|    Jul 22 Sun, 2018 8:09 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ശ്രീശാന്തിന്റെ വിലക്ക് : ബിസിസിഐ അപ്പീലില്‍ വിനോദ് റായിക്ക് നോട്ടീസ്‌

Published : 23rd September 2017 | Posted By: fsq

 

കൊച്ചി: ഐപിഎല്‍ വാതുവയ്പ്പ് കേസിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കും മറ്റു ശിക്ഷാ നടപടികളും റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ സമര്‍പ്പിച്ച അപ്പീലില്‍ ബിസിസിഐ ഇടക്കാല സമിതി അധ്യക്ഷന്‍ വിനോദ് റായ്, അംഗം ഡയാന എഡുള്‍ജി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. കേസ് അന്തിമവാദത്തിനായി അടുത്ത മാസം 17ലേക്ക് മാറ്റി. ഇന്നലെ അപ്പീല്‍ വാദത്തിന് എടുത്തപ്പോള്‍ കോടതി ബിസിസിഐയെ രൂക്ഷമായി വിമര്‍ശിച്ചു. ബിസിസിഐ അച്ചടക്ക സമിതി ശ്രീശാന്തിനെതിരെ എടുത്ത നടപടിയില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന ബിസിസിഐയുടെ വാദത്തെയാണ് കോടതി വിമര്‍ശിച്ചത്. ഭരണഘടനയുടെ 226ാം പരിഛേദ പ്രകാരം കോടതിക്ക് ഇത്തരം വിഷയങ്ങളില്‍ ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബിസിസിഐയുടെ അച്ചടക്ക സമിതിയുടെ തീരുമാനം അന്തിമമാണെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി. ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്തിനെ കുറ്റവിമോചിതനാക്കിയിട്ടും നടപടി വേണോയെന്നും കോടതി വാദം കേള്‍ക്കലിനിടെ ചോദിച്ചു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമം പോലെയുള്ള ഗുരുതരമായ കേസുകളിലെ പ്രതിയായിരുന്നു ശ്രീശാന്തെന്നും കുറ്റവിമോചിതനാക്കിയ കോടതി നടപടി അന്തിമമല്ലെന്നും ബിസിസിഐ വാദിച്ചു. കേസില്‍ വിശദമായി വാദം കേള്‍ക്കാതെ തീരുമാനമെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് അന്തിമ വാദത്തിനായി അടുത്തമാസം 17ലേക്ക് മാറ്റുകയായിരുന്നു.  സിംഗിള്‍ ബെഞ്ച് വിധിയെ തുടര്‍ന്ന് വിദേശത്ത് കളിക്കാന്‍ എന്‍ഒസി ആവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതി വ്യക്തത വരുത്തല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ബിസിസിഐ എന്‍ഒസി നല്‍കുന്നില്ലെന്നാരോപിച്ചായിരുന്നു ഹരജി. ഇതും ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കിയിരിക്കുന്നതിനാല്‍ കേസ് ഒരാഴ്ച്ചത്തേക്ക് മാറ്റുകയാണെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss