|    Jul 23 Mon, 2018 8:58 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശ്രീലങ്കന്‍-തിബത്തന്‍ അഭയാര്‍ഥികളെപ്പോലെ പരിഗണിക്കണം : റോഹിന്‍ഗ്യകള്‍

Published : 24th September 2017 | Posted By: fsq

 

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാരോപിച്ച് ഇന്ത്യയില്‍ നിന്ന് മടക്കിയയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. രാജ്യാന്തര ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദം സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അവര്‍  നിഷേധിച്ചു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് ബോധിപ്പിച്ചു. കൂടുതല്‍ വാദം കേള്‍ക്കാനായി ഹരജി ഒക്ടോബര്‍ 3ലേക്കു മാറ്റി. റോഹിന്‍ഗ്യകള്‍ അനധികൃത കുടിയേറ്റക്കാരല്ല, അഭയാര്‍ഥികളാണ്.  ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിലോ ഭീകരവാദ, സായുധസംഘടനകളുമായോ തങ്ങള്‍ക്കു ബന്ധമില്ല. ഇന്ത്യയില്‍ കഴിയുന്ന തിബത്തന്‍, ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളെ പോലെ തങ്ങളെയും പരിഗണിക്കണമെന്നും ഹരജിക്കാരായ മുഹമ്മദ് സലീമുള്ള, ഷാഗിര്‍ എന്നിവര്‍ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.ഇന്ത്യന്‍ നിയമപ്രകാരം ‘അഭയാര്‍ഥി’ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ ഭരണകൂടം അവരെ സംരക്ഷണം നല്‍കുന്ന ഒരു പ്രത്യേക വിഭാഗമായി കണക്കാക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ, ആഗോള ഭീകരസംഘടനയായ ഐഎസ് എന്നീ സംഘടനകളുമായി ഇന്ത്യയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ബന്ധമുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ അഭയാര്‍ഥികള്‍ നിഷേധിക്കുന്നുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നതിന് സര്‍ക്കാര്‍  തെളിവു ഹാജരാക്കിയിട്ടില്ല. ഇന്ത്യയില്‍ അഭയാര്‍ഥികളായ റോഹിന്‍ഗ്യകള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടിട്ടില്ലെന്നതിന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി അസംബ്ലിയില്‍ നടത്തിയ പ്രസ്താവനയും അവലംബമായി സമര്‍പ്പിച്ചിട്ടുണ്ട്.  സംസ്ഥാനത്തുള്ള ഒരു റോഹിന്‍ഗ്യന്‍ അഭയാര്‍ഥിയും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല. നിയമവിരുദ്ധമായി അതിര്‍ത്തി കടന്നതിന്38 റോഹിന്‍ഗ്യകള്‍ക്കെതിരേ 17 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു മെഹ്ബൂബ മുഫ്തി വ്യക്തമാക്കിയിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss