|    Feb 24 Fri, 2017 3:00 am

ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ്‌സെക്രട്ടറി

Published : 19th November 2016 | Posted By: G.A.G

sreelekha-new

തിരുവനന്തപുരം :  ഇന്റലിജന്‍സ് മേധാവിയായ എഡിജിപി ആര്‍ ശ്രീലേഖ ഗതാഗത കമ്മീഷണറായിരിക്കെ വ്യാപകമായ അഴിമതികളും ക്രമക്കേടുകളും നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നേണ്ടെന്ന് ചീഫ്‌സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപോര്‍ട് നല്‍കി.
ശ്രീലേഖ നല്‍കിയ വിശദീകരണം തൃപ്തികരമായതിനാല്‍ അന്വേഷണം വേണ്ടെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് സൂചന.
തിരുവനന്തപുരം സ്വദേശിയായ പായ്ച്ചിറ നവാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ശ്രീലേഖ വ്യാപകമായ അഴിമതികളും ക്രമക്കേടുകളും നിയമലംഘനങ്ങളും നടത്തിയെന്ന് 2015ല്‍ അന്നത്തെ ചീഫ് സെക്രട്ടറിക്ക് പരാതി ലഭിച്ചിരുന്നതായി ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതി തുടരന്വേഷണത്തിനായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഗതാഗത സെക്രട്ടറിക്ക് നല്‍കി. ഇതു വിശദമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത സെക്രട്ടറി, അന്നത്തെ ഗതാഗത കമ്മീഷണറായ ടോമിന്‍ ജെ തച്ചങ്കരിക്ക് കൈമാറി. തച്ചങ്കരിയുടെ റിപോര്‍ട്ടില്‍ എഡിജിപി ശ്രീലേഖ നിരവധി അഴിമതികള്‍ നടത്തിയതായി തെളിവുകള്‍ സഹിതം കണ്ടെത്തിയിരുന്നു.
റോഡ് സുരക്ഷാ അതോറിറ്റിയെ കബളിപ്പിച്ച് 14 വാഹനങ്ങള്‍ വാങ്ങാനുള്ള ചെക്ക് ചീഫ് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിട്ടു വാങ്ങി. വിദേശത്തായിരുന്ന കാലത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജായി ഏകദേശം 25,000 രൂപ അടയ്‌ക്കേണ്ടിവന്നു. ലണ്ടനില്‍ സ്വകാര്യ പഠനാര്‍ഥം അവധിയില്‍ പ്രവേശിച്ചെങ്കിലും സര്‍ക്കാര്‍ അനുമതിയില്ലാതെ ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, ബഹ്‌റയ്ന്‍, ദുബയ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിനുണ്ടായ സാമ്പത്തിക ബാധ്യത തിട്ടപ്പെടുത്തി ശ്രീലേഖയില്‍ നിന്ന് ഈടാക്കുകയും അവര്‍ക്കെതിരേ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുകയും വേണമെന്നതാണ് റിപോര്‍ട്ടിലെ ആവശ്യം.
റിപോര്‍ട്ടുകള്‍ വിശദമായി പഠിച്ച ശേഷം ഗതാഗതമന്ത്രിയും വകുപ്പു സെക്രട്ടറിയും അഡീഷനല്‍ സെക്രട്ടറിയും ശ്രീലേഖയ്‌ക്കെതിരേ കടുത്ത വകുപ്പുതല അന്വേഷണം നടത്തണമെന്നും സമഗ്രമായ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ശുപാര്‍ശ ചെയ്ത് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇത്രയും സുപ്രധാനമായ ശുപാര്‍ശ ലഭിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളും എടുക്കാത്ത ചീഫ് സെക്രട്ടറിയെ രണ്ടാം പ്രതിയും ശ്രീലേഖയെ ഒന്നാം പ്രതിയുമാക്കിയാണ് പരാതിക്കാരന്‍ പ്രത്യേക കോടതിയെ സമീപിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് ജഡ്ജി എ ബദ്‌റുദ്ദീന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരാഴ്ചത്തെ സമയം വേണമെന്ന് ലീഗല്‍ അഡൈ്വസറുടെ ആവശ്യം അനുവദിച്ചിരുന്നില്ല.
ശ്രീലേഖ ഗതാഗത കമ്മീഷണറായിരിക്കെ മൂന്നു കോടി രൂപയുടെ അഴിമതി നടത്തിയ 12 ആരോപണങ്ങളെ കുറിച്ച് വിജിലന്‍സ് ത്വരിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു ജോമോന്‍ പുത്തന്‍പുരയ്ക്കലും പരാതി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 98 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക