|    May 28 Sun, 2017 9:58 pm
FLASH NEWS

ശ്രീലങ്കന്‍ നാവികസേന ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ആക്രമിച്ചു; ബോട്ട് തകര്‍ത്തു

Published : 7th October 2016 | Posted By: SMR

രാമേശ്വരം(തമിഴ്‌നാട്): തമിഴ്‌നാട്ടിലെ മീന്‍പിടുത്തക്കാരെ ശ്രീലങ്കന്‍ നാവികസേന ആക്രമിച്ചു. ഒരു യന്ത്രവല്‍കൃത ബോട്ടും മല്‍സ്യബന്ധനത്തിനുപയോഗിക്കുന്ന വലകളും തകര്‍ത്തതായും മല്‍സ്യബന്ധന തൊഴിലാളി സംഘടനകള്‍ പറഞ്ഞു.
എഴുപതോളം ബോട്ടുകളുടെ വലകള്‍ തകര്‍ക്കുകയും ബോട്ടുകള്‍ക്കുനേരെ കല്ലെറിയുകയും ചെയ്തതായും തമിഴ്‌നാട് യന്ത്രവല്‍കൃത മല്‍സ്യബന്ധന തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് പി സെസുരാജ അറിയിച്ചു.  ഇതെ തുടര്‍ന്ന് രണ്ടായിരത്തിലേറെ മല്‍സ്യതൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ ധനുഷ്‌കോടി തീരത്തേക്ക് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി 437 യന്ത്രവല്‍കൃത മല്‍സ്യബന്ധന ബോട്ടുകളാണ് ഈ മേഖലയില്‍ മല്‍സ്യബന്ധനം നടത്തിയിരുന്നത്. ഇതില്‍ ഒരുബോട്ട് നാവികസേനയുടെ ബോട്ടിലിടിച്ചുവെന്നാരോപിച്ചാണ് നാവികസേന ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ മുങ്ങി. കടലില്‍ വീണ തൊഴിലാളികളെ മറ്റു ബോട്ടിലുള്ളവരാണ് രക്ഷപ്പെടുത്തിയത്.
ശ്രീലങ്കന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത് മല്‍സ്യ തൊഴിലാളികള്‍ക്ക് നേരെ നടന്ന ആക്രമണം ഗൗരവമായി കാണണമെന്നും അടിക്കടി തമിഴ്‌നാട്ടിലെ മല്‍സ്യ തൊഴിലാളികള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണത്തിന് പരിഹാരം കാണണമെന്നും സെസുരാജ ആവശ്യപ്പെട്ടു.
ആക്രമണത്തില്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചു. പ്രശ്‌നം പരിഹരിക്കുന്നതുവരെ നിരാഹാര സമരം നടത്തുവാനാണ് തൊഴിലാളികളുടെ തീരുമാനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day