|    Dec 12 Wed, 2018 9:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശ്രീധരന്‍പിള്ളയ്‌ക്കെതിരേ കോടതിയലക്ഷ്യ ഹരജി

Published : 24th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരേ പരസ്യമായി പ്രതിഷേധം സംഘടിപ്പിച്ച ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയടക്കം അഞ്ചുപേര്‍ക്കെതിരേ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി.
ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര്, സിനിമാ നടന്‍ കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ, ബിജെപി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരേയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. നേരത്തേ, ഇവര്‍ക്കെതിരേ നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഹരജി നല്‍കിയിരിക്കുന്നത്.
ഹരജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്നു സുപ്രിംകോടതി രജിസ്ട്രിയില്‍ നിന്ന് അറിയിച്ചതായി അഭിഭാഷകര്‍ പറഞ്ഞു. നേരത്തേ ഹരജി നല്‍കിയ ഗീനാകുമാരി, എ വി വര്‍ഷ എന്നിവര്‍ തന്നെയാണ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
നേരത്തേ നല്‍കിയ കോടതിയലക്ഷ്യ ഹരജിക്ക് അനുമതി നിഷേധിച്ചുകൊണ്ട് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് പുതിയ ഹരജി നല്‍കിയത്. കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രീധരന്‍പിള്ളയടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍പിള്ള സുപ്രിംകോടതി വിധിക്കെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. സുപ്രിംകോടതി വിധി പുറപ്പെടുവിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി തെറ്റായി വ്യാഖ്യാനിച്ച് പ്രസ്താവനകള്‍ നടത്തിയ കാര്യവും ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
ബിജെപി അധ്യക്ഷന്‍ അടക്കമുള്ളവരുടെ നടപടി കോടതിയലക്ഷ്യമല്ലെന്നും മായ വിമര്‍ശനം മാത്രമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥരില്‍ ഒരാളായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി നിഷേധിച്ചിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss