|    Jul 20 Fri, 2018 5:35 pm
FLASH NEWS

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നിറവില്‍ ഗുരുവായൂര്‍

Published : 13th September 2017 | Posted By: fsq

 

കെ വിജയന്‍മേനോന്‍

ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ നിറവില്‍ ഗുരുവായൂര്‍ ക്ഷേത്രം. ശ്രീകൃഷ്ണന്റെ ജന്മദിനമായ ഇന്നലെ പിറന്നാള്‍ കണ്ണനെ കാണാന്‍ ആയിരങ്ങളാണ് ഗുരുപവനപുരിയിലേക്ക് ഇടതടവില്ലാതെ ഒഴുകിയെത്തിയത്. രാവിലെയും, ഉച്ചക്കും ഗജരത്‌നം പത്മനാഭന്‍ ഭഗവാന്റെ തങ്കതിടമ്പ് സ്വര്‍ണ്ണകോലത്തിലേറ്റിയ കാഴ്ച്ചശീവേലിക്ക് കൊമ്പന്മാരായ ചെന്താമരാക്ഷനും, അച്ച്യുതനും പറ്റാനകളായി. പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തിലുള്ള മേളപെരുക്കം ക്ഷേത്രത്തില്‍ ഉല്‍സവ പ്രതീതി തീര്‍ത്തപ്പോള്‍, ഭക്തിയുടെ നിറവില്‍ വാതാലയേശന്റെ അകത്തളം അക്ഷരാര്‍ദ്ധത്തില്‍ അലിഞ്ഞുചേര്‍ന്നു. രാത്രിനടന്ന കാഴ്ച്ചശീവേലിക്ക് വലിയകേശവന്‍ സ്വര്‍ണ്ണകോലത്തില്‍ ഭഗവാന്റെ തങ്കതിടമ്പേറ്റി. രാവിലെ ഭഗവത് ദര്‍ശനം കഴിഞ്ഞെത്തിയ ഭക്തജനങ്ങള്‍ക്ക് വിഭവസമൃദ്ധമായ സദ്യയാണ് ദേവസ്വം ഒരുക്കിയിരുന്നത്. മുപ്പതിനായിരത്തോളം ഭക്തര്‍ രണ്ട് സ്ഥലങ്ങളിലായി ഭഗവാന്റെ പിറന്നാള്‍ സദ്യയില്‍ സന്തോഷപൂര്‍വ്വം പങ്കുകൊണ്ടു. അഷ്ടമിരോഹിണിയോടനുബന്ധിച്ച് രാവിലെ നെന്മിനി ബലരാമക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂരിലേക്ക് ശോഭയാത്രയും, മൂന്നാനകളോടുകൂടിയുള്ള എഴുന്നെള്ളത്തും, പെരുന്തട്ട ക്ഷേത്രത്തില്‍ നിന്ന് അഷ്ടമിരോഹിണി ഘോഷയാത്രയും അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വൈകീട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍ പീതാംബരകുറുപ്പിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ: എം ലീലാവതിയെ ചടങ്ങില്‍ പൊന്നാടചാര്‍ത്തി ആദരിച്ചു. ക്ഷേത്രകലകളെ പരിപോഷിപ്പിക്കുന്നതിനായി ഗുരുവായൂര്‍ ദേവസ്വം നല്‍കി വരുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌ക്കാരം, പ്രശസ്ത മേളകലാകാരന്‍ വെള്ളിത്തിരുത്തി ഉണ്ണിനായര്‍ക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേര്‍ സി സി ശശിധരന്‍ ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ കുഞ്ഞുണ്ണി, അഡ്വ: കെ ഗോപിനാഥന്‍, അഡ്വ: എ സുരേശന്‍, സി അശോകന്‍, പി കെ സുധാകരന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss