|    Oct 16 Tue, 2018 7:38 pm
FLASH NEWS
Home   >  Kerala   >  

ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയെന്ന് സംശയം: രണ്ട് തുടകളിലും ഒരേപോലെ ചതവുകള്‍ കണ്ടെത്തി

Published : 17th April 2018 | Posted By: sruthi srt

കൊച്ചി: വരാപ്പുഴയില്‍ ദേവസ്വം പാടം സ്വദേശി ശ്രീജിത് മരിച്ചത് ഉരുട്ടിക്കൊലയെ തുടര്‍ന്നെന്ന് സംശയം.മൂന്നാംമുറയ്ക്ക് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന് സംശയം ഉണ്ടാക്കുന്ന രീതിയിലുള്ള പരിക്കുകളാണ് ശ്രീജിത്തിന്റെ ശരീരത്തിലുള്ളതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്.
ശ്രീജിത്തിന്റെ ശരീരിത്തില്‍ 18 ചതവുകള്‍ ഉണ്ടായിരുന്നതായിട്ടാണ് റിപോര്‍ട്ടില്‍ പറയുന്നത്. രണ്ട് തുടകളിലും ഒരേപോലെ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടിവയറ്റിനേറ്റ മാരകമായ ക്ഷതവും കുടല്‍ മുറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അണുബാധയും ശ്രീജിത്തിന്റെ മരണത്തിന് കാരണമായതായും വ്യക്തമാക്കുന്നു. ശ്രീജിത്തിന്റെ ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ചെറുകുടലിലുണ്ടായ മുറിവു നിമിത്തം അണുബാധ ഉണ്ടാവുകയും ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്തുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ ഉപദേശം തേടാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ച് ഇക്കാര്യത്തില്‍ വ്യക്തതവരുത്താനാണ് സംഘം ശുപാര്‍ശ ചെയ്യാന്‍ ഒരുങ്ങുന്നത്.

അതേസമയം,സംഭവത്തില്‍ ആലുവ റൂറല്‍ എസ്.പി എ വി ജോര്‍ജിന്റേതടക്കമുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന. കേസുമായി ബന്ധപ്പെട്ടതും സംശയമുള്ളവരുമായ എല്ലാവരുടെയും ഫോണ്‍ രേഖകളാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ ബാഹ്യ പ്രേരണയെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് പ്രധാനമായും പരിശോധന. ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് സംഭവ ദിവസങ്ങളില്‍ വന്നിരിക്കുന്ന ഫോണ്‍ കോളുകളില്‍ അസ്വാഭാവികത കണ്ടെത്തിയാല്‍ അവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കും. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്റുചെയ്യപ്പെട്ട നോര്‍ത്ത് പറവൂര്‍ സി ഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ  ദീപക് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടും തുടര്‍ന്നും നടന്ന സംഭവങ്ങളെക്കുറിച്ച് ഇവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍, നാട്ടുകാര്‍ തുടങ്ങിയവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂടുതല്‍ ആളുകളോട് വരും ദിവസങ്ങളില്‍ മൊഴിയെടുക്കുന്നതിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമായിരുന്നു ശ്രീജിത് ഉള്‍പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതെന്ന് നേരത്തെ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്റു ചെയ്തിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ്(ആര്‍ടിഎഫ്) അംഗങ്ങളായിരുന്ന പോലീസുകാര്‍  അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത സമയത്തും സ്‌റ്റേഷനിലെത്തിച്ച ശേഷവും ശ്രീജിത്ത് ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്ന്  ശ്രീജിത്തിന്റെ ഭാര്യ അഖിലയും മാതാപിതാക്കളും സഹോദരന്‍ സജിത്തും അന്വേഷണ സംഘത്തിനോട് പറഞ്ഞിരുന്നു.  ഇതിലേക്കെല്ലാം കാര്യങ്ങളെത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയടക്കം സമ്മര്‍ദമുണ്ടെന്ന ആരോപണവും നിലവിലുണ്ട്. ഇവയുടെ വിശദമായ പരിശോധനക്കാണ് എസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സസ്െപന്‍ഷനിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുമ്പോള്‍ ശ്രീജിത്തിന് ശാരീരികമായി പ്രശ്‌നമുളളതായി തോന്നിയിരുന്നില്ലെന്ന് കേസിലെ സാക്ഷികളിലൊരാളായ ഗണേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പോലീസ് ജീപ്പിലോ സ്‌റ്റേഷനിലോ വെച്ചാ ശ്രീജിത്തിന് മര്‍ദന മേറ്റിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും ഗണേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലീസ് കസ്റ്റഡിയില്‍ വെച്ചാണ് തനിക്ക് മര്‍ദനമേറ്റതെന്ന ശ്രീജിത് ആശൂപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നുവെന്ന വിധത്തിലുള്ള റിപോര്‍ടും പുറത്തൂവരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss