|    Jul 17 Tue, 2018 11:14 am
FLASH NEWS

ശ്രീകൃഷ്ണ ജയന്തി-സാംസ്‌കാരിക ഘോഷയാത്ര : ജില്ലയില്‍ പോലിസ് നിരീക്ഷണം ശക്തമാക്കി

Published : 12th September 2017 | Posted By: fsq

 

കണ്ണൂര്‍/ഇരിട്ടി: ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് ബിജെപിയും സിപിഎമ്മും നടത്തുന്ന ഘോഷയാത്രകളുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോലിസ് നിരീക്ഷണം ശക്തമാക്കി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണു നടപടി. സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ 300 കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതേസമയം തന്നെ ‘മഹദ് ജന്‍മങ്ങള്‍ മാനവ നന്‍മയ്ക്ക്’ എന്ന സന്ദേശത്തില്‍ അയ്യങ്കാളി, ചട്ടമ്പി ജയന്തി ആഘോഷ സമാപനത്തിന്റെ ഭാഗമായി സിപിഎമ്മും സാംസ്‌കാരിക ഘോഷയാത്രകള്‍ നടത്തുന്നു.ക്രമസമാധാന പാലനം സമ്മര്‍ദത്തിലാഴ്ത്തുന്ന ഇരു പരിപാടികളും പോലിസിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ഘോഷയാത്രകളുടെ സമാധാനപരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കിള്‍തലത്തിലും സബ്ഡിവിഷന്‍ തലത്തിലും ഇരു പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ചിരുന്നു. കര്‍ശന നിര്‍ദേശങ്ങളാണു പോലിസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഘോഷയാത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് ബിജെപിയും സിപിഎമ്മും പരസ്പരം വീറും വാശിയും തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തി ല്‍ ജില്ലയിലെ പല മേഖലകളിലും പോലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇരിട്ടി മേഖലയില്‍ മാത്രം ഒരു കമ്പനി പോലിസിനെ അധികമായി നിയോഗിച്ചു. ഇരിട്ടി, പുന്നാട്, കാക്കയങ്ങാട്, തില്ലങ്കേരി, മുഴക്കുന്ന് മേഖലയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഴക്കുന്ന് പോലിസ് സ്റ്റേഷന്‍ പരിധിയിലെ കാക്കയങ്ങാട്ട് ഇരുവിഭാഗം ഘോഷയാത്രകള്‍ മുഖാമുഖം വന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുവിഭാഗങ്ങള്‍ക്കും ഘോഷയാത്രയുടെ റൂട്ട് നിശ്ചയിക്കുന്നിനുവേണ്ടി ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ കഴിഞ്ഞ ദിവസം മേഖലയിലെ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നെങ്കിലും സംഘപരിവാര പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. സിപിഎമ്മിന്റെ ഘോഷയാത്രയ്ക്കു വേണ്ടി തങ്ങളുടെ സമയം മാറ്റാന്‍ കഴിയില്ലെന്നാണ് ഇവരുടെ വാദം. അതേസമയം, ഘോഷയാത്രകള്‍ മുഖാമുഖം വരുന്നത് ഒഴിവാക്കണമെന്ന് ഇരുവിഭാഗം സംഘാടകരോടും പോലിസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss