|    Sep 22 Sat, 2018 4:21 pm
FLASH NEWS
Home   >  Kerala   >  

ശ്രീവല്‍സം ഗ്രൂപ്പിന്റെ വിവാദ കെട്ടിടം നിര്‍മാണം വിജിലന്‍സ് അന്വേഷണത്തിന് പത്തനംതിട്ട നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു

Published : 20th June 2017 | Posted By: shins

പത്തനംതിട്ട: ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കുടുങ്ങിയ മുന്‍ നാഗാലാന്റ് എഎസ്പി എന്‍ കെ ആര്‍ പിള്ളയുടെ ശ്രീവല്‍സം ഗ്രൂപ്പ് പത്തനംതിട്ട റിങ് റോഡില്‍ വയല്‍ നികത്തി നിര്‍മിക്കുന്ന കെട്ടിടത്തിന് ലഭിച്ച അനുമതികളെ കുറിച്ച് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ പത്തനംതിട്ട നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ഇതുള്‍പ്പടെ മുന്‍ഭരണ സമിതിയുടെ കാലഘട്ടത്തില്‍ നിര്‍മിച്ചതും  ഇപ്പോള്‍ നിര്‍മാണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനും നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉത്തരവിട്ടു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ചു കൂട്ടിയ പ്രത്യേക യോഗത്തില്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായി പ്രതിപക്ഷത്തിലെ ശുഭാ കുമാര്‍ വിഷയം കൗണ്‍സിലിന് മുന്നില്‍ കൊണ്ടുവരികയായിരുന്നു. അനധികൃതമായി വയല്‍ നികത്തി നിര്‍മിച്ച കെട്ടിടത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കി നമ്പരിട്ട് നല്‍കിയതും അന്വേഷണ വിധേയമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇതിനോടൊപ്പം നഗരസഭാ ചെയര്‍പേഴ്‌സണ്‍ നഗരസഭാ ചട്ടങ്ങള്‍ മറികടന്ന് വിവാദ ഫയല്‍ പരിശോധനക്ക് വിളിച്ചു വരുത്തിയതും സൂക്ഷിച്ചതായി പറയുന്നതും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ശുഭ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടര്‍ന്ന് സംസാരിച്ച എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി മുരളീധരന്‍ രാഷ്ട്രീയ വിത്യാസമില്ലാതെ തീവെട്ടികൊള്ളയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആരോപിച്ചു. നിലം നികത്താന്‍ കലക്ടര്‍ നല്‍കിയ അനുമതി വ്യാജമെന്ന് സംശയമുണ്ട്. ഇത് അന്വേഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി റോഷന്‍ നായര്‍ സംഭവത്തെ പറ്റി വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ചില നഗരസഭാ കൗണ്‍സിലര്‍മാരുടെ ഭര്‍ത്താക്കന്‍മാര്‍ നഗരസഭാ കാര്യാലയത്തിലെത്തി ഫയലുകള്‍ പരിശോധിക്കുകയും കൊണ്ടു നടക്കുകയും ചെയ്യുന്നതായും ആരോപിച്ചു. കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍പേഴ്‌സന്റെ കാബിനില്‍ സൂക്ഷിച്ചിരുന്ന ഫയല്‍ പോയ സംഭവത്തിലും ഞായറാഴ്ച നഗരസഭാ കാര്യാലയത്തില്‍ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും എത്തിയതായുള്ള ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ സമീപ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. നഗരസഭയിലെ ജീവനക്കാര്‍ ഒന്നടക്കം സംശയത്തിന്റെ മുള്‍മുനയിലാണെന്ന് വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ് ആരോപിച്ചു. 2012 മുതല്‍ നടന്ന എല്ലാ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

20 ലക്ഷം രൂപ മുടക്കി നഗരസഭയെയും റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന മൃഗാശുപത്രി റോഡ് മണ്ണിട്ട് നികത്തിയത് സംബന്ധിച്ചും അന്വേഷണം അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തിലെ പല വികസന പ്രവര്‍ത്തനങ്ങളും മുടങ്ങി കിടക്കുകയാണ്. ഈ സംഭവത്തില്‍ നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥന്‍ കൂട്ടു നില്‍ക്കുന്നതായും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ വന്‍ അഴിമതി നടക്കുന്നതായും അദ്ദേഹം കൗണ്‍സിലര്‍മാരെ അറിയിച്ചു. ഫയല്‍ ഡിസിസി ഓഫീസില്‍ എത്തിച്ച് പരിശോധിക്കുന്നതിന് കൂട്ടു നിന്ന ചെയര്‍പേഴസനും വൈസ് ചെയര്‍മാനും രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തെ വി ആര്‍ ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ശ്രീവല്‍സത്തിന്റെ അനധികൃത നിര്‍മാണം നടന്നു കൊണ്ടിരിക്കുമ്പോള്‍ നിയമങ്ങള്‍ പറഞ്ഞ് വാദിച്ചിരുന്ന പ്രതിപക്ഷം എവിടെ പോയിരുന്നുവെന്ന് ഭരണകക്ഷിയിലെ കെ ജാസിംകുട്ടി ചോദിച്ചു. പ്രതിപക്ഷം എല്ലാത്തിനും ഒത്താശ കൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒരു തുണ്ടു പേപ്പറില്‍ പോലും പരാതി ആരും നല്‍കിയതുമില്ല. കൗണ്‍സിലര്‍മാര്‍ക്ക് ഇതില്‍ പങ്കില്ല. എന്‍ജിനീയറിങ് വിഭാഗമാണ് ഇതെല്ലാം ചെയ്തു കൂട്ടിയത്. ഹരിശ്ചന്ദ്രന്‍മാരായ ആരും ഈ കൗണ്‍സിലില്ലെന്ന് ഭരണ കക്ഷിയിലെ വി ആര്‍ അരവിന്ദാഷന്‍ നായര്‍ പറഞ്ഞു. ഈ കൗണ്‍സിലിലെ അംഗങ്ങളായ വി എ ഷാജഹാനും പി കെ അനീഷും, കഴിഞ്ഞ കൗണ്‍സിലില്‍ നിയമങ്ങള്‍ പഠിപ്പിച്ചിരുന്ന പ്രതിപക്ഷ നേതാവും എവിടെ പോയിരുന്നെന്നും അരവിന്ദാഷന്‍ നായര്‍ ചോദിച്ചു.

ഫയല്‍പോയ സമയത്ത് കൗണ്‍സിലുമാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചാല്‍ എല്ലാം തെളിയുമെന്ന് അദ്ദേഹം പറഞ്ഞു. 2011 നിലം നികത്താന്‍ അനുമതി നല്‍കിയ കലക്ടര്‍ക്കെതിരേയും ഏറ്റവും ഒടുവില്‍ കെട്ടിടത്തിന് നമ്പരിട്ടു കൊടുത്ത ഉദ്യോഗസ്ഥനെതിരേയും അന്വേഷണം വേണമെന്ന് വിവാദ കെട്ടിടം നില്‍ക്കുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ വല്‍സണ്‍ ടി കോശി ആവശ്യപ്പെട്ടു. നഗരസഭാ പ്രദേശത്ത് അഞ്ച് സെന്റ് നിലം നികത്താനാണ് അനുമതിയുള്ളത്. എന്നാല്‍ ചടങ്ങുകള്‍ ലംഘിച്ച് കലക്ടര്‍ 40 സെന്റിന് അനുമതി നല്‍കി. നഗരസഭക്കുള്ളില്‍ ബാഹ്യ ശക്്തികളും മാഫിയകളും വിഹരിക്കുകയാണ്. 18 മീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത റിങ് റോഡിന്റെ വീതി പലയിടങ്ങളിലും കുറഞ്ഞിട്ടുണ്ട്. തോട് കയ്യേറുന്ന പ്രവണതയും വര്‍ധിച്ചിരിക്കുന്നു. പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് കരാറുള്ള മുത്തൂറ്റ് ഹോസ്പിറ്റലിന്റെ വശത്തുകൂടിയുള്ള റോഡ് അവര്‍ ആരെയും കടത്തിവിടാതെ കൈയ്യടക്കി വച്ചിരിക്കുകയാണെന്നും ഇത് സംബന്ധിച്ച ഫയലും നഗരസഭയില്‍ നിന്നും കാണാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭരണ പ്രതിപക്ഷമില്ലാതെ അംഗങ്ങള്‍ മുന്‍ നഗരസഭാ ചെയര്‍മാനും ഭര്‍ത്താവുമായ എ സുരേഷ്‌കുമാറിനെതിരേ ആരോപണ, പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചതോടെ മറുപടിയെന്നോണം ഗീതാസുരേഷ് വികാരധീനയായി സംസാരിച്ചു. ഫയല്‍ വിവാദത്തിന്റെ തന്റെ മേല്‍ കുറ്റം ആരോപിക്കാനാണ് കുടുംബശ്രീ ഓഫീസില്‍ ഫയലുകള്‍ കൊണ്ടിട്ടത്. ഈ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അധികാരമേറ്റതുമുതല്‍ സുരേഷ്‌കുമാറിനെ പ്രതികൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. അധികാരമേറ്റ ആദ്യമാസം നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ഫയല്‍ കാണാതായി. ഇത് പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് ഹൈക്കോടതിയില്‍ നിന്നും തിരികെ കിട്ടി. പിന്നീട് എന്റെ നഗരം എന്റെ പൂന്തോട്ടം ഫയലും കാണാതായി. ഈ പദ്ധതിയില്‍ അഴിമതി നടന്നെന്നാണ് ആദ്യം ആരോപിച്ചത്. എന്നാല്‍ അന്വേഷണം നടത്തിയപ്പോള്‍ നഗരസഭയക്ക് ഒരു ചെലവും ഉള്ള പദ്ധതിയല്ലെന്ന് വ്യക്്തമായി. ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ്. ഇന്ന് ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുമ്പോഴും കൗണ്‍സിലില്‍ എത്തേണ്ട സെക്രട്ടറി മുങ്ങിയതാണെന്ന് സംശയിക്കുന്നു. ഇതിനെ കുറിച്ചും അന്വേഷിക്കണം. ഫോണ്‍ കോളുകളും പരിശോധിക്കണം. മുന്‍സിപ്പല്‍ എന്‍ജിനീയര്‍ സത്യം പറയാന്‍ തയ്യാറാവണം. നഗരസഭയിലെ മുഴുവന്‍ പേരെയും നുണ പരിശോധനക്ക് വിധേയമാക്കിയാല്‍ സത്യം പുറത്തുവരും. ഏത് അന്വേഷണത്തിനും താനും ഭര്‍ത്താവും തയ്യാറാണ്. ഭരണത്തില്‍ ഇരിക്കുമ്പോള്‍ വല്ലതും ചെയ്യണമെന്നും ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപിനെ ഗീത സുരേഷ് ഉപദേശിച്ചു. ഫയല്‍ നാടകങ്ങള്‍ പത്തനംതിട്ട നഗരസഭക്കുള്ളില്‍ അനുവദിക്കാനാവില്ലെന്നും ഗീത പറഞ്ഞു. ചര്‍ച്ചയില്‍ വി എ ഷാജഹാന്‍, റോസ്്‌ലിന്‍ സന്തോഷ്, പി കെ അനീഷ്, ദീപു ഉമ്മന്‍, ആര്‍ ഹരീഷ്, ശോഭ കെ മാത്യു, സജി കെ സൈമണ്‍, അംബിക വേണു, അശോക് കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss