|    Dec 11 Tue, 2018 12:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശ്രീലങ്കന്‍ പാര്‍ലമെന്റ് സമിതിയില്‍ വിക്രമസിംഗെയുടെ സഖ്യത്തിന് മേല്‍ക്കൈ

Published : 24th November 2018 | Posted By: kasim kzm

കൊളംബോ: ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സഖ്യം പാര്‍ലമെന്റിലെ തന്ത്രപ്രധാനമായ സമിതിയില്‍ മേല്‍ക്കൈ നേടി. വിക്രമസിംഗെയെ പുറത്താക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കും പ്രധാനമന്ത്രിയായി നിര്‍ദേശിക്കപ്പെട്ട മഹീന്ദ രാജപക്‌സെക്കും ഇതു തിരിച്ചടിയായി.
സംഘര്‍ഷങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ച നിര്‍ത്തിവച്ച പാര്‍ലമെന്റ് ഇന്നലെ പുനരാരംഭിച്ചപ്പോള്‍ പ്രസിഡന്റ് സിരിസേനയുടെ യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് (യുപിഎഫ്എ) അംഗങ്ങള്‍ ഇറങ്ങിപ്പോയി. 12 അംഗ പാര്‍ലമെന്റ് സമിതിയിലേക്ക് അഞ്ചു യുപിഎഫ്എ അംഗങ്ങളെ മാത്രം നിയമിക്കാനുള്ള സ്പീക്കര്‍ ജയസൂര്യയുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
വിക്രമസിംെഗയുടെ യുനൈറ്റഡ് നാഷനലി (യുഎന്‍എഫ്)ല്‍ നിന്ന് അഞ്ച് അംഗങ്ങളെയും സഖ്യകക്ഷികളായ തമിഴ് നാഷനല്‍ അലയന്‍സ് (ടിഎന്‍എ), ജനതാ വിമുക്തി പേരമണ (ജെവിപി)യില്‍ നിന്ന് ഓരോ അംഗങ്ങളെയും സമിതിയിലേക്ക് സ്പീക്കര്‍ നാമനിര്‍ദേശം ചെയ്തു. സമിതിയിലേക്ക് യുപിഎഫ്എയ്ക്കും യുഎന്‍എഫിനും അഞ്ചു വീതം അംഗങ്ങളെ നല്‍കാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു
സ്പീക്കറുടെ തീരുമാനം പക്ഷപാതപരമാണെന്നായിരുന്നു മുതിര്‍ന്ന യുപിഎഫ്എ അംഗം ദിനേഷ് ഗുണവര്‍ധയുടെ ആരോപണം. തങ്ങളെ ഭരണകക്ഷിയായി പരിഗണിക്കണമെന്നും തങ്ങള്‍ക്കു ഭൂരിപക്ഷം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍വര്‍ഷങ്ങളില്‍ ഭരണകക്ഷികള്‍ക്കു ഭൂരിപക്ഷം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുപിഎഫ്എ ഇറങ്ങിപ്പോയെങ്കിലും ജയസൂര്യ വോട്ടിങ് നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു. ശ്രീലങ്ക മുസ്‌ലിം കോണ്‍ഗ്രസ്, തമിഴ് നാഷനല്‍ അലയന്‍സ് അടക്കമുള്ള അംഗങ്ങള്‍ സ്പീക്കറുടെ നിര്‍ദേശത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
ഒക്‌ടോബര്‍ 26ന് സിരിസേന പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുത്തത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സിരിസേനയുടെ നടപടി സുപ്രിംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന്, പാര്‍ലമെന്റ് വീണ്ടും സമ്മേളിക്കുകയും യുഎന്‍എഫ്് രാജപക്‌സെക്കെതിരേ അവിശ്വാസപ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇരുവരും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss