|    May 24 Wed, 2017 4:06 am
FLASH NEWS

ശ്രീനഗറില്‍ മിക്കയിടത്തും കര്‍ഫ്യൂ പിന്‍വലിച്ചു; രാജ്‌നാഥ് സിങ് ഇന്ന് കശ്മീരില്‍

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെത്തുടര്‍ന്നു പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നിയന്ത്രണാധീതമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു കശ്മീരിലെത്തും. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന ആഭ്യന്തരമന്ത്രി വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിലെ സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്കയും വേദനയും പ്രകടിപ്പിച്ചതിനു പിന്നാലെയാണു സന്ദര്‍ശനം.
വാനിയുടെ വധത്തിനു ശേഷം ഒരുമാസത്തിനിടെ ആഭ്യന്തരമന്ത്രി നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണിത്. സംഘര്‍ഷങ്ങളില്‍ രണ്ടു പോലിസുകാര്‍ ഉള്‍പ്പെടെ 65 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കശ്മീരുമായി വൈകാരിക ബന്ധമാണു കേന്ദ്രം ആഗ്രഹിക്കുന്നതെന്നും ആവശ്യം അടിസ്ഥാനമാക്കിയല്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീരിലെ സമാധാനം പുനസ്ഥാപിക്കാന്‍ ആരുമായും ചര്‍ച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംയുക്ത പ്രതിപക്ഷ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കശ്മീരിലെ സ്ഥിതിഗതികളില്‍ കടുത്ത ആശങ്കയും വേദനയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ചിരുന്നു.
ജമ്മുകശ്മീരിലെ പ്രശ്‌നങ്ങള്‍ക്കു സ്ഥായിയായ പരിഹാരം കാണുന്നതിനു മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ ലോഹ ഉണ്ട പ്രയോഗത്തില്‍ 17 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.
അതേസമയം, സ്ഥിതിഗതികളില്‍ നേരിയ പുരോഗതി ദൃശ്യമായതിനെത്തുടര്‍ന്നു ശ്രീനഗറിലെ മിക്ക മേഖലയിലും കര്‍ഫ്യൂ പിന്‍വലിച്ചു. എന്നാല്‍, അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ തുടരുകയാണ്. വാനിയുടെ വധത്തിനു പിന്നാലെ ആരംഭിച്ച കര്‍ഫ്യൂവും പണിമുടക്കും തുടര്‍ച്ചയായ 47ാം ദിവസവും താഴ്‌വരയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day