|    Apr 26 Thu, 2018 9:41 am
FLASH NEWS

ശ്വാന സൗഹൃദജില്ല പേരിലൊതുങ്ങി; തെരുവുനായശല്യം രൂക്ഷം

Published : 6th September 2016 | Posted By: SMR

പാലക്കാട്:  ശ്വാന സൗഹൃദജില്ലയായി പ്രഖ്യാപിച്ചിട്ടും നഗര-ഗ്രാമവ്യത്യാസങ്ങളില്ലാതെ തെരുവു നായശല്യം രൂക്ഷമാവുന്നു. വഴിയോരങ്ങളിലും മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന ഭാഗങ്ങളിലുമാണ് തെരുവ് നായകള്‍ വിലസുന്നത്.  കാലങ്ങളായി തെരുവുനായകള്‍ വിഹരിക്കുന്ന പാലക്കാട് നഗരത്തില്‍ വാഹനയാത്രയും കാല്‍നടയാത്രയും പേടിസ്വപ്‌നമാവുകയാണ്.
നായ കുറുകെ ചാടിയതുമൂലം അപകടമരണം ഉള്‍പ്പെടെ നിരവധി സംഭവങ്ങളാണ് സമീപ കാലത്ത് ജില്ലയില്‍ നടന്നത്. ആറുമാസത്തിനിടെ കന്നുകാലികളും നായ്ക്കളും മൂലം നഗരത്തില്‍ ആറുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. നായ കുറുകെ ചാടി കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തില്‍ കുഞ്ഞ് മരിച്ചിരുന്നു. കഴിഞ്ഞമാസം തിരുനെല്ലായ- മെഴ്‌സി കോളജ് റോഡില്‍ നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറും ആറ് സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു.
വള്ളിക്കോട് തെരുവു നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആറാം ക്ലാസ് വിദ്യാര്‍ഥിനി ഇപ്പോഴും തൃശൂരില്‍ ചികില്‍സയിലാണ്. തെരുവു നായകള്‍മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഇതിനും പുറമെയാണ്. തെരുവു നായകള്‍ കുറുകെ ചാടുന്നതുമൂലം ഏറെയും അപടകടത്തില്‍പ്പെടുന്നത് ബൈക്ക് യാത്രക്കാരാണ്. രാത്രിയില്‍ ഹോട്ടലുകളില്‍ നിന്നും മറ്റും വ്യാപകമായി മാലിന്യം തുറസ്സായ സ്ഥലങ്ങളില്‍ തള്ളുന്നത് ഭക്ഷിക്കാനെത്തുന്ന തെരുവു നായകള്‍ അവിടെ തമ്പടിക്കുന്നു. തട്ടുകടകളില്‍ നിന്നും ഇറച്ചികടകളില്‍ നിന്നും മാലിന്യങ്ങള്‍ തെരുവ് നായകളുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊടുക്കുന്നതും പതിവ് കാഴ്ച്ചയാണ്. ഇവിടെ നായകള്‍ തമ്മില്‍ കടികൂടുകയും ആളുകളെ അക്രമിക്കുകയും ചെയ്യുന്നുണ്ട്. കോങ്ങാട,് പെരിങ്ങോട്, അഴിയന്നൂര്‍ ഭാഗത്ത് പേപ്പട്ടിയുടെ കടിയേറ്റ് ഒന്‍പതു പേര്‍ക്ക് പരിക്കേറ്റിരുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയമുണ്ട്. പേ ഇളകിയ പട്ടിയുടെ കടിയേറ്റ് മറ്റു നായകളും പേ ബാധ ഭീഷണിയിലാണെന്നതും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
2012ലെ സെന്‍സസ് പ്രകാരം 1283 തെരുവുനായകളാണ് നഗരത്തിലുള്ളതെങ്കിലും ഇപ്പോ ള്‍ ഇത് 3000ലധികമായി ഉയര്‍ന്നിട്ടുണ്ട്. മൃഗാശുപത്രിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വന്ധ്യകരണം പദ്ധതിക്ക് അകാലചരമം വന്നതോടെ നഗരത്തില്‍ വീണ്ടും തെരുവു നായശല്യം ഏറുകയാണ്.
എന്നാല്‍, നഗരത്തിലെ തെരുവുനായ ശല്യം നിയന്ത്രിക്കാനായി മന്ത്രിതലത്തില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നഗരസഭയിലെ വന്ധ്യകരണം പദ്ധതിയും നാളുകള്‍ കഴിഞ്ഞപ്പോള്‍ നാഥനില്ലാ കളരിയായി. ഒരു നായയെ പ്രചനന നിയന്ത്രണം ചെയ്യണമെങ്കില്‍ 1200 രൂപയോളം ചെലവുണ്ട്. പട്ടികളെ പിടികൂടുന്നവര്‍ക്കുള്ള തുക ഡോക്ടറുടെ സേവനം മൂന്നു ദിവസത്തെ നിരീക്ഷണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെങ്കിലും ഈ തുക എങ്ങുമെത്താത്ത സ്ഥിതിയാണ് വന്ധ്യംകരണം പദ്ധതിയെ താളം തെറ്റിക്കുന്നത്.
വളര്‍ത്തു നായക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും വന്ധ്യംകരണം പദ്ധതിയും എല്ലാം നികത്തി ശ്വാന സൗഹൃദ ജില്ലയായി പ്രഖ്യാപിച്ചിട്ടും നഗരനിരത്തുകളിലും ജില്ലയിലെ ഗ്രാമീണ മേഖലകളിലും ബസ് സ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും രാപകലന്യേ അലഞ്ഞു തിരിയുന്ന തെരുവുനായ ശല്യത്തിന് അറുതിവരുന്നില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss