|    Aug 21 Mon, 2017 3:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശ്വാസം കിട്ടാതെ മരിച്ചത് 63 കുട്ടികള്‍

Published : 13th August 2017 | Posted By: fsq

 

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനു കീഴിലെ ഗൊരഖ്പൂര്‍ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ചു ദിവസത്തിനിടെ മരിച്ചത് 63 കുട്ടികള്‍. ആഗസ്ത് 7 മുതല്‍ 11 വരെ 60  കുഞ്ഞുങ്ങളാണ് വിവിധ വാര്‍ഡുകളിലായി മരിച്ചതെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 10, 11 തിയ്യതികളില്‍ മാത്രം 30 കുട്ടികള്‍ മരണപ്പെട്ടു. ഇന്നലെ മൂന്നു കുട്ടികളാണ് അന്ത്യശ്വാസം വലിച്ചത്. സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി ആശുപത്രിക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതാണ് മരണകാരണമെന്നാണ് റിപോര്‍ട്ട്. തിരഞ്ഞെടുപ്പു സമയത്ത് ഗൊരഖ്പൂര്‍ എംപിയായ നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളായിരുന്നു പ്രധാന പ്രചാരണായുധം. യോഗിയുടെ മാതൃകാ ആശുപത്രിയിലാണ് അനാസ്ഥയുടെ ഇരകളായി 63 കുഞ്ഞുങ്ങള്‍ ജീവശ്വാസം ലഭിക്കാതെ മരിച്ചത്. ആഗസ്ത് 7നു മാത്രം ഒമ്പതു പേര്‍ മരിച്ചു. ഇതില്‍ നാലു കുട്ടികള്‍ നവജാത ശിശുക്കളായിരുന്നു. ആഗസ്ത് 8ന് 12 കുട്ടികള്‍ മരിച്ചു. ഏഴു പേര്‍ നവജാത ശിശുക്കളാണ്. ആഗസ്ത് 9ന് ഒമ്പതു കുട്ടികളും 10ന് 23 കുട്ടികളും മരിച്ചു. ആഗസ്ത് 11ന് ഏഴു കുട്ടികളാണ് മരിച്ചത്.   ഇതുവരെ മരിച്ചതില്‍ 34 കുട്ടികളും നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിഞ്ഞവരാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആശുപത്രിയുടെ പത്തു കിടക്കകളുള്ള തീവ്രപരിചരണ വിഭാഗത്തിന്റെയും അത്യാഹിത വിഭാഗത്തിന്റെയും ഉദ്ഘാടനത്തിനായി ആഗസ്ത് 9ന് ഇവിടെ എത്തിയിരുന്നു. അന്ന് ഒമ്പതു കുട്ടികളാണ് മരണപ്പെട്ടത്. ജാപനീസ് എന്‍സെഫലൈറ്റിസ് വൈറസ് ബാധയും അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോമും ബാധിച്ച കുട്ടികളെ പ്രവേശിപ്പിച്ച വാര്‍ഡും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. അതേസമയം, ഓക്‌സിജന്‍ ലഭ്യമല്ലാതിരുന്നതാണ് മരണകാരണമെന്ന വാദം സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും തള്ളി.  അതിനിടെ, ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തതായി സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി അശുതോഷ് ഠാണ്ഡന്‍ അറിയിച്ചു. സംഭവം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തേ തന്നെ സ്ഥാനം രാജിവച്ചിരുന്നുവെന്ന് ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക