദാംശങ്ങള്‍ യഥാസമയം റവന്യൂ അധികൃതരെ അറിയിക്കുകയെന്നതു മാത്രമാണ് ഇപ്പോള്‍ ഇവരുടെ ജോലി.
മുന്‍ മന്ത്രി കെ എം മാണി എംഎല്‍എയുടെ സ്വന്തം ബിസിനസ് സ്ഥാപനമായ ഇടയ്ക്കാട്ടുകുടി ഗ്രൂപ്പ് പത്തേമുക്കാ ല്‍ ഏക്കര്‍ ഭൂമിയിലാണ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് ഇവിടെ മാത്രം അന്യാധീനപ്പെട്ടിരിക്കുന്നത്. ഇടയ്ക്കാട്ടുകുടി ഗ്രൂപ്പിന്റെ കൈയേറ്റത്തെക്കുറിച്ചു പഠിക്കുകയാണെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ക്രമവിരുദ്ധമായി നല്‍കിയതെന്ന് 2008ല്‍ പ്രത്യേക ദൗത്യസംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയ പട്ടയങ്ങളാണ് ഇടയ്ക്കാട്ടുകുടിയുടേത്. ഇവിടെ ഭൂമിക്കു ചുറ്റും വൈദ്യുതിവേലി സ്ഥാപിച്ചതും ചെറുതും വലുതുമായ നിര്‍മാണജോലികള്‍ നടത്തുന്നതും തേജസ് നേരത്തേ ചിത്രം സഹിതം റിപോര്‍ട്ട് ചെയ്തിരുന്നു.
പാലാ സ്വദേശി ഇവിടെ രണ്ടു ഹെക്ടര്‍ ഭൂമിയാണ് കൈയടക്കി വേലികെട്ടിവച്ചിരിക്കുന്നത്. ഇവിടെ സ്ഥാപിച്ച താല്‍ക്കാലിക ഷെഡ് മാറ്റി വീട് പണിതിട്ടും അധികൃതര്‍ അനങ്ങുന്നില്ല. 2013 ജൂണ്‍ മൂന്നിന് ഭൂസംരക്ഷണസേന ഒഴിപ്പിച്ച സ്ഥലത്താണ് പാലാ സ്വദേശി വീണ്ടും കൈയേറ്റം നടത്തിയത്. ഒഴിപ്പിച്ചതിനെതിരേ ഇദ്ദേഹവും കോടതിയെ സമീപിച്ചു. തല്‍സ്ഥിതി തുടരാനായിരുന്നു കോടതി ഉത്തരവ്. എന്നാല്‍, ഇവിടെ കൃഷിയിറക്കി. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വലിയ കാപ്പിച്ചെടികളും മറ്റും വേരോടെ പിഴുതുകൊണ്ടുവന്ന് ഇവിടെ കുഴിച്ചിടുകയാണ് ചെയ്തതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇക്കാര്യം ഭൂസംരക്ഷണസേന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ യഥാസമയം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കോടതി നല്‍കിയ ഉത്തരവിലെ കാലാവധി ജൂണ്‍ 20ഓടെ അവസാനിച്ചതാണ്. ഇതിനിടെ താല്‍ക്കാലിക ഷെഡ് മാറ്റി വീട് തന്നെ ഇവിടെ ഉയര്‍ന്നു. കോടതി ഇടപെട്ട കേസായതിനാല്‍ തഹസില്‍ദാരുടെ പ്രത്യേക അനുമതി കിട്ടിയാല്‍ മാത്രമേ കൈയേറ്റം പൊളിച്ചുനീക്കാനാവൂ. അതിനാല്‍ ഭൂസംരക്ഷണസേനയും ഇവിടെ കാഴ്ചക്കാരാവുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss