|    Dec 17 Mon, 2018 5:40 am
FLASH NEWS
Home   >  Editpage  >  Editorial  >  

ശ്രീലങ്കന്‍ പ്രതിസന്ധിക്ക് പരിഹാരമെന്ത്?

Published : 16th November 2018 | Posted By: kasim kzm

പ്രസിഡന്റ് മൈത്രിപാല സിരിസേന പിരിച്ചുവിട്ട പാര്‍ലമെന്റ് സമ്മേളിച്ച് പുതുതായി പ്രധാനമന്ത്രിപ്പട്ടമണിഞ്ഞ മഹീന്ദ രാജപക്‌സെയുടെ സര്‍ക്കാരിനെതിരേ അവിശ്വാസപ്രമേയം പാസാക്കിയതോടെ ശ്രീലങ്കന്‍ ഭരണപ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. വര്‍ഷങ്ങളോളം ശ്രീലങ്കയെ ഉരുക്കുമുഷ്ടി ഉപയോഗിച്ചു ഭരിച്ചിരുന്ന രാജപക്‌സെയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോല്‍പിച്ചാണ് റനില്‍ വിക്രമസിംെഗയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണി അധികാരമേറിയത്. പ്രസിഡന്റായ സിരിസേന തന്നെ രാജപക്‌സെയുമായി തെറ്റിപ്പിരിഞ്ഞാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വിജയിച്ചത്. എന്നാല്‍, മറ്റുചില താല്‍പര്യങ്ങള്‍ പരിഗണിച്ച് അദ്ദേഹം വീണ്ടും രാജ്പക്‌സെയുമായി രാജിയാവുകയായിരുന്നു. ഭരണഘടനപ്രകാരമുള്ള വിശേഷാധികാരങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം ആദ്യം പാര്‍ലമെന്റ് പ്രൊറോഗ് ചെയ്യുകയും പിന്നീട് പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി പിരിച്ചുവിടുകയുമായിരുന്നു. ഭരണഘടനയുടെ ചൈതന്യത്തിനും ജനാധിപത്യതത്ത്വങ്ങള്‍ക്കും എതിരായി നടന്ന ഒരു കുതിരക്കച്ചവടത്തിന്റെ ഭാഗമായിരുന്നു അതെന്ന ആരോപണം ന്യായമാണ്.
അവിശ്വാസപ്രമേയം സംബന്ധമായ പാര്‍ലമെന്റ് ചര്‍ച്ച രാജപക്‌സെയും അനുയായികളും ബഹിഷ്‌കരിച്ചുവെങ്കിലും ആകെയുള്ള 225 എംപിമാരില്‍ ഭൂരിപക്ഷം പേരും പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. പാര്‍ലമെന്റ് സിരിസേനയുടെ നടപടിയില്‍ അവിശ്വാസം പ്രകടിപ്പിക്കുന്നതിനു മുമ്പുതന്നെ രാജ്യത്തെ പരമോന്നത കോടതി പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു.
രാജപക്‌സെക്കെതിരായ അവിശ്വാസപ്രമേയം പാസായതിനെ തുടര്‍ന്ന് എന്തു നടപടികളാണ് പ്രസിഡന്റും രാഷ്ട്രീയകക്ഷികളും സ്വീകരിക്കുക എന്നു വ്യക്തമല്ല. വിക്രമസിംെഗയുടെ പാര്‍ട്ടിയില്‍ നിന്നു ചിലരെ വിലയ്ക്കുവാങ്ങാന്‍ രാഷ്ട്രീയ ചരടുവലികള്‍ക്ക് മിടുക്കനായ രാജപക്‌സെ ശ്രമിച്ചിരുന്നുവെങ്കിലും അതിനു വിപരീതഫലമാണ് ഉണ്ടായത്. സിരിസേനയുടെ സഹായത്തോടെ പ്രധാനമന്ത്രിസ്ഥാനത്തു തുടരാന്‍ കഴിയുമെന്ന അദ്ദേഹത്തിന്റെ പ്രതീക്ഷ ഇതോടെ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അതുകൊണ്ടുതന്നെ അധികാരത്തില്‍ പിടിച്ചുതൂങ്ങുന്നതിന് അദ്ദേഹത്തിനു പ്രയാസമാവും.
റനില്‍ വിക്രമസിംഗെയുമായി സഹകരിച്ചുകൊണ്ട് മുന്നേറാന്‍ പ്രസിഡന്റ് തയ്യാറായാല്‍ മാത്രമേ ശ്രീലങ്കയിലെ രാഷ്ട്രീയപ്രതിസന്ധിക്ക് പരിഹാരമാവൂ. രാജ്യം വലിയ സാമ്പത്തികത്തകര്‍ച്ച അഭിമുഖീകരിക്കുകയാണ്. ആഭ്യന്തരയുദ്ധത്തില്‍ തമിഴ്പുലികളുടെ മേല്‍ രാജപക്‌സെ നിര്‍ണായക വിജയം നേടിയെങ്കിലും തമിഴ് ജനതയുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും തടവുകാരെ മോചിപ്പിക്കുന്നതിലും ശ്രീലങ്ക വലിയ പുരോഗതിയൊന്നും നേടിയിട്ടില്ല. ബൗദ്ധതീവ്രവാദികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടത്തുന്ന വംശീയച്ചുവയുള്ള അക്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപോര്‍ട്ട്. രാജ്യത്തുള്ള ആഭ്യന്തരകുഴപ്പങ്ങളില്‍ മുതലെടുക്കാന്‍ തക്കംപാര്‍ത്തുനില്‍ക്കുന്ന രാജ്യങ്ങളാണ് ചുറ്റുമുള്ളത്. ഇതൊക്കെ പരിഗണിക്കുമ്പോള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അധികാരവടംവലി മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാനാണു സാധ്യത. അതുകൊണ്ടൊക്കെ ഇപ്പോഴുള്ള കുഴപ്പങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് സിരിസേനയും രാജപക്‌സെയും ശ്രമിക്കേണ്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss