|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ ബിജെപിയില്‍ പടയൊരുക്കം

Published : 2nd December 2018 | Posted By: kasim kzm

കോഴിക്കോട്: കേരളത്തില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറയൊരുക്കാമായിരുന്ന ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി സംബന്ധിച്ച് ബിജെപിയില്‍ ഭിന്നത മൂര്‍ച്ഛിക്കുന്നു. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പാളയത്തില്‍ തന്നെ പടയാരംഭിച്ചിട്ടുള്ളത്. പാര്‍ട്ടിയില്‍ ശക്തമായ നിര്‍ണയാധികാരം പുലര്‍ത്തിവരുന്ന ആര്‍എസ്്എസും, അവരെ പിന്തുണയ്ക്കുന്ന സംഘപരിവാര സംഘടനകളുമാണ് സംസ്ഥാന നേതൃത്വത്തിനെതിരേ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.
പിള്ളയുമായി ഇടഞ്ഞുനില്‍ക്കുന്ന വി മുരളീധരന്‍ എംപിയുടെ മാനസിക പിന്തുണയോടെയാണ് വിമര്‍ശനങ്ങളെന്നാണ് സൂചന. ശബരിമല വിഷയത്തിന്റെ ഭാവി മുഖ്യ ചര്‍ച്ചാവിഷയമാക്കി കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത ബിജെപി നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരേ ഉയര്‍ന്ന രൂക്ഷ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തിപ്രാപിച്ചുവരുന്ന വിഭാഗീയതയുടെ കൂടി അടയാളമാണ്. പാര്‍ട്ടി കോര്‍കമ്മിറ്റി അംഗമായ വി മുരളീധരന്‍ തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനായാണ് യോഗത്തില്‍ നിന്ന് മാറിനിന്നതെന്നും വിലയിരുത്തലുണ്ട്.
സംസ്ഥാന അധ്യക്ഷന്റെ പക്വതയില്ലാത്ത സമീപനവും ഇടപെടലുമാണ് ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാവാന്‍ കാരണമായതെന്ന് അവലോകന യോഗത്തില്‍ ശക്തമായ അഭിപ്രായമുയര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനങ്ങളില്‍ ശബരിമല സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് വ്യക്തമായി അവതരിപ്പിക്കാന്‍ പിള്ളയ്ക്ക് സാധിച്ചില്ലെന്നും, ചില പരാമര്‍ശങ്ങള്‍ ശബരിമല സമരത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടിനെ പരിഹാസ്യമാക്കിയതായും അംഗങ്ങള്‍ ആരോപിച്ചു.
സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക് മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പിള്ളയ്ക്ക് സാധിച്ചില്ല. മുഖ്യമന്ത്രിയുടെ നിലപാടിലേക്ക് പാര്‍ട്ടി അയയുകയാണ് ചെയ്തത് എന്ന് തോന്നിപ്പിക്കുകയാണ് ഉണ്ടായതെന്നും ആരോപണം ഉയര്‍ന്നു. സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും നിരന്തരമായി കേസുകള്‍ എടുക്കുകയും ചെയ്തിട്ടും അതിനൊത്ത പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു. തുടക്കത്തിലേ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ അറസ്റ്റിനെ ലാഘവത്തോടെയാണ് സമീപിച്ചതെന്ന രൂക്ഷവിമര്‍ശനവും ചിലര്‍ ഉന്നയിച്ചു.
യുവമോര്‍ച്ചാ സമ്മേളനത്തിലെ പിള്ളയുടെ വിവാദമായ പ്രസംഗവും വിമര്‍ശനത്തിനിടയാക്കി. പാര്‍ട്ടിക്കാരല്ലാത്ത വിശ്വാസികളെ ഈ പ്രസംഗം പാര്‍ട്ടിയില്‍ നിന്നും സമരത്തില്‍ നിന്നും അകറ്റി. പാര്‍ട്ടി ആസൂത്രണം ചെയ്ത ഒന്നാണ് ശബരിമല സമരം എന്ന രീതിയിലുള്ള വ്യാപക പ്രചാരണം ഇതിനെ തുടര്‍ന്ന് ഉണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍, പാര്‍ട്ടിയില്‍ ഉരുത്തിരിയുന്ന ഈ വിഭാഗീയതയെ ഗൗരവമായാണ് കേന്ദ്ര നേതൃത്വം കാണുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss