|    Sep 23 Sun, 2018 11:06 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ശ്രീജിവ് കൊല്ലപ്പെട്ടിട്ട് നാലുവര്‍ഷം; സമരം തുടര്‍ന്ന് ശ്രീജിത്ത്

Published : 22nd May 2018 | Posted By: kasim kzm

തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവ് പോലിസ് കസ്റ്റഡിയില്‍ മരണപ്പെട്ട് നാലുവര്‍ഷം പിന്നിടുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നിലെ ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം തുടരുന്നു. സാമൂഹികമാധ്യമ കൂട്ടായ്മയില്‍ ഒരുഘട്ടത്തില്‍ സമരത്തില്‍ വന്‍ ജനക്കൂട്ടം ഉണ്ടായെങ്കിലും ഇപ്പോള്‍ സമരപ്പന്തലില്‍ ആരവങ്ങളൊന്നുമില്ല. എന്നാല്‍, എന്നും ശ്രീജിത്തിനോടൊപ്പം നിന്ന ചിലര്‍ ഇപ്പോഴും സമരപ്പന്തലിലെത്തുന്നുണ്ട്.
782 ദിവസം നീണ്ട സമരത്തിനുശേഷം കഴിഞ്ഞ ജനുവരി 30നു കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു. എന്നാല്‍, നാലുദിവസത്തിനുശേഷം സമരം പുനരാരംഭിക്കുകയായിരുന്നു. സഹോദരന്റെ കസ്റ്റഡിമരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നൂം കുറ്റാരോപിതരായ പോലിസുകാരെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയശേഷം അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണു സമരം പുനരാരംഭിച്ചത്.
കുറ്റവാളികളായ പോലിസ് ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരാണെന്നും അതുകൊണ്ട് തുടര്‍ന്നു നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസില്‍ പ്രാരംഭമായി മൊഴിയെടുത്തതല്ലാതെ തുടര്‍നടപടികളൊന്നുമുണ്ടായില്ലെന്നു ശ്രീജിത്ത് പറയുന്നു. കുറ്റാരോപിതരായ പോലിസുകാര്‍ പോലിസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവിനെതിരേ സ്‌റ്റേ സമ്പാദിച്ചതുമൂലം ഇവര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ശ്രീജിത്തിന്റെ മാതാവിനു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയത്. എന്നാല്‍, സര്‍ക്കാര്‍ ഈ സ്റ്റേ നീക്കാന്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ലെന്ന് ശ്രീജിത്തിന്റെ അമ്മ പറയുന്നു. ശ്രീജിവിന്റെ കസ്റ്റഡിമരണത്തില്‍ പോലിസ് കുറ്റക്കാരാണെന്നു കണ്ടെത്തിയ അതോറിറ്റി ഇവര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കാനും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിരുന്നു. തുക കുറ്റക്കാരായ പോലിസുകാരില്‍ നിന്ന് ഈടാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
2014 മെയ് 19നാണ് പാറശ്ശാല പോലിസ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുത്തത്. 21നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു മരിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss