|    Nov 14 Wed, 2018 6:42 pm
FLASH NEWS

ഷട്ടര്‍ തുറക്കല്‍: തീരദേശത്തെ 444 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published : 11th August 2018 | Posted By: kasim kzm

ഇടുക്കി: അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നുവിട്ടതിനെ തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. വ്യാഴാഴ്ച 50 ക്യുമെക്‌സ് ജലം തുറന്നുവിട്ടുകൊണ്ട് പരീക്ഷണാടിസ്ഥാനത്തിലാണ് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നത്. എന്നാല്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ആ ഷട്ടര്‍ തുറന്നുതന്നെ വയ്ക്കുകയും വെള്ളിയാഴ്ച രാവിലെ 7ന് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയും ചെയ്തു.
11.30ഓടെ ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമായി ഉയര്‍ത്തി 300 ക്യുമെക്‌സ് വെള്ളവും ഉച്ചക്ക് 1.30ഓടെ 400, 500, 600 ക്യുമെക്‌സ് വീതം ഘട്ടംഘട്ടമായി ഉയര്‍ത്തി. എല്ലാ ഷട്ടറുകളും തുറന്ന് 600 ക്യുമെക്‌സ് ജലം തുറന്നുവിട്ടുതുടങ്ങി. ചെറുതോണി ഡാമില്‍ നിന്നുള്ള വെള്ളം പെരിയാറിലേക്ക് ഒഴുകുന്ന വഴികളെല്ലാം നിയന്ത്രണാധീനമാണെന്നും ജനങ്ങളുടെ രക്ഷയ്ക്കുള്ള എല്ലാ നടപടികളും സ്വീകരിച്ചുവെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളില്‍ ബാധിക്കപ്പെടാവുന്ന വീടുകളില്‍ താമസിക്കുന്നവരെയെല്ലാം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയും കാലവര്‍ഷ കെടുതി അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും ഇടുക്കി താലൂക്കില്‍ ഏഴ് ക്യാമ്പുകളാണ് തുറന്നത്.
അവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. പണിക്കന്‍കുടി ജിഎല്‍പിഎസില്‍ 52ഉം പന്നിയാര്‍കുട്ടി എല്‍പിഎസില്‍ 62ഉം മുള്ളരിക്കുടി ജിഎല്‍പിഎസില്‍ 24 പേരും മനിയറ അംഗന്‍വാടിയില്‍ 6 പേരും മുനിയറ എല്‍പിഎസില്‍ 96ഉം കീരിത്തോട് പാരിഷ് ഹാളില്‍ 233ഉം ക്രിസ്തുരാജ പാരീഷ്ഹാളില്‍ 75ഉം പേര്‍ താമസിക്കുന്നുണ്ട്. ആരോഗ്യരക്ഷ ഉറപ്പാക്കാനായി വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നിവിടങ്ങളിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും സജ്ജമാക്കി. ചെറുതോണി, തടിയമ്പാട്, കീരിത്തോട്, എന്നിവിടങ്ങളില്‍ മൊബൈല്‍ യൂണിറ്റുകളുണ്ട്. ആവശ്യമായ മരുന്നുകളും സ്റ്റാഫിനെയും ഒരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടിവെള്ള സ്രോതസുകള്‍ മലിനമായാല്‍ ശുദ്ധീകരിക്കാന്‍ ബ്ലീൈച്ചിങ് പൗഡറും ക്ലോറിന്‍ ടാബ് ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. മുഖ്യന്ത്രി പിണറായി വിജയന്‍, വൈദ്യതി വകുപ്പ് മന്ത്രി എം എം മണി, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച് കുര്യന്‍, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു എന്നിവരുള്‍പ്പെടെയുള്ളവര്‍ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss