|    Sep 22 Sat, 2018 7:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശ്രീശാന്തിന്റെ ഹരജി സുപ്രിംകോടതി തള്ളി

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വിദേശത്ത് കളിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം എസ് ശ്രീശാന്തിന്റെ ആവശ്യം പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ബിസിസിഐയുടെ അപ്പീല്‍ ഹരജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഇടപെടാനാവില്ലെന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ചാണ് ഇന്നലെ ഹരജി പരിഗണിച്ചത്.
രാജ്യത്ത് കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വിദേശത്തെങ്കിലും കളിക്കാന്‍ അനുമതി നല്‍കണമെന്നു ശ്രീശാന്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇടപെടാനാവില്ലെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും വ്യക്തമാക്കിയാണ് സുപ്രിംകോടതി ഹരജി തള്ളിയത്. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചിട്ടില്ല. കോടതി വിധിക്കെതിരേ ബിസിസിഐ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിനിടെ, കേരള ഹൈക്കോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയിരുന്നെങ്കിലും കളിക്കാനുള്ള അനുമതി ബോര്‍ഡ് നല്‍കിയില്ല. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേയുള്ള ബിസിസിഐയുടെ അപ്പീലും കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഐപിഎല്‍ 2013 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിയില്‍ ഒത്തുകളി ആരോപിച്ച് ഡല്‍ഹി പോലിസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ബിസിസിഐ ശ്രിശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss