|    Oct 18 Thu, 2018 2:12 am
FLASH NEWS

ശ്രീകൃഷ്ണ ജയന്തി നാളിലെ ഘോഷയാത്ര : കണ്ണൂര്‍ ജില്ല സംഘര്‍ഷഭീതിയില്‍

Published : 11th September 2017 | Posted By: fsq

 

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി നാളില്‍ ഘോഷയാത്ര നടത്തുന്നതു സംബന്ധിച്ച് ബിജെപിയും സിപിഎമ്മും പരസ്പരം വീറും വാശിയും തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ല സംഘര്‍ഷഭീതിയിയില്‍. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇരു പാര്‍ട്ടികളുടെയും നിയന്ത്രണത്തിലുള്ള സംഘടനകള്‍ നടത്തുന്ന ഘോഷയാത്രയ്ക്ക് പോലിസ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗണേശോല്‍സവ നാളില്‍ ചിലയിടങ്ങളില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീകൃഷ്ണ ജയന്തി നാളിലെ ഘോഷയാത്രകള്‍ക്ക് പോലിസ് കനത്ത നിരീക്ഷണമൊരുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുന്ന സംഘപരിവാരം പോലിസ് നടപടികളോടു സഹരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേദിവസം ‘മഹദ് ജന്‍മങ്ങള്‍ മാനവ നന്‍മയ്ക്ക്’ എന്ന സന്ദേശത്തില്‍ അയ്യങ്കാളി, ചട്ടമ്പി ജയന്തി ആഘോഷ സമാപനത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക ഘോഷയാത്രകള്‍ നടത്തുന്നുണ്ട്. ഇതാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സിപിഎം ഇതേദിവസം ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇരുഘോഷയാത്രകളുടെയും സംഘര്‍ഷരഹിതമായ നടത്തിപ്പിന് സംഘാടകരുടെയും ജനപ്രതിനിധികളുടെയും യോഗം പോലിസ് സ്റ്റേഷന്‍ തലത്തിലും സര്‍ക്കിള്‍തലത്തിലും സബ്ഡിവിഷന്‍ തലത്തിലും വിളിച്ചിരുന്നു. റൂട്ടും സമയക്രമവും തീരുമാനിച്ചതിനു ശേഷമേ ഘോഷയാത്രകള്‍ക്ക് പോലിസ് അന്തിമാനുമതി നല്‍കൂ. സിപിഎം നടത്തുന്ന പരിപാടിക്കായി ശോഭായാത്രയുടെ സമയവും റൂട്ടും മാറ്റാനുള്ള പോലിസ് ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സംഘപരിവാരം. എന്നാല്‍, മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും മതവിശ്വാസത്തിന്റെ പേരുപറഞ്ഞ് അന്യമതവിദ്വേഷം പ്രചരിപ്പിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും സിപിഎം നേതൃത്വം അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss