|    Nov 25 Sat, 2017 11:21 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ശ്രീശാന്തിന്റെ വിലക്ക് : ബിസിസിഐ തീരുമാനം ഇന്ന് ഉണ്ടായേക്കും

Published : 9th August 2017 | Posted By: fsq

 

കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയതോടെ ശ്രീശാന്തിന് ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയുമോയെന്ന ചര്‍ച്ചകള്‍ സജീവമാവുന്നു. ഇന്ന് മുംബൈയില്‍ ചേരുന്ന ബിസിസിഐയുടെ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി  നീക്കിയത് സംബന്ധിച്ച് ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.അപ്രതീക്ഷിതമായി കോടതി വിധിയുണ്ടായതിനാല്‍ ഈ വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് ബിസിസിഐയുമായി അടുത്തു നില്‍ക്കുന്നവര്‍ നല്‍കുന്ന സൂചന. കോടതി വിധി വന്ന് രണ്ടു ദിവസം കഴിഞ്ഞെങ്കിലും വിധി പരിശോധിക്കുമെന്നല്ലാതെ ബിസിസിഐ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.  സുപ്രിംകോടതി നിയോഗിച്ച പുതിയ ഭാരവാഹികളില്‍ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് നീക്കാതെ ബിസിസിഐ കടുംപിടുത്തം തുടര്‍ന്നപ്പോള്‍ സുപ്രിംകോടതി നിയോഗിച്ച ഇടക്കാല ഭാരവാഹികളെ കൂടി കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ശ്രീശാന്ത് അപേക്ഷ നല്‍കിയിരുന്നു. ശ്രീശാന്തിന്റെ അപേക്ഷ പരിഗണിച്ച് ബിസിസിഐയുടെ നിലവിലെ പ്രസിഡന്റ് വിനോദ് റായിയെയും മറ്റു മൂന്നംഗങ്ങളെയും ഹരജിയില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. ഇവരുടെ നിലപാട് ശ്രീശാന്തിന്റെ തിരിച്ചു വരവിന്റെ കാര്യത്തില്‍ നിര്‍ണായകമാവും. ശ്രീശാന്തിനെ വീണ്ടും കളിപ്പിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം തന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അനൂകൂലമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത തേടി ബിസിസിഐ ഭാരവാഹികളുമായി സംസാരിച്ചിട്ടുണ്ടെന്ന് കെസിഎ ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്് പറഞ്ഞു. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. എം വി ശ്രീധര്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുള്ള ബിസിസിഐയുടെ ഇടക്കാല പ്രസിഡന്റ് വിനോദ് റായിക്ക് തുടര്‍ നിലപാട് ആരാഞ്ഞ് ഇ-മെയില്‍ അയച്ചിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. തിരിച്ചു വരവുമായി ബന്ധപ്പെട്ട് കെസിഎ ഭാരവാഹികള്‍ ശ്രീശാന്തുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചാല്‍ അടുത്ത മാസം രണ്ടിന് തുടങ്ങുന്ന കുച്ച് ബിഹാര്‍ ട്രോഫി ചാംപ്യന്‍ഷിപ്പില്‍ ശ്രീശാന്തിന് കേരള ടീമിലെത്താനുള്ള അവസരമൊരുങ്ങും. ഇക്കാര്യത്തില്‍ കെസിഎ ഭാരവാഹികള്‍ക്ക് പുറമെ സെലക്ടര്‍മാര്‍ക്കും അനുകൂല നിലാപാടാണുള്ളത്. കാര്യങ്ങള്‍ അനുകൂലമായാല്‍ വരുന്ന രഞ്ജി ട്രോഫി ടൂര്‍ണമെന്റിലും ശ്രീശാന്തിന് കളിക്കാനാവും. ഇവയില്‍ മികവ് കാട്ടിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്നാണ് ശ്രീശാന്തിന്റെ പ്രതീക്ഷ.  വിലക്കുള്ളപ്പോഴും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ശ്രീശാന്ത് ശ്രമിച്ചിരുന്നു. ഗ്രൗണ്ടുകളില്‍ വിലക്കുള്ളതിനാല്‍ വീട്ടില്‍ തന്നെ നെറ്റ് പ്രാക്ടീസിനുള്ള സംവിധാനമൊരുക്കി സ്വയം പരിശീലനത്തിനും സമയം കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക