|    Dec 10 Mon, 2018 10:31 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ശ്രീനാരായണ ദര്‍ശനത്തിന്റെ പ്രസക്തി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ കേരള സ

Published : 7th December 2018 | Posted By: kasim kzm

ആചാരകേരളത്തിന്റെ തിരിച്ചുവരവ് -2 ജെ രഘു

മൂഹത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ നമുക്കു കാണാവുന്നത് രണ്ടു കേരളത്തെയാണ്. ഒന്ന് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗതിക കേരളം. ഒരുവശത്ത് ആധുനിക റോഡുകള്‍, മോട്ടോര്‍ വാഹനങ്ങള്‍, പബ്ലിക് സ്‌കൂളുകള്‍, ഫാക്ടറികള്‍, വാണിജ്യ ശൃംഖലകള്‍, തുറന്ന കമ്പോളങ്ങള്‍, വൈദ്യുതോല്‍പാദന നിലയങ്ങള്‍, അണക്കെട്ടുകള്‍, ജലസേചനം എന്നിങ്ങനെ കേരളത്തിന്റെ ഭൗതികജീവിതത്തിന്റെ അലകും പിടിയും മാറിക്കൊണ്ടിരുന്നപ്പോള്‍, മറുവശത്ത് അവയോടു മുഖം തിരിച്ച്, പുറത്തു നടക്കുന്നതൊന്നും അറിയാതെ ആചാരനൂലുകളില്‍ തൂങ്ങിക്കിടക്കുകയായിരുന്നു സവര്‍ണ സമൂഹം. ഭൗതിക ജീവിതസാഹചര്യത്തിലെ ദ്രുതമാറ്റങ്ങള്‍ ആചാരനൂലുകളെ നിമിഷംപ്രതി ദുര്‍ബലമാക്കിക്കൊണ്ടിരുന്നപ്പോഴും പിടിവിടാന്‍ സവര്‍ണര്‍ തയ്യാറായിരുന്നില്ല.
ശ്രീനാരായണഗുരുവിന്റെ ക്രാന്തദര്‍ശിത്വം തനിക്കു ചുറ്റും നടക്കുന്ന മാറ്റങ്ങളുടെ ദിശയെന്തെന്നു തിരിച്ചറിയാന്‍ അദ്ദേഹത്തെ സഹായിച്ചു. ഭൗതിക സാഹചര്യത്തിലെ മാറ്റങ്ങളെ ആചാരങ്ങളുടെ പഴകിയ നൂലുകള്‍ കൊണ്ട് തടഞ്ഞുനിര്‍ത്താനാവില്ലെന്നു തിരിച്ചറിഞ്ഞ നാരായണഗുരു ആചാരങ്ങളെ നിരസിക്കാന്‍ ആഹ്വാനം ചെയ്തു. ഗുരു ആവിഷ്‌കരിച്ച ആചാരലംഘനത്തെയാണ് ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍’ എന്ന കവിവാക്യത്തിലൂടെ കുമാരനാശാന്‍ കേരളത്തിന്റെ ദിഗന്തങ്ങളെ ഭേദിക്കുമാറ് വിളിച്ചുപറഞ്ഞത്.
കുപ്പമാടങ്ങളില്‍ കരിവിളക്കിന്റെ അല്‍പവെട്ടത്തില്‍ കരിക്കാടി കഴിച്ചുകൊണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്തിരുന്ന അവര്‍ണ ഭൂരിപക്ഷ ജനതയെ ‘മാറ്റുവിന്‍ ചട്ടങ്ങളെ’യുടെ മാറ്റൊലികള്‍ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. അവര്‍ കൊട്ടാരങ്ങളിലെയും മനകളിലെയും തൃക്കൈകളെയും പള്ളിമഞ്ചങ്ങളെയും അമൃതേത്തിനെയും സമ്പൂര്‍ണമായി നിരാകരിക്കുകയും ശ്രീനാരായണ മൂല്യമണ്ഡലം ഉയര്‍ത്തിയ ഊര്‍ജപ്രവാഹത്തെ സ്വീകരിച്ചുകൊണ്ട് സ്വയം നവോത്ഥാനത്തിന്റെ കൊടുങ്കാറ്റായി ഉയരുകയുമാണ് ഉണ്ടായത്. ഉയിര്‍ത്തെഴുന്നേല്‍പുകളുടെ സഞ്ചാരത്തെ നയിച്ച ധീരനാവികന്‍മാര്‍ ശ്രീനാരായണഗുരുവും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനുമാണ്.
ആചാരങ്ങളില്‍ തൂങ്ങിക്കിടന്നു മാടമ്പിത്തരം അയവിറക്കിക്കൊണ്ടിരുന്ന സവര്‍ണര്‍ക്ക് നിദ്രാവിഹീന രാത്രികള്‍ സമ്മാനിച്ച നവോത്ഥാന പ്രക്ഷോഭങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി കേരളത്തില്‍. പഴകിയ ആചാരങ്ങളില്‍ അധിഷ്ഠിതമായ സര്‍വ മൂല്യങ്ങളെയും അടിമുടി പുനര്‍മൂല്യവിചാരണയ്ക്കു വിധേയമാക്കിയ ശ്രീനാരായണ മൂല്യമണ്ഡലം ക്രമേണ ആധുനിക കേരളത്തിന്റെ മതേതര ജനാധിപത്യ നൈതികാടിത്തറയായി മാറുകയാണുണ്ടായത്. സമകാലിക കേരളത്തെ മനുഷ്യവാസയോഗ്യമായ ഒരു മതേതര മാനവിക അധിവാസ ഭൂപടമാക്കി നിലനിര്‍ത്തുന്നത് ശ്രീനാരായണ മൂല്യമണ്ഡലത്തിന്റെ അഗാധസാന്നിധ്യമാണ്.
സ്വാതന്ത്ര്യാനന്തര കേരളത്തില്‍ സജീവമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിത്തുകള്‍ ഇവിടെ മുളപ്പിച്ചത് ശ്രീനാരായണ മൂല്യമണ്ഡലമാണ്. മാര്‍ക്‌സിസത്തിന്റെ സാര്‍വദേശീയ സമത്വവീക്ഷണങ്ങളും ശ്രീനാരായണ മൂല്യമണ്ഡലവും തമ്മിലുള്ള ഉഭയജീവിതമാണ് പില്‍ക്കാല കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക ചരിത്രത്തെ നിര്‍ണയിച്ച നിര്‍ണായക ശക്തി. ശ്രീനാരായണ മൂല്യമണ്ഡലത്തിന്റെ ഊര്‍ജപ്രവാഹം കേരളത്തില്‍ നിലനില്‍ക്കുവോളം ആര്‍എസ്എസ് സ്വപ്‌നം കാണുന്ന ആചാരകേരളത്തിന്റെ വീണ്ടെടുപ്പ് അസാധ്യമാണ്. സമീപകാല എസ്എന്‍ഡിപി നേതൃത്വം അവസരവാദ നിലപാടുകള്‍ എടുക്കുകയും ആര്‍എസ്എസിന്റെ ‘ഹിന്ദു ഐക്യ കെണി’കളില്‍ വീഴുകയും ചെയ്തിട്ടും ശ്രീനാരായണ മൂല്യമണ്ഡലത്തിന് കേരളത്തിന്റെ മതേതര ജീവിതത്തിലുള്ള അഗാധസ്വാധീനത്തെ ദുര്‍ബലമാക്കാന്‍ കഴിഞ്ഞിട്ടില്ല.
കാരണം, ശ്രീനാരായണ മൂല്യമണ്ഡലം ഇന്ന് ഒറ്റയ്ക്കല്ല നിലനില്‍ക്കുന്നത്. ഇടതു മതേതര പ്രസ്ഥാനങ്ങളുമായുള്ള സഹവര്‍ത്തിത്വത്തിലൂടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ശ്രീനാരായണ മൂല്യമണ്ഡലത്തെ തകര്‍ക്കുന്നതിനുള്ള മുന്നുപാധി ഇടതുപക്ഷവുമായുള്ള അതിന്റെ സഹവര്‍ത്തിത്വത്തെ വിച്ഛേദിക്കുക എന്നുള്ളതാണ്. ഇതിന്റെ ഫലം രണ്ടാണ്. ഒന്ന്: ശ്രീനാരായണ മൂല്യമണ്ഡലത്തില്‍ നിന്നു വിച്ഛേദിക്കപ്പെടുന്ന ഇടതുപക്ഷത്തെ ഒരു വൈദേശിക പ്രസ്ഥാനമായി മുദ്രയടിക്കാന്‍ എളുപ്പമാണ്. രണ്ട്: ഇടതുപക്ഷ ധാരയില്‍ നിന്ന് അടര്‍ന്നുമാറുന്ന ശ്രീനാരായണ മൂല്യമണ്ഡലത്തിനു സംഘടനാപരമായും പ്രായോഗികമായും പ്രവര്‍ത്തനക്ഷമമാകാനാവില്ല. കാരണം, ശ്രീനാരായണ മൂല്യമണ്ഡലത്തിന്റെ സംഘടനാപരമായ പ്രതിനിധികള്‍ തന്നെ അതിനെ അനാഥമാക്കിക്കഴിഞ്ഞു എന്നതാണ്.
എസ്എന്‍ഡിപിയുടെ ഔദ്യോഗിക നേതൃത്വം ആര്‍എസ്എസ് വിരിച്ച ഹിന്ദുകെണിയില്‍ വീണുകഴിഞ്ഞ സാഹചര്യത്തില്‍ അവരില്‍ നിന്ന് ഇനി എന്തെങ്കിലും പ്രതീക്ഷിക്കാനാവുമെന്നു തോന്നുന്നില്ല. അതിനാല്‍, ആര്‍എസ്എസിന്റെ ഗൂഢതന്ത്രം മനസ്സിലാക്കാനും ശ്രീനാരായണ മൂല്യമണ്ഡലത്തെ പൂര്‍വാധികം ശക്തിയോടെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം ഇടതുപക്ഷത്തില്‍ നിക്ഷിപ്തമാണ്.
ഭരണഘടനയെയും നിയമവാഴ്ചയെയും പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ഇന്നു നമ്മുടെ തെരുവുകളില്‍ നടക്കുന്ന സവര്‍ണ പ്രക്ഷോഭങ്ങള്‍ ആത്യന്തികമായി ലക്ഷ്യമാക്കുന്നത് ശ്രീനാരായണ മൂല്യമണ്ഡലത്തെയാണ്. ശ്രീനാരായണഗുരുവിന്റെ സന്ന്യാസവ്യക്തിത്വത്തെയോ ആത്മീയപ്രതിബദ്ധതയോ സവര്‍ണര്‍ക്കു പോലും തള്ളിപ്പറയാനാവില്ല. അതിനാല്‍, നമ്മുടെ രാഷ്ട്രീയ പൊതുമണ്ഡലങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്ന സവര്‍ണ വിശ്വാസിപ്പറ്റങ്ങളെ നേരിടാനുള്ള ഏറ്റവും വലിയ പരിച ശ്രീനാരായണ മൂല്യമണ്ഡലം തന്നെയാണ്.
മാത്രവുമല്ല, ആധുനിക കേരളം സൃഷ്ടിച്ചിട്ടുള്ള ഏറ്റവും വലിയ ഐക്കണ്‍ ശ്രീനാരായണഗുരുവാണെന്നത് അസന്ദിഗ്ധമാണ്. ബഹുമുഖ പ്രതിച്ഛായയുള്ള ഈ ഐക്കണിന്റെ പ്രത്യേകതകള്‍ അത് ഒരേസമയം ആത്മീയതയെയും ഈശ്വരവിശ്വാസത്തെയും അവര്‍ണ വിമോചനാഭിലാഷങ്ങളെയും സവര്‍ണാധിപത്യ നിഷേധത്തെയും ആചാരധ്വംസനത്തെയും ജാതിഭേദവും മതദ്വേഷവുമില്ലാതെ, സാഹോദര്യത്തെയും സാര്‍വദേശീയതയെയും സാര്‍വലൗകിക മാനവികതയെയും സ്ത്രീപുരുഷ തുല്യതയെയും ക്ഷേത്രങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തെയും മതേതരത്വത്തെയും ഒരേയളവില്‍ പ്രതിനിധാനം ചെയ്യുന്നു എന്നതാണ്.
ആര്‍എസ്എസ്-സവര്‍ണസഖ്യം ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന പ്രതിലോമ സമരത്തെ നിയമത്തിന്റെ യുക്തികള്‍ കൊണ്ടു മാത്രം നേരിടാനാവില്ല. കാരണം, നാമജപ-ശരണംവിളി ഘോഷയാത്രകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ട വിശ്വാസിപ്പറ്റങ്ങള്‍ യുക്തിവിചാരശേഷിയോ സഹിഷ്ണുതയോ വസ്തുതാബോധമോ ഇല്ലാത്തവരാണ്. അന്ധവിശ്വാസത്തിന്റെ ലഹരിയില്‍ സ്വയം മറന്ന ഇത്തരം പറ്റങ്ങളോട് യുക്തിസഹവും വസ്തുതാപരവുമായ സംവാദം പോലും അസാധ്യമാണ്.
ഈ വിശ്വാസിപ്പറ്റങ്ങള്‍ സവര്‍ണ കൂട്ടങ്ങളാണെന്നും അവര്‍ നടത്തുന്ന നാമജപ-ശരണംവിളി ഘോഷയാത്രകള്‍ മുറിവേറ്റ ആചാരകേന്ദ്രത്തിന്റെ ഞരക്കമാണെന്നും കേരള സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഈ സമരത്തെ പരാജയപ്പെടുത്താനുള്ള ശരിയായ മാര്‍ഗം. ഇടതു നേതൃത്വം അതിനാല്‍ അഭിസംബോധന ചെയ്യേണ്ടത് കേരളത്തിലെ അവര്‍ണരെയാണ്. ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആരാധനാസ്വാതന്ത്ര്യവും മനുഷ്യാവകാശവും ആത്മാഭിമാനവും ഇല്ലാതാക്കുന്നതിനു വേണ്ടി കേരളത്തിലെ നിസ്സാര ന്യൂനപക്ഷമായ സവര്‍ണര്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന അവര്‍ണവിരുദ്ധ സമരമാണിതെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഇടതുപക്ഷത്തിനു കഴിയണം. ി

(അവസാനിച്ചു)

കടപ്പാട്: ജനശക്തി, നവംബര്‍ 15, 2018

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss