|    Aug 17 Thu, 2017 9:11 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

Published : 8th August 2017 | Posted By: fsq

 

കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസിനെ തുടര്‍ന്ന് ക്രിക്കറ്റ്താരം ശ്രീശാന്തിനെതിരേ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കും മറ്റു ശിക്ഷാനടപടികളും ഹൈക്കോടതി റദ്ദാക്കി. ശ്രീശാന്തിനെ കുറ്റവാളിയായി കാണാന്‍ വേണ്ട തെളിവുകളൊന്നും ബിസിസിഐയുടെ അച്ചടക്ക സമിതിക്ക് മുമ്പിലുണ്ടായിരുന്നില്ലെന്ന് 37 പേജുള്ള ഉത്തരവില്‍ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. വാതുവയ്പിനെ കുറിച്ച് ശ്രീശാന്തിന് അറിയാമായിരുന്നുവെന്ന സാധ്യത മാത്രമാണുള്ളത്. വാതുവയ്പ് ശ്രീശാന്ത് അംഗീകരിച്ചിരുന്നുവെങ്കില്‍ ഒത്തുകളിയുടെ ധാരണ തെറ്റിയാല്‍ പോലും ബിസിസിഐക്ക് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നു. ദേശീയതലത്തിലുള്ള ഒരു കളിക്കാരനെതിരേ അച്ചടക്ക നടപടിയെടുക്കുന്നത് വര്‍ഷങ്ങളിലെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം വികസിപ്പിച്ച യശസ്സിനെയും ആത്മവിശ്വാസത്തെയും ബാധിക്കും. ക്രിക്കറ്റിന്റെ വിശുദ്ധിയും സമഗ്രതയും നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കളിക്കാരന്റെ യശസ്സ് സംരക്ഷിക്കാന്‍ വേണ്ട സുരക്ഷാസംവിധാനവും ഒരുക്കണമെന്നത് ബിസിസിഐയുടെ ഉത്തരവാദിത്തമാണ്.അഴിമതിക്കെതിരായ നീക്കങ്ങള്‍ അത്യാവേശത്തോടെ പ്രതികരിച്ചല്ല ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. ശ്രീശാന്തിനെതിരായ ഫോണ്‍സംഭാഷണം തിരഞ്ഞെടുത്ത് ബിസിസിഐ പ്രമാണീകരിക്കുകയായിരുന്നു. ഇതു സാഹചര്യത്തെളിവ് മാത്രമാണ്. ഇതു പരിശോധിക്കുമ്പോള്‍ മൊത്തം തെളിവുകള്‍ പരിഗണിക്കണമായിരുന്നു. തെളിവുകളെ അച്ചടക്ക സമിതിക്കു വേണ്ട രീതിയില്‍ വെട്ടിമുറിച്ചത് സത്യം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ദിശ നഷ്ടപ്പെടുത്തി. തെളിവുകള്‍ സമഗ്രമായി പരിശോധിക്കുകയായിരുന്നുവെങ്കില്‍ ശ്രീശാന്തിന് വാതുവയ്പിലും ഒത്തുകളിയിലും പങ്കില്ലെന്ന് ഉറപ്പിക്കാമായിരുന്നു.ശ്രീശാന്തിനെതിരേ നടപടിയെടുക്കുന്നതിന് മുമ്പ് അച്ചടക്ക സമിതിക്കു വേണ്ടി മുന്‍ ഐപിഎസുകാരനായ ആര്‍ എന്‍ സാവനി ബിസിസിഐക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ശ്രീശാന്തിനെതിരായ ആരോപണങ്ങള്‍ക്കു തെളിവുള്ളതായാണ് റിപോര്‍ട്ട് പറയുന്നത്. പക്ഷേ, ഈ അന്വേഷണ ഉദ്യോഗസ്ഥനും ശ്രീശാന്തുമായി കണ്ടിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.2013 മെയ് 9ന് രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന ഐപിഎല്‍ മല്‍സരത്തില്‍ ഒത്തുകളിയും വാതുവയ്പും നടന്നെന്ന് ആരോപിച്ച് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ പ്രത്യേക വിചാരണക്കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിയിലാണ് ഇന്നലെ ഹൈക്കോടതി പ്രധാനമായും ഊന്നിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക