|    Oct 20 Sat, 2018 4:08 am
FLASH NEWS

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സംഘര്‍ഷ സാധ്യത : സിപിഎം, ആര്‍എസ്എസ് ഘോഷയാത്രകള്‍ക്ക് കടുത്ത നിയന്ത്രണം

Published : 9th September 2017 | Posted By: fsq

 

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി നാളില്‍ ബിജെപി-ആര്‍എസ്എസ്, സിപിഎം പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സംഘടനകള്‍ നടത്തുന്ന ഘോഷയാത്രകള്‍ക്കു പോലിസിന്റെ കടുത്ത നിയന്ത്രണം. സംഘര്‍ഷ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രവും സുരക്ഷയുമൊരുക്കാന്‍ പോലിസ് ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ ബാലസംഘടനയായ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ 300 കോന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അതേസമയം, സിപിഎമ്മിന്റെ നേതൃത്വത്തില്‍ ‘മഹദ് ജന്‍മങ്ങള്‍ മാനവ നന്‍മയ്ക്ക്’ എന്ന സന്ദേശത്തില്‍ അയ്യങ്കാളി, ചട്ടമ്പി ജയന്തി ആഘോഷ സമാപനത്തിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി സിപിഎം ഇതേദിവസം ഘോഷയാത്രകള്‍ നടത്തുന്നുണ്ട്. മതാഘോഷത്തെ ആര്‍എസ്എസുകാര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഇതേ ദിവസം റാലി നടത്താന്‍ സിപിഎം തീരുമാനിച്ചത്. രണ്ടുവര്‍ഷം മുമ്പ് ഓണാഘോഷ സമാപനം എന്ന പേരിലും കഴിഞ്ഞ വര്‍ഷവും ഇത്തവണയും സാംസ്‌കാരിക ഘോഷയാത്ര എന്ന നിലയിലുമാണ് പരിപാടി നടത്തുന്നത്. ബാലഗോകുലം സംഘപരിവാര സംഘടനയാണെന്നറിയാതെ ഹൈന്ദവാഘോഷമെന്ന നിലയില്‍ വിവിധ പാര്‍ട്ടികളില്‍പെട്ട ഹിന്ദുമത വിശ്വാസികള്‍ ശോഭായാത്രയില്‍ പങ്കെടുക്കുന്നത് തടയുക എന്നതാണു സിപിഎം ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ സിപിഎം ആര്‍എസ്എസ് വഴിയേ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നെങ്കിലും ആര്‍എസ്എസ് ഘോഷയാത്രയില്‍ ജനപങ്കാളിത്തം കുറഞ്ഞതോടെ സംസ്ഥാന വ്യാപകമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഗണേശോല്‍സവ നാളിലും സംഘര്‍ഷമുണ്ടായ കണ്ണൂരില്‍ ഇക്കുറി സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ടാണ് പോലിസ് കനത്ത സന്നാഹമൊരുക്കുന്നത്. ബിജെപി-ആര്‍എസ്എസ്, സിപിഎം പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രകളും മറ്റു പരിപാടികളും സുഗമമായി നടത്താനാണു നിയന്ത്രണമെന്നാണ് പോലിസ് വാദം. ഇതിന്റെ ഭാഗമായി സംഘാടകരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും യോഗം പോലിസ് സ്റ്റേഷന്‍ തലത്തിലും സര്‍ക്കിള്‍ തലത്തിലും സബ് ഡിവിഷന്‍ തലത്തിലും വിളിച്ചുചേര്‍ക്കും. അതിനുശേഷമേ പരിപാടികളുടെ റൂട്ടും സമയക്രമവും തീരുമാനിക്കൂവെന്ന് ജില്ലാപോലിസ് മേധാവി ശിവവിക്രം അറിയിച്ചു. തുടര്‍ന്നായിരിക്കും ഘോഷയാത്രക്ക്് അനുമതി നല്‍കുക. ഇതോടനുബന്ധിച്ച് ഒരുക്കുന്ന അലങ്കാരങ്ങളും തോരണങ്ങളും ബാനറുകളും അനുവദിക്കപ്പെട്ട സ്ഥലത്ത് മാത്രം രാത്രി എട്ടിനകം ചെയ്തുതീര്‍ക്കണം. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലെ ഘോഷയാത്രകള്‍ വീഡിയോ കവറേജ് ചെയ്യും. പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളോ അവഹേളിക്കുന്ന പ്ലോട്ടുകളോ ഉള്‍പ്പെടുത്താന്‍ പാടില്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയെടുക്കും. ലോറി, പിക്കപ്പ് ജീപ്പ്, ഗുഡ്‌സ് ഓട്ടോ എന്നീ വാഹനങ്ങളുടെ മുകളില്‍ ആളുകള്‍ കയറി നിന്ന് കൊടികള്‍ വീശാനോ നൃത്തം ചെയ്യാനോ പാടില്ല. അതുപോലെ ഇരുചക്ര വാഹനങ്ങള്‍ വലിയ കൊടികളുമായി ഘോഷയാത്രയെ അനുഗമിക്കാനും അനുവദിക്കില്ല. ഘോഷയാത്ര കടന്നുപോവുന്ന സമയത്ത് റൂട്ടുകളില്‍ വാഹനനിയന്ത്രണം ഉണ്ടായിരിക്കുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss