|    Dec 13 Thu, 2018 7:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി

Published : 16th November 2018 | Posted By: kasim kzm

കൊച്ചി: തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ ഭാര്യ പി എം ഷഹലയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. നിയമനത്തിനു വേണ്ടി നടത്തിയ ഇന്റര്‍വ്യൂവില്‍ ഒന്നാംറാങ്ക് നേടിയ ഡോ. എം പി ബിന്ദുവിന് ഈ തസ്തികയില്‍ പകരം നിയമനം നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. പി എം ഷഹലയുടെ നിയമനം സംവരണചട്ടവും മറ്റു മാനദണ്ഡങ്ങളും പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ അധ്യാപക നിയമനത്തിനായി സര്‍വകലാശാല നടത്തിയ വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഒന്നാംറാങ്ക് നേടിയ തന്നെ മറികടന്ന് ഷഹലയെ നിയമിച്ച നടപടി ചോദ്യം ചെയ്ത് കണ്ണൂര്‍ ചാവശേരി സ്വദേശിനിയായ ബിന്ദുവാണ് കോടതിയെ സമീപിച്ചത്.
2015-18 കാലഘട്ടത്തില്‍ ഇവിടെ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഹരജിക്കാരി. 2018ലെ നിയമനത്തിനായി ജൂണ്‍ 14ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെന്നും ബന്ധപ്പെട്ട ഡിപാര്‍ട്ട്‌മെന്റില്‍ അന്വേഷിച്ചപ്പോള്‍ തനിക്ക് ഒന്നും ഷഹലയ്ക്ക് രണ്ടും റാങ്കുകളാണ് കിട്ടിയതെന്ന് അറിയാന്‍ കഴിഞ്ഞതായും ബിന്ദു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹരജിക്കാരിയേക്കാള്‍ അഞ്ചു മാര്‍ക്ക് കുറവാണ് ഷഹലയ്ക്ക്. എന്നാല്‍, തന്നെ മറികടന്ന് ജൂലൈ 19ന് ഷഹലയ്ക്ക് നിയമനം നല്‍കുകയായിരുന്നുവെന്നാണ് ഹരജിയിലെ ആരോപണം.
സംവരണ ചട്ടപ്രകാരമാണ് ഷഹലയ്ക്കു നിയമനം നല്‍കിയതെന്നാണ് സര്‍വകലാശാല നല്‍കിയ വിശദീകരണം. എന്നാല്‍, കരാര്‍ നിയമനങ്ങളില്‍ സാധാരണ സര്‍വകലാശാല സംവരണചട്ടം പാലിക്കാറില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു തസ്തികയിലേക്കു മാത്രം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുമ്പോള്‍ സംവരണാടിസ്ഥാനത്തില്‍ നിയമനം പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് നിലവിലുണ്ട്. തുടര്‍ന്നാണ് ഒന്നാംറാങ്കുകാരിയെ മറികടന്നുള്ള നിയമനത്തിന് സാധുതയില്ലെന്നു വ്യക്തമാക്കി ഉത്തരവിറക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss