|    Nov 19 Sun, 2017 11:23 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ശ്രീശാന്തിനെ ആഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കണം ; ബിസിസിഐ അനുമതി തേടി കെസിഎ കത്തയച്ചു

Published : 10th August 2017 | Posted By: fsq

 

കൊച്ചി/തിരുവനന്തപുരം: ശ്രീശാന്തിനെ ആഭ്യന്തര ക്രിക്കറ്റില്‍ കളിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐക്ക് കത്തയച്ചു. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഉത്തരവിലൂടെ മറികടന്ന ശ്രീശാന്തിനെ ശക്തമായി പിന്തുണയ്ക്കുന്നതാണ് കെസിഎ നടപടി. ഉടന്‍ ആരംഭിക്കുന്ന ആഭ്യന്തര സീസണുകളില്‍ കേരള ക്രിക്കറ്റിന്റെ പരിശീലന ക്യാംപില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തുന്നതിന് അനുമതി തേടിയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കത്തയച്ചത്. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് കോടതി ഉത്തരവിലൂടെ നീക്കിയെന്നും നിയമപരമായ തടസ്സങ്ങളില്ലെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഈ മാസം ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ കേരള ക്രിക്കറ്റ് ക്യാംപിലേക്കാണ് ശ്രീശാന്തിനെ ഉള്‍പ്പെടുത്തുവാന്‍ കെസിഎ ശ്രമിക്കുന്നത്. ഇതിനുള്ള ആദ്യപടിയായാണ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് ഔദ്യോഗികമായി കത്തയച്ചത്. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ ശ്രീശാന്തിനെ പിന്തുണച്ച് കെസിഎ രംഗത്ത് വന്നിരുന്നു. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ ഡോ. എം വി ശ്രീധരന്‍ എന്നിവരുമായി കെസിഎ നേരിട്ട് കോടതി വിധിയടക്കമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കത്തിലൂടെ അനുകൂലതീരുമാനം ഉടനടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐക്ക് കത്തയച്ചിരിക്കുന്നത്. ആഭ്യന്തര ലീഗുകളിലൂടെ ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചുവരുവാന്‍ ഒരുങ്ങുന്ന ശ്രീശാന്തിന് കെസിഎയുടെ നിലപാടുകള്‍ ഏറെ ആശ്വാസകരമാണ്. നേരത്തെ പാട്യാല കോടതി കുറ്റവിമുക്തനാക്കിയപ്പോഴും കെസിഎ ബിസിസിഐക്ക് ശ്രീശാന്തിന് വേണ്ടി കത്തയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക