|    Jan 24 Tue, 2017 2:43 pm
FLASH NEWS

ഷംനയുടെ മരണം: വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് പോലിസിന് കൈമാറി

Published : 6th October 2016 | Posted By: Abbasali tf

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനി ഷംന തസ്‌നിം കുത്തിവയ്പിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ചികില്‍സ സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിച്ച വിദഗ്ധ പാനലിന്റെ റിപോര്‍ട്ട് പോലിസിന് കൈമാറി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കണ്‍വീനറായുള്ള സമിതിയില്‍ നിയമവിദഗ്ധന്‍, ഫോറന്‍സിക് വിഭാഗത്തിലെ വിദഗ്ധര്‍ക്കുപുറമെ കാര്‍ഡിയോളജി വിഭാഗത്തിലേയും അനസ്‌തേഷ്യാ വിഭാഗത്തിലേയും അംഗങ്ങള്‍ അടങ്ങുന്ന സമിതിയുടെ റിപോര്‍ട്ടാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ജുലൈ 18നാണ് ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം ഐഷാ മന്‍സിലില്‍ അബൂട്ടിയുടെ മകളുമായ ഷംന തസ്‌നീം(21) മെഡിക്കല്‍ കോളജിലെ കുത്തിവയ്പിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. ഷംനയുടെ പിതാവിന്റെ പരാതിയില്‍ കളമശ്ശേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയുമാണ്. ഷംനയുടെ മരണത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികളും ബന്ധുക്കളും മെഡിക്കല്‍ കോളജിനെതിരേ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിദ്യാര്‍ഥിനിയെ മെഡിക്കല്‍ കോളജില്‍ ചികില്‍സിച്ച ഡോക്ടര്‍മാരില്‍നിന്നും ശേഖരിച്ച വിവരങ്ങളും ബന്ധുക്കളില്‍നിന്നും വിദ്യാര്‍ഥിനിയുടെ കൂട്ടിരിപ്പുകാരില്‍നിന്നും ശേഖരിച്ച മൊഴികളും ചികില്‍സ സംബന്ധിച്ച ആശുപത്രി റെക്കോര്‍ഡ് രേഖകളും പോലിസ് അന്വേഷണസമിതിക്ക് നല്‍കിയിരുന്നു. കൂടാതെ ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് പോലിസ് വിദഗ്ധ സമിതി മുമ്പാകെ നിരവധി ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. ഇതെല്ലാം പരിശോധിച്ച റിപോര്‍ട്ടാണ് വിദഗ്ധ സമിതി ഇന്നലെ പോലിസിന് കൈമാറിയത്. ചികില്‍സിച്ച ഡോക്ടര്‍ക്ക് പിഴവുപറ്റിയതായാണ് കിട്ടിയ വിവരം. ഇതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മൂന്നാഴ്ചക്കുള്ളില്‍ ചീഫ്് സെക്രട്ടറി റിപോര്‍ട്ട് സമര്‍പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക