|    Dec 11 Tue, 2018 4:32 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്ക: രാജപക്‌സക്കെതിരേ അവിശ്വാസം പാസായി

Published : 15th November 2018 | Posted By: kasim kzm

കൊളംബോ: ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സെയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ പുതിയ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പാസായി. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് അവിശ്വാസപ്രമേയം പാസാക്കിയത്.
സ്പീക്കര്‍ വോട്ടെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാജപക്‌സെയും എംപിയായ മകന്‍ നമലും സഭ വിട്ടിറങ്ങി. രാജപക്‌സെ അനുകൂലികള്‍ വോട്ടെടുപ്പ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങളുണ്ടാക്കി. സ്പീക്കര്‍ പാര്‍ലമെന്ററി ചട്ടങ്ങള്‍ ലംഘിച്ചതായി ആരോപിച്ച് മുന്‍ മന്ത്രിമാരും രംഗത്തെത്തി. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ചൊവ്വാഴ്ച സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ജനുവരി അഞ്ചിന് നടത്താനിരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു. പുതിയ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഒക്ടോബര്‍ 26ന് ആണ് റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടര്‍ന്നാണ് രാജപക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ചിരുന്നില്ല. 225 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷ അംഗങ്ങളും രാജപക്‌സെയ്ക്ക് എതിരായി വോട്ടുചെയ്തതായി സ്പീക്കര്‍ കാരു ജയസൂര്യ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26ന് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് വിക്രമസിംഗെയെ സിരിസേന മാറ്റിയതോടെയാണ് ശ്രീലങ്കയില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തത്. രാജപക്‌സെയെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തു. സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിച്ച് രാജപക്‌സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടത്.
പാര്‍ലമെന്റ് വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമൊരുക്കണമെന്ന് റനില്‍ വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. സ്പീക്കര്‍ കാരു ജയസൂര്യയും പ്രസിഡന്റിനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്റ് വിളിക്കാന്‍ തയ്യാറാവാതെ പിരിച്ചുവിടുകയാണ് സിരിസേന ചെയ്തത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss