|    Jan 22 Sun, 2017 11:39 am
FLASH NEWS

ശ്രീനാരായണഗുരു ഹിന്ദു സന്യാസിയെന്ന് ബിജെപി; ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍

Published : 17th September 2016 | Posted By: SMR

തിരുവനന്തപുരം: ‘ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്ന് ഉദ്‌ബോധനം നല്‍കിയ ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിച്ച ബിജെപിയുടെ നടപടി വിവാദത്തിലേക്ക്. ബിജെപി കേരളഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് ഗുരുവിനെ ഹിന്ദു സന്യാസിയാക്കി പോസ്റ്റിട്ടിരിക്കുന്നത്. അതേസമയം, ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
കേരളം ലോകത്തിനു സംഭാവന ചെയ്ത ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീനാരായഗുരുവെന്നും പുഴുക്കുത്തുകളില്ലാതാക്കി ഹിന്ദു ധര്‍മത്തെ നവീകരിച്ച ഗുരുദേവന്‍ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയെന്നും ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ചതയദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള ഫേ—സ്ബുക്ക് കുറിപ്പിലാണ് ബിജെപി നേതൃത്വം ഗുരുവിനെ ഹിന്ദുസന്യാസിയായി അവതരിപ്പിച്ചത്. പരിഷ്‌കാരത്തിന്റെ പേരില്‍ സംസ്‌കാരത്തെയും സ്വന്തം നാടിനെത്തന്നെയും തള്ളിപ്പറയാന്‍ മടികാണിക്കാത്ത ഇന്നത്തെ കപട ‘പുരോഗമന’ വാദികള്‍ക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവൃത്തികള്‍. ഗുരു ഉയര്‍ത്തിയ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നതുകണ്ട് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവദര്‍ശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയധാരയില്‍നിന്ന് അടര്‍ത്തിമാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ബിജെപി നേതൃത്വം ആഹ്വാനം ചെയ്യുന്നു. ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തില്‍ നടന്നപ്പോള്‍ സമ്മേളന നഗരിക്ക് നല്‍കിയതു ഗുരുദേവന്റെ പേരായിരുന്നു. സമ്മേളനത്തിന്റെ 50ാം വര്‍ഷത്തില്‍ മറ്റൊരു ദേശീയ കൗണ്‍സിലിനുകൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും പോസ്റ്റില്‍ സൂചിപ്പിക്കുന്നു.
മലയാളികളുടെ ദേശീയ ഉല്‍സവമായ ഓണത്തിന്റെ പേരില്‍പ്പോലും സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിച്ചതിനെതിരേ ഉയര്‍ന്ന പ്രതിഷേധം കെട്ടടങ്ങുംമുമ്പാണ് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ വിവാദനിലപാടുമായി ബിജെപി വീണ്ടും രംഗത്തുവന്നിരിക്കുന്നത്.
ശ്രീനാരായണ ഗുരുവിനെ ഹിന്ദുസന്യാസിയാക്കിയ ബിജെപിയുടെ നടപടിക്കെതിരേ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. ശ്രീനാരായണ ഗുരുദേവനെ കേവലമൊരു ഹിന്ദു സന്യാസിയായി ചുരുക്കിക്കെട്ടാനുള്ള ബിജെപിയുടെ ശ്രമം വര്‍ഗീയത വളര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. മതങ്ങള്‍ക്കതീതമായ ആത്മീയതയാണ് ഗുരുദര്‍ശനങ്ങളുടെ അടിത്തറ. ആ ഗുരുവിനെ ഹിന്ദു സന്യാസിയായി സംഘപരിവാറിന്റെ കൂടാരത്തിലെത്തിക്കാനുള്ള ബിജെപിയുടെ ശ്രമം അപഹാസ്യമാണ്. തിരുവോണത്തെ വാമനജയന്തിയാക്കിയതുപോലുള്ള വക്രബുദ്ധിയാണ് ഇവിടെയും പ്രവര്‍ത്തിക്കുതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ബിജെപിയുടെ നീക്കം തികഞ്ഞ ഗുരുനിന്ദയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനും ഇഷ്ടമില്ലാത്തവരെ ഉന്മൂലനം ചെയ്യാനും മടിക്കാത്ത വര്‍ഗീയ ഫാഷിസ്റ്റ് പ്രസ്ഥാനമായ ബിജെപിക്ക് ശ്രീനാരായണഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള അര്‍ഹതയില്ല. കേരളീയര്‍ ഒരുമയോടെ ആഘോഷിച്ചുവരുന്ന ഓണത്തിന് ദുര്‍വ്യാഖ്യാനം നല്‍കിയ ബിജെപിയുടെ വര്‍ഗീയ അജണ്ട തന്നെയാണ് ഗുരുജയന്തിവേളയിലും പ്രകടമാവുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 464 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക