|    Jun 25 Mon, 2018 7:21 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ശ്രീനാരായണ സന്ദേശവും സവര്‍ണ സമൂഹവും

Published : 14th October 2015 | Posted By: RKN

അബ്്ദുല്‍ ലത്തീഫ്
ആര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികളുണ്ടാക്കാം, പാര്‍ട്ടികള്‍ തമ്മില്‍ ലയിക്കുകയോ മുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയോ ചെയ്യാം. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അതിന് അവകാശവും സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. പിന്നെന്തിനാണ് കേരളത്തില്‍ എസ്.എന്‍.ഡി.പിയും ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതില്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പ്?    എതിര്‍പ്പിന് ന്യായമായ കാരണങ്ങളുണ്ട്. രണ്ടു തലമുറകള്‍ക്കപ്പുറത്ത് കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും ജാതിവ്യവസ്ഥയ്ക്കും ചൂഷണത്തിനുമെതിരേ സമരം ചെയ്ത നവോത്ഥാന നായകന്മാരായ ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളിലെ പിന്‍തലമുറക്കാര്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു തിരിഞ്ഞുനോക്കാതെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി ഫാഷിസ്റ്റ് വര്‍ഗീയസംഘടനകളുമായി കൂട്ടുകൂടുന്നതിനെയാണ് എതിര്‍ക്കുന്നത്.

സാമൂഹിക അനീതിയും ഉച്ചനീചത്വങ്ങളും അനുഭവിച്ചുവന്നിരുന്ന, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ നടത്തിയ സമരമുഖങ്ങളില്‍ രക്തവും കണ്ണീരും ഒട്ടേറെ ഒഴുക്കിയതാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. നവോത്ഥാനപ്രസ്ഥാനങ്ങളെയും അതിനു ബീജാവാപം ചെയ്ത മഹദ്‌വ്യക്തിത്വങ്ങളെയും വര്‍ഗീയശക്തികളുടെ ആലയില്‍ കൊണ്ടുപോയി കെട്ടിയിടാനുള്ള ശ്രമങ്ങളെ പ്രബുദ്ധകേരളം എതിര്‍ക്കണം. സവര്‍ണ മേധാവിത്വത്തെയും ജാതിവ്യവസ്ഥയില്‍ മനുഷ്യസമൂഹത്തെ മുറിച്ച് ഭാഗംവയ്ക്കുന്ന സമൂഹത്തെയും തിരികെ കൊണ്ടുവന്നു പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ്, സംഘപരിവാര സന്തതിയാണ് ബി.ജെ.പിയെന്ന യാഥാര്‍ഥ്യം എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി നടേശനും കൂട്ടരും വിസ്്മരിക്കരുത്. മഹത്തായ ഒരു പരിവര്‍ത്തന പ്രസ്ഥാനമാണ് എസ്.എന്‍.ഡി.പി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈഴവന്റെ കണ്ണീരും അധ്വാനവും ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറു നല്‍കിയിട്ടുണ്ട്.

കരാറുകാരും കള്ളുമുതലാളിമാരും വളര്‍ത്തിയെടുത്തതല്ല ഇത്. വെള്ളാപ്പള്ളി നടേശന്റെ പൂര്‍വികര്‍ക്കു വിദ്യാഭ്യാസവും സാമൂഹികനീതിയും നിഷേധിക്കുകയും ഒരു വിളിപ്പാടകലെ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത വ്യവസ്ഥിതിയുടെ വക്താക്കളെ സ്വീകരിച്ച് കേരളത്തിലേക്കാനയിച്ച് നിലവിലെ സാമൂഹികവ്യവസ്ഥിതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. വര്‍ഗീയവിരുദ്ധരെന്നും മതേതരവാദികളെന്നും അവകാശപ്പെടുന്ന കോണ്‍ഗ്രസ് ഈ രാഷ്ട്രീയ സര്‍പ്പസന്തതികളുടെ ഭവിഷ്യത്ത് ഗൗരവപൂര്‍വം കാണണം. ഈഴവ ഭൂരിപക്ഷമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ക്കാന്‍ അതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരുകാണുന്നതില്‍ ആനന്ദം കാണുന്നതുപോലെയാണ് എന്നോര്‍ക്കണം.കോണ്‍ഗ്രസ്-ഇടതുപക്ഷ സര്‍ക്കാരുകള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നും ഈഴവസമുദായത്തെ അവഗണിക്കുന്നുവെന്നുമാണ് വെള്ളാപ്പള്ളിയുടെ ആക്ഷേപം.

ഈഴവന്റെ ഇന്നുകാണുന്ന സാമൂഹിക വളര്‍ച്ച അവര്‍ പൊരുതി നേടിയിട്ടുള്ളതാണ്. കമ്മ്യൂണിസ്റ്റുകളും പുരോഗമനവാദികളും അതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളത് ചരിത്രസത്യം.സ്‌കൂളുകളും കോളജുകളും ഈഴവസമുദായത്തിനു നല്‍കുന്നില്ലെന്നാണു പരാതി. തലവരിപ്പണം വാങ്ങാതെ ഏതെങ്കിലുമൊരു പാവപ്പെട്ട ഈഴവന് ഈ സ്ഥാപനങ്ങളിലേതിലെങ്കിലും പ്രവേശനം നല്‍കാറുണ്ടോ? പ്ലസ്‌വണ്‍ സീറ്റിനു പോലും മാനേജ്‌മെന്റ് ക്വാട്ടയില്‍ കിട്ടാന്‍ വലിയ തുക നല്‍കണം. യോഗ്യതകള്‍ എത്രയുണ്ടെങ്കിലും ലക്ഷങ്ങള്‍ കോഴപ്പണമായി ആവശ്യപ്പെടുന്ന കോളജ്-ഹയര്‍സെക്കന്‍ഡറി സ്ഥാപനങ്ങളിലെ അധ്യാപകജോലി ദരിദ്രകുടുംബത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്നും ബാലികേറാമലയാണ്.

സാധാരണക്കാരായ ഈഴവര്‍ ഉയര്‍ത്തുന്ന പരാതികളാണിവ. കോളജുകളും സ്‌കൂളുകളും ഒരുപിടി മേലാളന്മാര്‍ അവരുടെ ആഢ്യചിഹ്നങ്ങളായിട്ടാണു കരുതുന്നത്. സമുദായത്തിന്റെ ഉന്നമനത്തിനു വിദ്യാലയങ്ങളും കോളജുകളും ആവശ്യമില്ലെന്നല്ല പറയുന്നത്. പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയുടെയും കൂലിവേലക്കാരന്റെയും മക്കള്‍ക്കും ഈ വിദ്യാലയങ്ങള്‍ പ്രയോജനപ്പെടണം.കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കള്ളുചെത്ത്, കൈത്തറി മേഖലകളില്‍ വ്യാപരിക്കുന്നത് മുഖ്യമായും ഈഴവസമുദായാംഗങ്ങളാണ്.

തകര്‍ന്നുകിടക്കുന്ന ഈ മേഖല പുനരുദ്ധരിച്ചാല്‍ സമുദായത്തിലെ സാധാരണ അംഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. അതിനുള്ള നടപടിക്ക് യോഗം മുന്‍കൈയെടുക്കണം. അതുവഴി സമുദായത്തിലെ പാവപ്പെട്ടവരുടെ ജീവിതനിലവാരവും സമ്പദ്ഘടനയും മെച്ചപ്പെടുത്താന്‍ കഴിയും. അതിനു പകരം അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ മോഹിച്ച് ബി.ജെ.പിയുമായി ഒരുതരത്തിലും ചേര്‍ന്നുപോവാത്ത എസ്.എന്‍.ഡി.പിയെ അടിമുടി സവര്‍ണമേധാവിത്വം നിലനില്‍ക്കുന്ന സംഘപരിവാരശക്തികള്‍ക്കൊപ്പം കൂട്ടിക്കെട്ടുന്നത് ഗുരുദേവദര്‍ശനങ്ങളോടുള്ള നിന്ദയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss