|    Jun 19 Tue, 2018 10:44 am
FLASH NEWS
Home   >  Sports  >  Cricket  >  

ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച: ഫോളോ ഓണിന് ക്ഷണിച്ച് ഇന്ത്യ

Published : 5th August 2017 | Posted By: ev sports

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യ ഉയര്‍ത്തിയ 622 റണ്‍സ് എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ശ്രീലങ്ക 183 റണ്‍സിന് കൂടാരം കയറി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങാതെ ശ്രീലങ്കയെ ഇന്ത്യ ഫോളോ ഓണിന് ക്ഷണിച്ചു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 209 റണ്‍സെന്ന നിലയിലാണ് ശ്രീലങ്കയുള്ളത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിന്റെ ബൗളിങ് പ്രകടനമാണ് ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സിനെ 183 റണ്‍സില്‍ ഒതുക്കിയത്.    മൂന്നാം ദിനം രണ്ട് വിക്കറ്റിന് 50 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ആശ്വസിക്കാന്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ഇന്നിങ്‌സില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാലിനെ (10) രവീന്ദ്ര ജഡേജ മടക്കി. തൊട്ടുപിന്നാലെ കുശാല്‍ മെന്‍ഡിസും (24) പുറത്തായതോടെ വന്‍തകര്‍ച്ചയെയാണ് ശ്രീലങ്ക മുന്നില്‍ കണ്ടത്. മധ്യനിരയില്‍ ഏയ്ഞ്ചലോ മാത്യൂസ് (26) നേരിയ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും അശ്വിന്റെ പന്തില്‍ ചേതേശ്വര്‍ പുജാരയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്തായി. എന്നാല്‍ മധ്യ നിരയിലെ ഡിക്വെല്ലയുടെ (51) അര്‍ധ സെഞ്ച്വറി പ്രകടനം ലങ്കയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചു. തകര്‍ത്തടിച്ച് കളിച്ച ഡിക്വെല്ല 48 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും പറത്തിയാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മികച്ച ഷോട്ടുകളുമായി മുന്നേറിയ ഡിക്വെല്ല മുഹമ്മദ് ഷമിയെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താവുമ്പോള്‍ ശ്രീലങ്കന്‍ സ്‌കോര്‍ബോര്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെന്ന നിലയിലായിരുന്നു.ദില്‍റൂവന്‍ പെരേര (25), രങ്കണ ഹരാത്ത് (2), മലിന്‍ഡ പുഷ്പകുമാര (15*), ഫെര്‍ണാണ്ടോ (0) എന്നിവരും കാര്യമായ സംഭാവന ചെയ്യാതെ മടങ്ങിയതോടെ ശ്രീലങ്കയുടെ പോരാട്ടം 183 റണ്‍സില്‍ അവസാനിച്ചു. 16.4 ഓവറില്‍ 69 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.ഒന്നാം ഇന്നിങ്‌സില്‍ 439 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങാതെ ശ്രീലങ്കയെ ഫോളോ ഓണിന് ക്ഷണിച്ചു. ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയെ വേഗത്തില്‍ എറിഞ്ഞിടാം എന്ന ഇന്ത്യയുടെ മോഹങ്ങള്‍ വിചാരിച്ച പോലെ എളുപ്പമായില്ല. തുടക്കത്തിലേ തന്നെ പരിചയസമ്പന്നനായ ഓപണര്‍ ഉപുല്‍ തരംഗയെ (2) ഉമേഷ് യാദവ് ക്ലീന്‍ബൗള്‍ഡ് ചെയ്‌തെങ്കിലും രണ്ടാം വിക്കറ്റിലൊന്നിച്ച ഓപണര്‍ ദിമുത് കരുണരത്‌ന(92*) കുശാല്‍ മെന്‍ഡിസ് (110) കൂട്ടുകെട്ട് ഇന്ത്യയുടെ പ്രതീക്ഷകളെ തടുത്തിട്ടു. ഇരുവരും രണ്ടാം വിക്കറ്റില്‍ 191 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 135 പന്തില്‍ 17 ബൗണ്ടറികളടക്കം സെഞ്ച്വറി പ്രകടനം പുറത്തെടുത്ത മെന്‍ഡിസിനെ ഹര്‍ദിക് പാണ്ഡ്യ വൃധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഒരുവശത്ത് ക്ഷമയോടെ ബാറ്റ് വീശിയ കരുണരത്‌ന 200 പന്തില്‍ 12 ഫോറുകള്‍ സഹിതമാണ് അപരാജിത അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്. ഇന്ത്യക്കുവേണ്ടി ഹര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിലെ ലീഡിനേക്കാള്‍ 230 റണ്‍സിന് പിന്നിലാണ് ശ്രീലങ്ക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss