|    Oct 21 Sun, 2018 4:00 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വസ്ത്രശാലയുടെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ സുരക്ഷാമേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വന്‍ തീപ്പിടിത്തം.  ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ പോത്തീസ് ഗോഡൗണില്‍ ഇന്നലെ വൈകീട്ട് 3.30ഓടെയാണ് സംഭവം. രണ്ടാം നിലയിലെ റിച്ച്മൗണ്ട് എന്ന തയ്യല്‍കേന്ദ്രത്തിലാണ് ആദ്യം അഗ്നിബാധയുണ്ടായത്. സംഭവസമയം 15ഓളം ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇവിടന്ന് സമീപത്തെ ഗോഡൗണിലേക്ക് തീ പടര്‍ന്നു.
ചെങ്കല്‍ച്ചൂള ഫയര്‍ സ്‌റ്റേഷനില്‍ നിന്ന് നാലു യൂനിറ്റുകളെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. തീ പടരാന്‍ തുടങ്ങിയതോടെ മുഴുവന്‍ ജീവനക്കാരെയും പുറത്തെത്തിച്ചു. മൂന്നാം നിലയിലേക്കുള്ള വാതിലുകളും ജനലുകളും അടച്ചിരുന്നതിനാല്‍ ഫയര്‍മാന്‍മാര്‍ക്ക് അകത്തു കടക്കാനായില്ല. ഇതോടെ പുറത്തുനിന്നു വെള്ളം ചീറ്റി തീയണക്കാന്‍ ശ്രമം തുടങ്ങി. കടല്‍ത്തീരത്തു നിന്നുള്ള കാറ്റ് കിഴക്കേക്കോട്ടയിലേക്കു വീശിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി. ആദ്യമെത്തിയ നാലു യൂനിറ്റുകളിലെ വെള്ളം തീര്‍ന്നതോടെ ചാക്ക, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കഴക്കൂട്ടം, വിഴിഞ്ഞം ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്ന് പരമാവധി ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി. പക്ഷേ, മൂന്നാം നിലയിലേക്ക് കടക്കാനാവാതെ  വലഞ്ഞു. ഇതോടെ, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ‘പാന്തര്‍’ മെഗാ യൂനിറ്റ് കൊണ്ടുവന്ന് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടങ്ങി.
ചില യൂനിറ്റുകള്‍ പത്മതീര്‍ത്ഥക്കുളത്തില്‍ നിന്നു വെള്ളമെത്തിച്ചെങ്കിലും പര്യാപ്തമായില്ല. മറ്റു യൂനിറ്റുകളില്‍ നിന്നും വാട്ടര്‍ ടാങ്കില്‍ നിന്നും വെള്ളം പാന്തറിലേക്ക് മാറ്റി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. കഠിനപ്രയത്‌നത്തിനൊടുവില്‍ രാത്രി ഏറെ വൈകിയാണ് തീ പൂര്‍ണമായി അണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്ന് അഗ്നിശമനസേനാ മേധാവി എഡിജിപി ഹേമചന്ദ്രന്‍ പറഞ്ഞു. ഏകദേശം രണ്ടു കോടിയുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
മന്ത്രിമാരായ ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എമാരായ വി എസ് ശിവകുമാര്‍, ഒ രാജഗോപാല്‍, മേയര്‍ അഡ്വ. വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രസാദ്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍, ഡിസിപി ശിവവിക്രം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss